KeralaLatest

ഇന്ന് ഉത്രാടം; തിരുവോണത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പില്‍ മലയാളികള്‍

“Manju”

ഇന്ന് ഉത്രാടം… കൊറോണ മഹാമാരിക്കിടയിലും വലിയ ആഘോഷമില്ലാതെ മാസ്കിട്ട് ഗ്യാപ്പിട്ട് കേരളം ഓണത്തെ വരവേല്‍ക്കുകയാണ്. തിരുവോണത്തിനായുള്ള അവസാനവട്ട ഒരുക്കമായ ഊത്രാടപാച്ചിലിന്റെ തിരക്കിലായിരിക്കും ഇന്ന് മലയാളികള്‍.

ഓണത്തെ വരവേല്‍ക്കാന്‍ വിപണികളെല്ലാം സജീവമായി കഴിഞ്ഞു. ഇതിനിടയിലും കൊവിഡ് രോഗവ്യാപനം രൂക്ഷമാകാതിരിക്കാന്‍ പരിശോധനകള്‍ കര്‍ശനമാക്കിയിരിക്കുകയാണ് പൊലീസും ആരോഗ്യവകുപ്പും. അടച്ചിടല്‍ പൂര്‍ണ്ണമായും ഒഴിവാക്കിയതോടെ കമ്പോളത്തിലേക്ക് ആളുകള്‍ ഒഴുകിയെത്തുന്നുണ്ട്. ഉത്രാട പാച്ചിലിന്റെ പഴയ പെരുമയൊന്നും ഇല്ലെങ്കിലും വിപണിയില്‍ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണുന്നു. ശരിക്കും പറഞ്ഞാല്‍ ഉത്സവ സീസണിന്റെ ആഘോഷപ്പെരുമ പൊതുവിപണിയെയും ഉണര്‍ത്തിയിട്ടുണ്ട്. ഇത്തവണയും കൊവിഡ് നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് ആറന്മുളയില്‍ ഉത്രട്ടാതി വള്ളംകളിയില്ല.

മൂന്ന് പള്ളിയോടങ്ങള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. പന്ത്രണ്ട് പള്ളിയോടങ്ങളെ പങ്കെടുപ്പിക്കണമെന്ന പള്ളിയോട സേവാ സംഘത്തിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളുകയായിരുന്നു. ഇതിനിടയില്‍ കാട്ടൂര്‍ ക്ഷേത്രത്തില്‍ നിന്ന് ഓണവിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് രാത്രിയോടെ ആറന്മുളയിലേക്ക് പുറപ്പെടും.

ഇന്ന് ഉത്രാടമായതിനാല്‍ വിപണിയിലെ തിരക്ക് ഒന്നുകൂടി കൂടും എന്ന കാര്യത്തില്‍ സംശയമില്ല. അത്തം തുടങ്ങുമ്പോള്‍ മുതല്‍ മലയാളികള്‍ കാത്തിരിക്കുന്നത് തിരുവോണ ദിനത്തിനായിട്ടാണ്. ‘കാണം വിറ്റും ഓണം ഉണ്ണണം’ എന്നാണല്ലോ ചൊല്ല്. സാഹചര്യങ്ങള്‍ക്ക് എന്തൊക്കെ മാറ്റമുണ്ടായാലും മലയാളിയുടെ ഗൃഹാതുരമായ ഓണത്തിനും ഓണാഘോഷത്തിനും അല്‍പംപോലും പൊലിമ നഷ്ടപ്പെട്ടിട്ടില്ല. നാളെ തിരുവോണത്തെ വരവേല്‍ക്കാന്‍ നമുക്ക് കാത്തിരിക്കാം.

Related Articles

Back to top button