KeralaLatest

സുരക്ഷിത കൃഷിക്ക് വിജയ മാതൃകയായി കൊല്ലം ജില്ല

“Manju”

കൊല്ലം: സംസ്ഥാനത്ത് ആദ്യമായി ഇന്‍ഡ് ഗ്യാപ് സ്റ്റാന്‍ഡേര്‍ഡ് (ഇന്ത്യ ഗുഡ് അഗ്രികള്‍ച്ചറല്‍ പ്രാക്ടീസ്) കൃഷിയുടെ വിജയ മാതൃക തീര്‍ത്ത് കൊല്ലം ജില്ല. സുരക്ഷിത കൃഷി രീതിയിലൂടെ മികവ് ഉറപ്പാക്കുന്ന പദ്ധതി നബാര്‍ഡ് ധനസഹായത്തോടെയാണ് നടപ്പിലാക്കുന്നത്. മണ്ണ്, ജലം, ജൈവ സമ്പത്ത് സംരക്ഷിച്ചു കൊണ്ടുള്ള കൃത്യതയാര്‍ന്ന കൃഷിരീതിയാണിത്. പദ്ധതിയില്‍ ഉള്‍പ്പെടുന്ന എല്ലാ കര്‍ഷകരുടെയും മണ്ണ് പരിശോധിച്ചതിനു ശേഷമാണ് കൃഷി തുടങ്ങിയത്. പരിശോധനാഫലം അടിസ്ഥാനമാക്കി മണ്ണിന് ആവശ്യമായ മൂലകങ്ങള്‍ ചേര്‍ത്ത് വിളവിന്റെ മികവ് ഉറപ്പാക്കുന്നു. വളര്‍ച്ചയുടെ ഒരോ അവസ്ഥയ്ക്കും അനുസൃതമായിട്ടാണ് വളങ്ങളുടെ പ്രയോഗം. പരമാവധി ജൈവ വളങ്ങളാണ് ഉപയോഗിക്കുന്നത്. ജൈവ കിടനാശിനിയാണ് പ്രയോഗിക്കുന്നതും.

തിരഞ്ഞെടുത്ത 300 കര്‍ഷകര്‍ക്ക് പുതുരീതി സംബന്ധിച്ച്‌ പ്രത്യേക പരിശീലനം നല്‍കി. കേരള ബാങ്ക് വഴി കുറഞ്ഞ പലിശ നിരക്കില്‍ വായ്പയും ലഭ്യമാക്കി. വാഴ, കിഴങ്ങു വര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവയാണ് സുരക്ഷിത ഭക്ഷണത്തിനായി വിളയിക്കുന്നത്. പത്തനാപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പാലരുവി ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തിലാണ് പദ്ധതി നിര്‍വഹണം. സാമ്പത്തിക സഹായവും നല്‍കി സുരക്ഷിതത്വവും ഗുണനിലവാരവുമുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് കര്‍ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണുള്ളതെന്ന് ചെയര്‍മാന്‍ അഡ്വ. ബിജു കെ. മാത്യു വ്യക്തമാക്കി.നബാര്‍ഡ് ഉന്നതതല സംഘം കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചു.

ഇഞ്ചക്കാട് ഗ്രാമവിപണി, പാണ്ടിത്തിട്ട, തലവൂര്‍, മഞ്ഞക്കാല പ്രദേശങ്ങളിലെ കര്‍ഷകരുമായി ആശയവിനിമയവും നടത്തി. നബാര്‍ഡ് കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ പ്രതിനിധികള്‍ വിശദീകരിച്ചു. ജില്ലയിലെ മുഴുവന്‍ കര്‍ഷകരെയും സുരക്ഷിത കൃഷിലേക്ക് കൊണ്ട് വരുന്നതിനുള്ള നബാര്‍ഡ് ഉദ്യമത്തിന്റെ ആദ്യ പടിയാണ് ഇവിടെ നടപ്പിലാക്കിയ നൂതന പദ്ധതിയെന്ന് ജനറല്‍ മാനേജര്‍ ആര്‍. ശങ്കര്‍ നാരായണ്‍ പറഞ്ഞു. സി.ഇ.ഒ ജി. ആര്‍. അഖില്‍, ഡി.ഡി.എം.ടി. കെ. പ്രേംകുമാര്‍, പാലരുവി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്ബനി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ എന്‍.എസ്. പ്രസന്നകുമാര്‍, ആര്‍. വിജയന്‍, ഒ. നജീബ് മുഹമ്മദ്, എം.കെ. ശ്രീകുമാര്‍, പി.കെ. ജയപ്രകാശ്, വി.സന്ദീപ്, എന്‍. രാധാകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button