IndiaLatest

ഗെയിം കളിക്കാന്‍ സമ്മതിച്ചില്ല; ഏഴു വയസ്സുകാരന്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി

“Manju”

കോട്ടയം: കൈപ്പുഴയില്‍ നിന്നാണ് വീട്ടുകാരെയും നാട്ടുകാരെയും പോലീസിനെയും ഒക്കെ മുള്‍മുനയില്‍ നിര്‍ത്തിയ ഏഴ് വയസ്സുകാരന്റെ വിവരം പുറത്ത് വരുന്നത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് നാടകീയ സംഭവം അരങ്ങേറിയത്. ഏഴു വയസ്സുകാരനായ കുട്ടി വീട്ടുകാരോട് പിണങ്ങിയാണ് വീട്ടില്‍ നിന്ന് ഇറങ്ങി പോയത്.

സംഭവത്തെക്കുറിച്ച്‌ രക്ഷിതാവായ പ്രതീഷ് പൊലീസിനോട് പറഞ്ഞത് ഇങ്ങനെ, വൈകുന്നേരം അഞ്ചുമണിക്ക് കുട്ടിക്ക് ട്യൂഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ സമയം കുട്ടി മൊബൈലില്‍ ഗെയിം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഗെയിം കളി അവസാനിപ്പിച്ച്‌ ട്യൂഷന് പോകാന്‍ രക്ഷിതാക്കള്‍ നിര്‍ദ്ദേശിച്ചു. ഇത് കേള്‍ക്കാന്‍ ആദ്യം കൂട്ടി തയ്യാറായില്ല. തുടര്‍ന്ന് നിര്‍ബന്ധപൂര്‍വ്വം ട്യൂഷന് പോകാന്‍ പറഞ്ഞതോടെ ഏഴുവയസുകാരന്‍ വീട്ടില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.

പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന സംഭവമാണ്. വീട്ടില്‍ നിന്ന് പെട്ടെന്ന് ഇറങ്ങിപ്പോയ കുട്ടിയെ അന്വേഷിച്ച്‌ രക്ഷിതാക്കള്‍ പിന്നാലെ പോയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് സമീപ വീടുകളില്‍ അന്വേഷണം തുടങ്ങി. അവിടെയും കണ്ടെത്താന്‍ കഴിയാതെ വന്നതോടെ വീട്ടുകാര്‍ പരിഭ്രാന്തരായി. സമീപവാസികളും തുടര്‍ന്ന് തിരച്ചിലില്‍ പങ്കാളിയായി. പിന്നീടുണ്ടായത് പരിഭ്രാന്തി നിറഞ്ഞ നിമിഷങ്ങള്‍ ആണ്. വീടിന്റെ പരിസരങ്ങളില്‍ അന്വേഷണം തുടങ്ങിയ വീട്ടുകാരും നാട്ടുകാരും അന്വേഷണം സമീപ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു. അവിടെയും കുട്ടിയെ കണ്ടെത്താനായില്ല.

അന്വേഷണം അര മണിക്കൂറോളം എത്തിയിട്ടും കുട്ടിയെ കണ്ടെത്താനാകാതെ വന്നതോടെ വീട്ടുകാരും നാട്ടുകാരും ഏറ്റുമാനൂര്‍ പോലീസിനെ വിവരം അറിയിച്ചു. പിന്നെ നടന്നത് സിനിമയെ വെല്ലുവന്ന ത്രില്ലിംഗ് ക്ലൈമാക്സ് ആണ്. രണ്ട് ജീപ്പുകളില്‍ ആണ് പോലീസ് പ്രദേശത്താകെ പരിശോധന നടത്തിയത്. ഏറ്റുമാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി ആര്‍ രാജേഷിന്റെ നേതൃത്വത്തില്‍ ആയിരുന്നു പോലീസ് വളരെ പെട്ടെന്ന് പരിശോധനയ്ക്ക് ഇറങ്ങിയത്. ഇതിനിടെ സംഭവത്തെക്കുറിച്ച്‌ അഭ്യൂഹങ്ങളും പരന്നു.

കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയതായി സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. കുട്ടിയുടെ ചിത്രമടക്കം പ്രചരിപ്പിച്ചുകൊണ്ട് ആയിരുന്നു സാമൂഹിക മാധ്യമങ്ങളുടെ പ്രചരണം. ആകെ പരിഭ്രാന്തി നില്‍ക്കുന്ന സാഹചര്യമായിരുന്നു ഇതോടെ കൈപ്പുഴയില്‍ രൂപപ്പെട്ടത്. പോസ്റ്റുകള്‍ വളരെ വേഗം പ്രചരിപ്പിക്കപ്പെട്ടു. ഇതിനിടെയാണ് പോലീസില്‍ നിന്നും ആശ്വാസകരമായ വാര്‍ത്ത ലഭിക്കുന്നത്. വീടിന് ഒരു കിലോമീറ്റര്‍ അകലെ ഉള്‍ പ്രദേശത്ത് ഒരു കുട്ടി ഒറ്റയ്ക്ക് ഇരിക്കുന്ന കാഴ്ചയാണ് പോലീസ് സംഘം കണ്ടത്.

കുട്ടി ഒറ്റയ്ക്ക് ഇരിക്കുന്നു എന്ന് കണ്ടതോടെ പോലീസിന് സംശയം ആയി. കുട്ടിയോട് വിവരങ്ങള്‍ ആരാഞ്ഞതോടെ കാണാതായ ആള്‍ തന്നെയാണ് ഇതെന്ന് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കളുമായി ബന്ധപ്പെട്ട് സ്ഥിരീകരിച്ചു.

ഏറെ നിമിഷത്തെ ആശങ്കയ്ക്ക് ആണ് ഇതോടെ അറുതി വന്നത്. മൊബൈല്‍ ഫോണ്‍ കുട്ടികളിലുണ്ടാക്കുന്ന ആകര്‍ഷണം വലിയ വില്ലനായി മാറുന്ന പല വാര്‍ത്തകള്‍ ഇതിനകം പുറത്തു വന്നിട്ടുണ്ട്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാര്‍വത്രികമായി നടപ്പാക്കുമ്ബോള്‍ അതുമൂലമുണ്ടാകുന്ന പ്രതിസന്ധികളാണ് പലയിടത്തുനിന്നും ഉയര്‍ന്നുവരുന്നത്. മിഠായി നല്‍കിയാണ് കുട്ടിയെ തിരികെ വീട്ടില്‍ എത്തിച്ചത്.

കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കി മറ്റു ജോലികളിലേക്ക് തിരിഞ്ഞു പോകുന്നവരും ഇതിന്റെ അപകടം തിരിച്ചറിയുന്നില്ല എന്ന് മാത്രം. കുട്ടികളിലെ മൊബൈല്‍ ഫോണ്‍ അഡിക്ഷന്‍ എത്രത്തോളം വില്ലനാകുന്നു എന്ന അനുഭവമാണ് ഏറ്റുമാനൂരില്‍ ഉണ്ടായത്. ഏതായാലും 7 വയസ്സുകാരനെ തിരികെ കിട്ടിയ ആശ്വാസത്തിലാണ് രക്ഷിതാക്കള്‍. മൊബൈല്‍ കുട്ടികള്‍ക്ക് നല്‍കുമ്ബോള്‍ വേറെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് ആണ് ഏറ്റുമാനൂര്‍ പോലീസ് ആവര്‍ത്തിക്കുന്നത്.

Related Articles

Back to top button