LatestThiruvananthapuram

മലയാളം സര്‍വകലാശാലയുടെ ദര്‍ശന രേഖ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

“Manju”

തിരുവനന്തപുരം ; മലയാളത്തിന്റെ വൈജ്ഞാനിക പദവി ഉറപ്പുവരുത്തുന്നതിനും മലയാളം സര്‍വകലാശാലയെ ബഹുജന വിദ്യാഭ്യാസത്തിനുള്ള കേന്ദ്രമായി ഉയര്‍ത്താന്‍ സഹായിക്കുന്നതുമായ ദര്‍ശനരേഖ വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോളിന്റെ നേതൃത്വത്തില്‍ സര്‍വകലാശാല അധികൃതര്‍ മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു.

ശൈലീപുസ്തക നിര്‍മാണം, പദകോശ നിര്‍മാണം, വിജ്ഞാനകോശ നിര്‍മാണം, പരിഭാഷകളും മൗലിക ഗ്രന്ഥങ്ങളും നിര്‍മിക്കല്‍, ഓണ്‍ലൈന്‍ കോഴ്‌സുകള്‍, ഡിജിറ്റല്‍ മാനവിക വിഷയ പഠന കേന്ദ്രം ആരംഭിക്കല്‍ തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് പ്രധാനമായും ദര്‍ശന രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മലയാളം സര്‍വകലാശാലയില്‍ ഗണിതശാസ്ത്രം, നിയമം തുടങ്ങിയ വിഷയങ്ങളില്‍ ബിരുദാനന്തരബിരുദ കോഴ്‌സ് ആരംഭിക്കുന്നതിനുള്ള അനുമതിയും തേടിയിട്ടുണ്ട്.

പുരാരേഖ വിജ്ഞാനീയം (എപ്പിഗ്രാഫി) പ്രത്യേക കോഴ്‌സായി പഠിപ്പിക്കാനുള്ള സംവിധാനം ആരംഭിക്കണമെന്ന ആവശ്യവും ദര്‍ശനരേഖ മുന്നോട്ടു വച്ചിട്ടുണ്ട്. തഞ്ചാവൂര്‍ തമിഴ് സര്‍വകലാശാലയില്‍ മലയാളം ചെയര്‍ ആരംഭിക്കല്‍, പുതിയ കാമ്പസ് വികസിപ്പിക്കുന്നതിനും കെട്ടിട നിര്‍മാണത്തിനും ആവശ്യമായ ഫണ്ട്, നിലവിലെ പഠനകേന്ദ്രത്തില്‍ 1:2:3 അനുപാതത്തില്‍ അധ്യാപക നിയമനം, അനധ്യാപക നിയമനം ത്വരിതപ്പെടുത്തല്‍ തുടങ്ങിയ ആവശ്യങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

പൈതൃക പഠന കേന്ദ്രം, പൈതൃക മ്യൂസിയം എന്നിവ വിപുലീകരിച്ച്‌ ഡിജിറ്റല്‍ മാനവിക വിഷയ പഠന കേന്ദ്രം ആരംഭിക്കാമെന്നാണ് ദര്‍ശനരേഖയില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇവിടെ കേരളഭാഷ, സംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ ആര്‍ക്കൈവിങും വിശകലനവും നടത്താനാവും. വൈജ്ഞാനിക വിഷയങ്ങളില്‍ താത്പര്യമുള്ളവര്‍ക്കായി ഹ്രസ്വകാല ഓണ്‍ലൈന്‍ കോഴ്‌സുകളാണ് ദര്‍ശനരേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സുപ്രധാന നിര്‍ദ്ദേശങ്ങളിലൊന്ന്.

പരിസ്ഥിതി പഠനം, നിയമസാക്ഷരത, വികസന പഠനം, ചലച്ചിത്രപഠനം, സാഹിത്യ രചനാതന്ത്രം തുടങ്ങിയവയില്‍ ഊന്നിയുള്ള കോഴ്‌സുകളായിരിക്കും. വിവിധ വൈജ്ഞാനിക മേഖലകളില്‍ അടിസ്ഥാന ഗ്രന്ഥങ്ങളും ലേഖനങ്ങളും തയ്യാറാക്കുന്നതിനും ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ പരിഭാഷ ചെയ്യിപ്പിക്കുന്നതിനുമുള്ള ഉദ്യമങ്ങള്‍ ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button