IndiaLatest

കര്‍ഷക സമരം മൂന്ന് മാസം പിന്നിടുന്നു

“Manju”

ദില്ലി: രാജ്യ തലസ്ഥാനത്ത് സമരം ശക്തിപ്പെടുത്താന്‍ കര്‍ഷകരുടെ തീരുമാനം. വെള്ളിയാഴ്ച കാര്‍ഷിക മന്ത്രാലയം ഉപരോധിക്കുമെന്ന് കിസാന്‍ കോണ്‍ഗ്രസ് അറിയിച്ചു. കര്‍ഷകര്‍ വിവാദ നിയമങ്ങള്‍ക്കെതിരെ സമരം തുടങ്ങി മൂന്ന് മാസം പിന്നിടുന്ന സാഹചര്യത്തിലാണ് ഉപരോധം. നിലവില്‍ ദില്ലി അതിര്‍ത്തിയിലാണ് കര്‍ഷകരുടെ സമരം. ഗാസിയാബാദ്, തിക്രി, സിംഘു എന്നിവിടങ്ങളില്‍ മൂന്ന് മാസമായി സമരം തുടരുകയാണ്.

കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ പിന്‍വലിക്കില്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം, സമരം ശക്തമാക്കാനുള്ള കര്‍ഷകരുടെ തീരുമാനത്തിന് പിന്നാലെ കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ അറിയിച്ചു. കൃഷിമന്ത്രിയെയും കാര്‍ഷിക മന്ത്രാലയത്തെയും ഉപരോധിക്കാനാണ് തീരുമാനം എന്ന് കിസാന്‍ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ സുരേന്ദ്ര സോളങ്കി പറഞ്ഞു. കര്‍ഷകര്‍ മൂന്ന് മാസമായി സമരം നടത്തുന്നു. ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ സമരക്കാരെ അവഗണിക്കുകയാണ്. തിക്രി അതിര്‍ത്തിയിലാണ് കിസാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരം ചെയ്യുന്നത്. മൂന്ന് മാസത്തിനിടെ 200ലധികം കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടമായി എന്നും അദ്ദേഹം പഞ്ഞു.

നേരത്തെ 11 തവണ കര്‍ഷകരും കേന്ദ്രസര്‍ക്കാരും തമ്മില്‍ ചര്‍ച്ച നടന്നിരുന്നു എങ്കിലും പരിഹാരമായിരുന്നില്ല. ഇപ്പോള്‍ വീണ്ടും ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, വിവാദ നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ലെങ്കില്‍ കര്‍ഷകര്‍ പാര്‍ലമെന്റ് ഉപരോധിക്കുമെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് മുന്നറിയിപ്പ് നല്‍കി. രാജസ്ഥാനിലെ സിക്കാറില്‍ കിസാന്‍ മഹാ പഞ്ചായത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

Related Articles

Back to top button