IndiaLatest

കെഎംഎംഎല്‍-ല്‍ പൂര്‍ത്തിയായ രണ്ട് പദ്ധതികളുടെ ഉദ്ഘാടനം നാളെ

“Manju”

എറണാകുളം: സര്‍ക്കാരിന്റെ 100 ദിന പദ്ധതിയുടെ ഭാഗമായി കെഎംഎംഎല്‍-ല്‍ പൂര്‍ത്തിയായ രണ്ട് പദ്ധതികളുടെ ഉദ്ഘാടനം നാളെ നടക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ആരോഗ്യ മേഖലയ്ക്ക് വിതരണം ചെയ്യുന്ന ദ്രവീകൃത ഓക്സിജന്‍ ഉല്‍പാദന ശേഷി ദിനം പ്രതി 7 ടണ്ണില്‍ നിന്ന് 10 ടണ്ണായി വര്‍ദ്ധിപ്പിച്ച പദ്ധതിയും കമ്ബനിയുടെ യൂണിറ്റ് 400ല്‍ കമ്മീഷന്‍ ചെയ്ത ഹോട്ട് ബാഗ് ഫില്‍ട്ടര്‍ സംവിധാനവുമാണ് ഉദ്ഘാടനം ചെയ്യുന്നതെന്ന് മന്ത്രി അറിയിച്ചു.
1984ല്‍ കമ്മീഷന്‍ ചെയ്ത, ദിനംപ്രതി 50 ടണ്‍ ഓക്സിജന്‍ ഉല്‍പാദന ശേഷിയുള്ള ഓക്സിജന്‍ പ്ലാന്റ് കാലഴപ്പക്കത്തെ തുടര്‍ന്ന് ഉല്‍പാദന ശേഷി 33 ടണ്ണായി കുറഞ്ഞ സാഹചര്യത്തിലാണ് 2020 ഒക്ടോബറില്‍ 50 കോടി രൂപ ചെലവില്‍ 70 ടണ്‍ ശേഷിയുള്ള ആധുനിക ഓക്സിജന്‍ പ്ലാന്റ് സ്ഥാപിച്ചത്. കമ്ബനിയിലെ പ്രധാന ഉല്‍പന്നമായ ടൈറ്റാനിയം ഡയോക്സൈഡ് പിഗ്മന്റ് നിര്‍മ്മാണ പ്രക്രിയക്കാണ് ഓക്സിജന്‍ ഉപയോഗിക്കുന്നത്.
വാതക ഓക്സിജന് ഒപ്പം 7 ടണ്‍ ദ്രവീകൃത ഓക്സിജനും ഈ പ്ലാന്റില്‍ നിന്ന് ലഭ്യമായി. ഇത് പെസോ അംഗീകാരമുള്ള കമ്ബനികള്‍ വഴി ആരോഗ്യ മേഖലയ്ക്ക് നല്‍കിവരികയാണ്. നിലവില്‍ കൊവിഡ് രൂക്ഷമാവുകയും ഓക്സിജന്റെ ആവശ്യകത കൂടി വരികയും ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യമേഖലയിലേക്ക് ആവശ്യമായ ഒക്സിജന്‍ ഉല്‍പാദനം കൂട്ടാന്‍ തീരുമാനിച്ചത്. തുടര്‍ന്ന പ്ലാന്റ് സ്ഥാപിച്ച ജര്‍മനിയിലെ ലിന്‍ഡ എന്ന കമ്ബനിയുമായി കെ.എം.എം.എല്‍ ബന്ധപ്പെടുകയായിരുന്നു. പ്ലാന്റില്‍ വരുത്തിയ സാങ്കേതിക മാറ്റത്തിലൂടെ ദ്രവീകൃത ഓക്സിജന്റെ ഉല്‍പാദന ശേഷി 10 ടണ്ണായി ഉയര്‍ത്താനായി. 3.3 കോടി രൂപ ചെലവിലാണ് ഉല്‍പാദന ശേഷി വര്‍ദ്ധനവ് സാദ്ധ്യമാക്കിയത്.
2020 ഒക്ടോബര്‍ മുതല്‍ ഇതുവരെ രണ്ടായിരത്തോളം ടണ്‍ ഓക്‌സിജന്‍ ആരോഗ്യ മേഖലയ്ക്ക് നല്‍കി. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഓക്‌സിജന്‍ സൗകര്യമുള്ള ബെഡുകളോടെ സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ജില്ലാ ഭരണകൂടത്തിന് കെഎംഎംഎല്‍ നേരത്തെ ഒരുക്കി നല്‍കിയിരുന്നു. 853 ബെഡുകളാണ് ചവറ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലും ഗ്രൗണ്ടിലുമായി സജ്ജീകരിച്ചത്. കമ്ബനിയിലെ ഓക്സിജന്‍ പ്ലാന്റില്‍ നിന്ന് പൈപ്പ്ലൈന്‍ വഴി നേരിട്ട് 24 മണിക്കൂറും കൊവിഡ് ആശുപത്രിയിലേക്ക് ഓക്സിജന്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്.
പൊതുജന ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധനല്‍കുന്ന സര്‍ക്കാര്‍ നിലപാടിന്റെ ഭാഗമായാണ് മെഡിക്കല്‍ ഓക്സിജന്റെ ഉല്‍പാദനം 7 ടണ്ണില്‍ നിന്ന് 10 ടണ്ണായി ഉയര്‍ത്തിയത്. കൊവിഡ് കാലത്ത് ഓക്സിജന്‍ ക്ഷാമമില്ലാതെ കേരളം മുന്നേറിയപ്പോള്‍ അതിന്റെ ഭാഗമാകാന്‍ കെ.എം.എം.എല്‍ നും കഴിഞ്ഞു. ഹോട്ട് ബാഗ് ഫില്‍ട്ടര്‍ സംവിധാനം
കമ്ബനിയുടെ ടൈറ്റാനിയം ഡയോക്സൈഡ് പിഗ്മന്റ് നിര്‍മ്മാണത്തിലെ പൂര്‍ത്തീകരണ യൂണിറ്റില്‍ (യൂണിറ്റ്400) പ്രവര്‍ത്തിക്കുന്ന മൈക്രോണൈസര്‍ പുറംതള്ളുന്ന പിഗ്മന്റ് നാളിതുവരെയും പുന:പ്രക്രിയയിലൂടെ അധിക ഇന്ധനവും ഊര്‍ജ്ജവും ചിലവാക്കിയാണ് അന്തിമ ടൈറ്റാനിയം ഡയോക്സൈഡ് പിഗ്മന്റായി മാറ്റിക്കൊണ്ടിരുന്നത്.
ദിനംപ്രതി ഏകദേശം 5 ടണ്ണാണ് ഇത്തരത്തില്‍ പുറംതള്ളപ്പെട്ടിരുന്നത്. മൈക്രോണൈസര്‍ പുറം തള്ളുന്ന പിഗ്മന്റോട് കൂടിയുള്ള ആവി 200ഡിഗ്രി താപനിലയില്‍ കൂടുതല്‍ ഉള്ളതാണ്. അതിനാല്‍ തന്നെ പിഗ്മന്റ് പിടിച്ചെടുക്കുവാന്‍ ഉയര്‍ന്ന താപനിലയില്‍ പ്രവര്‍ത്തിക്കുന്ന ബാഗ്ഫില്‍ട്ടര്‍ ആവശ്യമായി വന്ന സാഹചര്യത്തിലാണ് പുതിയ ഹോട്ട് ബാഗ് ഫില്‍ട്ടര്‍ സംവിധാനം സ്ഥാപിച്ചത്. പരിചയ സമ്ബന്നരായ ജര്‍മ്മനിയിലെ മൈക്രോപുള്‍ എന്ന കമ്ബനിയിലെ വിദഗ്ദരുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ച്‌ കെ.എം.എം.എല്‍ ഉദ്യോഗസ്ഥര്‍ തന്നെയാണ് പുതിയ സംവിധാനം കമ്മീഷന്‍ ചെയ്തത്. കൊവിഡ് സാഹചര്യത്തില്‍ ജര്‍മ്മനിയില്‍ നിന്ന് എഞ്ചിനീയര്‍മാര്‍ എത്തുന്നതിന് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തില്‍കൂടിയാണ് കമ്ബനിയിലെ ഉദ്യോഗസ്ഥര്‍ തന്നെ പ്ലാന്റ് കമ്മീഷന്‍ ചെയ്യാന്‍ തീരുമാനിച്ചത്. ഇതിലൂടെ പ്ലാന്റ് സ്ഥാപിക്കുന്ന ചിലവില്‍ 12 ലക്ഷം രൂപ ലാഭിക്കാനായി.
രണ്ട് മൈക്രോണൈസറുകാണ് യൂണിറ്റിലുള്ളത്. ഇതില്‍ ഒരു മൈക്രോണൈസര്‍ സ്റ്റീമിന്റെ ഹോട്ട് ബാഗ് ഫില്‍ട്ടര്‍ സംവിധാനമാണ് നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചിട്ടുള്ളത്.
ഇതിനായി പുതിയ ബാഗ് ഫില്‍ട്ടര്‍ കെട്ടിടം സജ്ജമാക്കി. 4 കോടി രൂപ ചെലവിലാണ് പുതിയംവിധാനം സജ്ജമാക്കിയത്. ഇതോടെ വര്‍ഷം 1.5കോടി രൂപയോളം ചിലവ് ഇനത്തില്‍ ലാഭിക്കാം. മാത്രവുമല്ല പുറംതള്ളുന്ന പിഗ്മന്റിന്റെ അളവ് ജലത്തില്‍ കുറയുന്നതുമൂലം ഉല്‍പാദിപ്പിക്കുന്ന ടൈറ്റാനിയം ഡയോക്സൈഡ് പിഗ്മന്റിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുവാനും കമ്ബനിക്ക് സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button