IndiaLatest

ഒളിമ്പിക് റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതി ഇന്ത്യ

“Manju”

ന്യൂഡല്‍ഹി: ഒളിമ്പിക് റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കുന്ന പ്രകടനവുമായി ടോക്കിയോയില്‍ കളം നിറഞ്ഞ് ഇന്ത്യന്‍ താരങ്ങള്‍. ജാവലിന്‍ ത്രോയിലെ നീരജ് ചോപ്രയുടെ സ്വര്‍ണ മെഡല്‍ നേട്ടത്തോടെ ടോക്കിയോയില്‍ ഇന്ത്യ നേടിയ മെഡലുകളുടെ എണ്ണം 7 ആയി. 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ നേടിയ 6 മെഡലുകള്‍ എന്ന നേട്ടമാണ് ടോക്കിയോയില്‍ പഴങ്കഥയായത്.

49 കിലോ ഗ്രാം ഭാരോദ്വഹനത്തില്‍ മീരാ ഭായ് ചാനുവാണ് ഇന്ത്യയുടെ മെഡല്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. 26കാരിയായ മീരാ ഭായ് ചാനു രാജ്യത്തിന് വേണ്ടി വെള്ളി മെഡലാണ് കരസ്ഥമാക്കിയത്. ബോക്‌സിംഗിലൂടെ ലവ്‌ലിനയും ബാഡ്മിന്റണില്‍ പി.വി സിന്ധുവും വെങ്കലം നേടി. പുരുഷന്‍മാരുടെ 65 കിലോ ഗ്രാം ഗുസ്തിയില്‍ ബജ്‌റംഗ് പൂനിയ വെങ്കലം നേടിയപ്പോള്‍ 57 കിലോ ഗ്രാം വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടി രവികുമാര്‍ ദഹിയ ഇന്ത്യയുടെ അഭിമാനമായി.

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് പുരുഷ ഹോക്കിയില്‍ ടീം ഇന്ത്യ വെങ്കല മെഡല്‍ കരസ്ഥമാക്കി. മലയാളി താരം പി.ആര്‍ ശ്രീജേഷിന്റെ മികവിലാണ് ഹോക്കിയിലെ മെഡല്‍ വരള്‍ച്ചയ്ക്ക് ഇന്ത്യ അവസാനം കുറിച്ചത്. ഏറ്റവും ഒടുവിലായി ജാവലിന്‍ ത്രോയില്‍ രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയ നീരജ് ചോപ്ര സ്വര്‍ണം നേടിയാണ് പട്ടിക പൂര്‍ത്തിയാക്കിയത്. ഒളിമ്പിക്സ് ചരിത്രത്തില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമെന്ന സവിശേഷതയും ഇതിന് ഉണ്ടായിരുന്നു. ഗോള്‍ഫില്‍ നാലാം സ്ഥാനത്ത് എത്തിയ അദിതി അശോകും ഷൂട്ടിംഗില്‍ ഫൈനല്‍ പ്രവേശനം നേടിയ സൗരഭ് ചൗധരിയും ഹോക്കിയിലെ പെണ്‍കരുത്തും ഇന്ത്യയുടെ ഭാവി ശോഭനമാക്കും എന്നതില്‍ സംശയമില്ല.

Related Articles

Back to top button