KeralaLatest

പുതുവൈപ്പില്‍ സി എന്‍ ജി പമ്പുകള്‍ സ്ഥാപിക്കുന്നത് പരിഗണനയില്‍: മുഖ്യമന്ത്രി

“Manju”

എറണാകുളം : പെട്രോനെറ്റ് എല്‍എന്‍ജി സ്ഥിതിചെയ്യുന്ന പ്രദേശമെന്ന പരിഗണന നല്‍കി പുതുവൈപ്പില്‍ സി എന്‍ ജി പമ്പുകള്‍ സ്ഥാപിക്കുന്നത് ഇന്ത്യന്‍ ഓയില്‍-അദാനി ഗ്യാസ് കമ്പനിയുടെ പരിഗണനയിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ഗെയ്‌ല്‍ പദ്ധതി സംബന്ധിച്ച കെ എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എയുടെ സബ്‌മിഷനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇതിനായി പ്രദേശത്ത് സര്‍വ്വേ നടത്തേണ്ടതുണ്ട്. ഈ സാമ്പത്തിക വര്‍ഷം പെരുമ്പാവൂര്‍, നോര്‍ത്ത് പറവൂര്‍, വെല്ലിങ്ടണ്‍ ഐലന്‍ഡ്, മറൈന്‍ ഡ്രൈവ് എന്നിവിടങ്ങളില്‍ സി എന്‍ ജി സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ചെറുകിട-വന്‍കിട വ്യവസായങ്ങള്‍ക്ക് പ്രകൃതി വാതകം ലഭ്യമാകുന്നതോടെ ഇന്ധന ചെലവ് വളരെയധികം ലാഭിക്കാനാകുമെന്നത് വ്യവസായ വികസനത്തിന് മുതല്‍ക്കൂട്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവും വിലകുറഞ്ഞതും സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ പ്രകൃതിവാതകം ഊര്‍ജ്ജക്ഷമതയിലും ഏറെ മികച്ചുനില്‍ക്കുന്നു. ഈ പശ്ചാത്തലത്തില്‍ പെട്രോനെറ്റ് എല്‍ എന്‍ ജി ലിമിറ്റഡിന്റെ ആതിഥേയരായ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് അതിന്റെ ഗുണഫലം അനുഭവിക്കുന്ന സാഹചര്യമൊരുക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കെ എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ നിയമസഭയില്‍ ആവശ്യപ്പെട്ടു.

കൊച്ചി-കൂറ്റനാട്-ബാംഗ്ലൂര്‍-മംഗ്ലൂര്‍ ഗെയ്ല്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ പദ്ധതി രണ്ട് ഘട്ടങ്ങളായി സംസ്ഥാനത്ത് നടപ്പിലാക്കിയതോടെ സംസ്ഥാനത്തിന്റെ വ്യാവസായിക കുതിപ്പിന് ഉത്തേജനം നല്‍കാനായെന്നു മുഖ്യമന്ത്രി പറഞ്ഞു. പ്രകൃതിവാതക പൈപ്പ് ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളില്‍ ചെറുകിട വ്യവസായങ്ങള്‍, വാഹനങ്ങള്‍ എന്നിവയ്ക്കുള്ള ഇന്ധനം വിതരണം ചെയ്യാനാകും.

പൈപ്പ് ലൈന്‍ ശൃംഖല സ്ഥാപിക്കേണ്ട ചുമതല ഇന്ത്യന്‍ ഓയില്‍-അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിനാണ്. സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി 11 ജില്ലകളില്‍ ഗാര്‍ഹിക – വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ഗ്യാസ് കണക്ഷന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ട്. നിലവില്‍ 3,761 ഗാര്‍ഹിക ഗ്യാസ് കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്. 2022 മാര്‍ച്ചോടെ 54,000 ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Back to top button