LatestThiruvananthapuram

പോളിടെക്നിക് കോളേജുകളില്‍ ന്യൂ ജനറേഷന്‍ കോഴ്സുകള്‍ തുടങ്ങും: മന്ത്രി ഡോ. ആര്‍ ബിന്ദു

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ പോളിടെക്നിക് കോളേജുകളില്‍ കൂടുതല്‍ ന്യൂ ജനറേഷന്‍ കോഴ്‌സുകള്‍ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. പാലക്കാട് പോളിടെക്നിക് കോളേജിലെ സിവില്‍ എന്‍ജിനിയറിംഗ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മട്ടന്നൂര്‍ പോളിടെക്നിക് കോളേജിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ രണ്ടാംനിലയുടെ ഉദ്ഘാടനവും ഓണ്‍ലൈനില്‍ ഇതോടൊപ്പം മന്ത്രി നിര്‍വഹിച്ചു.

സാങ്കേതികവിദ്യയില്‍ ലോകമാകെ വലിയ കുതിപ്പുകള്‍ ഉണ്ടാവുകയാണ്. അനുദിനം വികസിക്കുന്ന വിജ്ഞാന ചക്രവാളത്തിലേക്ക് നമ്മുടെ കുട്ടികള്‍ക്കും കടന്നുചെല്ലാന്‍ കഴിയണം. മാറിവരുന്ന അറിവുകള്‍ സ്വാംശീകരിച്ച്‌ നാടിന്റെ ആവശ്യങ്ങള്‍ക്ക് ഇണങ്ങുന്ന വിധത്തിലാക്കുന്ന കോഴ്സുകളാണ് ഉണ്ടാവുക. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ നവീന കോഴ്സുകള്‍ ഇതിനായി തുടങ്ങും.

സാങ്കേതികവിദ്യാസ്ഥാപനങ്ങളോട് ചേര്‍ന്ന് ചെറുകിട ഉത്പാദനകേന്ദ്രങ്ങള്‍ തുറക്കും. പഠിതാക്കളുടെ പരിശീലനം ഇവിടെ നിന്നാക്കും. വ്യവസായ സ്ഥാപനങ്ങളോട് സഹകരിച്ചുള്ള സാങ്കേതികവിദ്യ കോഴ്‌സുകളും പരിഗണനയിലുണ്ട്. സാങ്കേതികവിദ്യാപഠനം കഴിഞ്ഞ് വിദേശരാജ്യങ്ങളില്‍ ജോലി തേടുന്നതാണ് ഇന്ന് പൊതുപ്രവണത. പഠനം കഴിഞ്ഞിറങ്ങുന്നവരുടെ ബുദ്ധിശേഷിയും ആര്‍ജ്ജിത കഴിവുകളും കേരളസമ്പദ്ഘടനയുടെ വികാസത്തിന് ഉപയോഗപ്പെടുത്താനാണ് സര്‍ക്കാരിന്റെ ശ്രമം. മട്ടന്നൂര്‍ പോളിടെക്നിക്ക് കോളേജില്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സാമീപ്യം വലിയ അവസരം തുറന്നുകൊടുക്കും. അത് പ്രയോജനപ്പെടുത്താന്‍ സര്‍ക്കാരിന്റെയും ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും എല്ലാ സഹായവും ഉണ്ടാവുമെന്ന് മന്ത്രി പറഞ്ഞു.

Related Articles

Back to top button