KeralaKollamLatest

കടല്‍ക്ഷോഭം രൂക്ഷം; അന്യസംസ്ഥാന ബോട്ടുകള്‍ കൊല്ലം തീരത്ത്

“Manju”

ശ്രീജ.എസ്

കൊല്ലം : കടല്‍ക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് നിരവധി അന്യസംസ്ഥാന ബോട്ടുകള്‍ കൊല്ലം തീരത്ത് അടുപ്പിച്ചു. കര്‍ണാടക, തമിഴ്നാട്, ലക്ഷദ്വീപ് സംസ്ഥാനങ്ങളിലെ 28 ബോട്ടുകള്‍ കൊല്ലം ഹാര്‍ബറിലും തമിഴ്നാട് രജിസ്ട്രേഷനിലുള്ള രണ്ട് ബോട്ടുകള്‍ നീണ്ടകര ഹാര്‍ബറിലുമാണ് അടുപ്പിച്ചത്. ഇത്രയും ബോട്ടുകളിലായി ഏകദേശം 250ലേറെ തൊഴിലാളികളുണ്ട്. കോവിഡ് പടരുന്ന പശ്ചാത്തലത്തില്‍ കര്‍ശന നിബന്ധനകളോടെയാണ് ബോട്ടുകള്‍ അടുപ്പിച്ചത്. തൊഴിലാളികള്‍ ഒരുകാരണവശാലും ബോട്ടിനു പുറത്തിറങ്ങരുതെന്ന് കോസ്റ്റല്‍ പൊലീസ് കര്‍ശന നിര്‍ദേശം നല്‍കി. ദര്‍ശന, യോദ്ധ ബോട്ടുകള്‍ വഴി തൊഴിലാളികളെ നിരീക്ഷിക്കുന്നുണ്ട്.

ഉള്‍ക്കടലിലുള്ള എല്ലാ ബോട്ടുകളും സുരക്ഷയുടെ ഭാഗമായി കൊല്ലം തീരത്തേക്ക് അടുപ്പിക്കാന്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് കര്‍ശന നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് കൂടുതല്‍ ബോട്ടുകള്‍ എത്തിയത്. ബോട്ടുകള്‍ ആങ്കറിട്ട് ഒഴുക്ക് തടയുകയായിരുന്നു.

കേരളം ഒഴികെ മറ്റു സംസ്ഥാനങ്ങളിലെ ബോട്ടുകള്‍ക്ക് കൊല്ലം ഹാര്‍ബറില്‍ അടുപ്പിക്കാന്‍ അനുവാദമില്ല. എന്നാല്‍, തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത് മറൈന്‍ എന്‍ഫോഴ്സ്മെന്റും കോസ്റ്റല്‍ പൊലീസും ഫിഷറീസ് ഉദ്യോഗസ്ഥരും ചര്‍ച്ചനടത്തി ഇതരസംസ്ഥാന ബോട്ടുകള്‍ക്ക് ആവശ്യമായി സഹായം ഒരുക്കുകയായിരുന്നു. തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവും കോസ്റ്റല് പൊലീസ് എത്തിച്ചു. ബോട്ടുകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഏറ്റവും കൂടുതല്‍ ബോട്ടുകള്‍ കര്‍ണാടകത്തില്‍നിന്നുള്ളതാണ്.

Related Articles

Back to top button