IndiaLatest

പഞ്ചാബിൽ സർക്കാർ രൂപീകരിയ്ക്കാനുള്ള നീക്കം ഊർജ്ജിതം

“Manju”

ഡൽഹി: പഞ്ചാബ് മുഖ്യന്ത്രിയെ നിശ്ചയിക്കാൻ നിയമസഭ കക്ഷി യോഗം പതിനൊന്ന് മണിക്ക് ചേരും. രാഹുൽ ഗാന്ധിയുടെ വീട്ടിൽ ചേർന്ന യോഗം സ്ഥിതി വിലയിരുത്തി. ഈ യോഗം അവസാനിച്ചത് പുലർച്ചെ ഒന്നരയ്ക്കാണ്. നിയമസഭ കക്ഷി യോഗത്തിനു മുമ്പ് മറ്റ് കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കും.
പഞ്ചാബ് രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ഇന്നലെയാണ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് രാജിവെച്ചത്. മുപ്പതിലേറെ എംഎൽഎമാർ ആംആദ്മി പാർട്ടിയിൽ ചേരുമെന്ന് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് കോൺഗ്രസ് ഹൈക്കമാൻഡും അമരീന്ദറിനെ കൈവിട്ടത്.
നവജ്യോത് സിംഗ് സിദ്ധു, സുനിൽ ജഖർ, പ്രതാപ് സിംഗ് ബാജ്വ, അമ്പികാ സോണി തുടങ്ങിയവരിൽ ആരെങ്കിലും മുഖ്യമന്ത്രി ആകും എന്നാണ് വിവരം. അതേസമയം രാജി വച്ച മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിംഗ് ഉന്നയിച്ച ആരോപണങ്ങൾ കോൺഗ്രസ്സിന് വലിയ രാഷ്ട്രിയ പ്രതിസന്ധി ആണ് സമ്മാനിച്ചിരിക്കുന്നത്.
പഞ്ചാബ് രാഷ്ട്രിയത്തിൽ കോൺഗ്രസ്സിന്റെ തലയെടുപ്പുള്ള മുഖമായിരുന്നു ക്യാപ്റ്റൻ അമരിന്ദർ സിംഗ്. അമരിന്ദർ സിംഗിന്റെ പകരക്കാരനായുള്ള തിരച്ചിൽ അതുകൊണ്ട് തന്നെ കോൺഗ്രസ്സിന് വലിയ വെല്ലുവിളിയാണ്. പാർട്ടിയുടെ മുതിർന്ന നേതാക്കൾ നൽകുന്ന വിവരം അനുസരിച്ച് സുനിൽ ജഖറിന് ആകും നറുക്ക് വീഴുക.
പഞ്ചാബ് കോൺഗ്രസിന്റെ മുൻ അദ്ധ്യക്ഷനായ ജഖർ കോൺഗ്രസ് ദേശിയ നേത്യത്വത്തിനും സ്വീകാര്യനാണ്. പാർട്ടിയിൽ ഇപ്പോഴത്തെ സാഹചര്യത്തിലും ഗ്രൂപ്പ് ഭേഭമന്യേ ഇരു വിഭാഗങ്ങളും ജഖറിനെ അംഗീകരിയ്ക്കുന്നു.
അതേസമയം ഭരണവിരുദ്ധ വികാരമുണ്ടെന്ന് എഐസിസി സർവ്വെയും അമരീന്ദറിന് തിരിച്ചടിയായിരുന്നു. കോൺഗ്രസ് പാർട്ടി തീരുമാനം സോണിയ ഗാന്ധി അമരീന്ദറിനെ നേരിട്ടറിയിച്ചതോടെ അദ്ദേഹം വൈകിട്ടോടെ രാജ്ഭവനിലെത്തി ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു.

Related Articles

Back to top button