IndiaLatest

യുവാക്കളും പുതുമുഖങ്ങളുമായി ഡിസിസി പട്ടിക

“Manju”

ഡി.സി.സി. അധ്യക്ഷന്‍മാരെല്ലാം പുതുമുഖങ്ങള്‍ | Congress DCC presidents

തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടികയില്‍ പുതുമുഖങ്ങളും പരിചയ സമ്പന്നരും ഗ്രൂപ്പു പ്രാതിനിധ്യവും സാമുദായിക പരിഗണനയുമെല്ലാം ചേര്‍ന്നതോടെ സമ്മിശ്ര പ്രതികരണം. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഡിസിസി പ്രസിഡന്റായി മലപ്പുറത്തെ വിഎസ് വന്നതും ശ്രദ്ധേയമായി. മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായത്തിന് ചെവി കൊടുത്തതോടെ അവരുടെ പരാതികളും ഇത്തവണ കുറയുമെന്ന് ഉറപ്പാണ്.
കോട്ടയത്തെ വാശി വിട്ടുകളഞ്ഞ് തിരുവനന്തപുരത്ത് പാലോട് രവിക്കായി ഉമ്മന്‍ചാണ്ടി രംഗത്തുവന്നതോടെ നാട്ടകം സുരേഷ് കോട്ടയത്ത് പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ചു. കോട്ടയത്ത് ജനകീയതയുള്ള യുവ നേതാവാണ് നാട്ടകം സുരേഷ്. ഇടുക്കിയില്‍ വലിയ എതിര്‍പ്പുയര്‍ന്ന അഡ്വ. അശോകന് പകരക്കാരനായി സിപി മാത്യുവന്നതും പ്രവര്‍ത്തക വികാരത്തിന് ഒപ്പമെന്ന സന്ദേശം നല്‍കും.
ആലപ്പുഴയില്‍ അവസാന നിമിഷം രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായ ബാബുപ്രസാദിന് തന്നെ അവസരം കിട്ടിയത് ചെന്നിത്തലയ്ക്കും നേട്ടമായി. താരിഖ് അന്‍വര്‍ ചെന്നിത്തലയുമായി സംസാരിച്ചതോടെയാണ് അദ്ദേഹം ആലപ്പുഴയൊഴികെ മുമ്പ് പറഞ്ഞ എല്ലായിടത്തും അവകാശവാദം പിന്‍വലിച്ചത്. കൊല്ലത്ത് ആദ്യം മുതല്‍ വാശിപിടിച്ചു നിന്ന കൊടിക്കുന്നിലിന്റെ നോമിനിയാണ് പി രാജേന്ദ്രപ്രസാദ്.
യുവാക്കള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം കൊടുക്കാന്‍ കഴിഞ്ഞുവെന്നത് നേട്ടമായി. വിഎസ് ജോയിയും പികെ ഫൈസലും പ്രവീണ്‍കുമാറിനുമൊക്കെ മികവ് തെളിയിക്കാനായാല്‍ ഈ ജില്ലകളില്‍ പാര്‍ട്ടിക്ക് നില മെച്ചപ്പെടുത്താനാകുമെന്ന് ഉറപ്പാണ്. കണ്ണൂരില്‍ മാര്‍ട്ടിന്‍ ജോര്‍ജും എറണാകുളത്ത് മുഹമ്മദ് ഷിയാസും വന്നത് ഗ്രൂപ്പു വ്യത്യാസമില്ലാതെ എല്ലാവരും സ്വാഗതം ചെയ്തു കഴിഞ്ഞു.
പാലക്കാട് കോണ്‍ഗ്രസിന്റെ പാരമ്പര്യമുള്ള നേതാവ് തന്നെയാണ് എ തങ്കപ്പന്‍. പ്രാദേശിക തലത്തില്‍ പ്രവര്‍ത്തകരുമായുള്ള തങ്കപ്പന്‍ മുന്‍നിരയിലേക്ക് വരുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യും. മികച്ച സംഘാടകനെന്ന നിലയില്‍ തൃശൂരില്‍ ജോസ് വള്ളൂരും ഗുണകരമാകുമെന്നാണ് പ്രവര്‍ത്തക പ്രതീക്ഷ.
പത്തനംതിട്ടയിലെ മുതിര്‍ന്ന നേതാവാണ് സതീഷ് കൊച്ചുപറമ്പില്‍. പട്ടികയില്‍ ചില അതൃപ്തി പറഞ്ഞു കേള്‍ക്കുന്നത് തിരുവനന്തപുരത്ത് പാലോട് രവിക്കെതിരെയും കൊല്ലത്ത് രാജേന്ദ്ര പ്രസാദിനെതിരെയും മാത്രമാണ്. പക്ഷേ ഇരുവരും പ്രവര്‍ത്തക പിന്തുണയുള്ള നേതാക്കളാണ്.

Related Articles

Back to top button