LatestThiruvananthapuram

പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കും

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് സൂചന. കേരളത്തില്‍ സ്‌കൂളുകളും കോളജുകളും വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ പോകുന്ന സാഹചര്യം പരിഗണിച്ചാണ് റെയില്‍വേയുടെ നീക്കം. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കിട്ടിയാല്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നാണ് നിലപാട്.

റെയില്‍വേയുടെ തീരുമാനത്തില്‍ അനുകൂല നിലപാട് തന്നെയാണ് സംസ്ഥാന സര്‍ക്കാരും സ്വീകരിച്ചിട്ടുള്ളത്. പാസഞ്ചറുകള്‍ വീണ്ടും തുടങ്ങാനുള്ള തീരുമാനം ഔദ്യോഗികമായാല്‍ എക്‌സ്പ്രസ് നിരക്കാവാനാണ് സാധ്യതയെന്നും വിവരമുണ്ട്. ബുധനാഴ്ച ചേരുന്ന യോഗത്തില്‍ സര്‍ക്കാരും റെയില്‍വേയും വിഷയം ചര്‍ച്ച ചെയ്യും. റെയില്‍വേ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനോടൊപ്പം ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരും യോഗത്തില്‍ പങ്കെടുക്കും.

എകസ്പ്രസ് ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ പോലും റിസര്‍വേഷനില്‍ മാത്രം യാത്ര അനുവദിക്കുന്ന തീരുമാനവും മാറിയേക്കുമെന്ന് സൂചനയുണ്ട്. വേണാട്, പരശുറാം, ഇന്റര്‍സിറ്റി, വഞ്ചിനാട് ട്രെയിനുകളില്‍ റിസര്‍വ് ചെയ്യാതെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യാനാകുന്ന രീതി റെയില്‍വേ സ്വീകരിക്കുമെന്നാണ് വിവരം.

ചെന്നൈ, മുംബൈ എന്നിവിടങ്ങളില്‍ സബര്‍ബന്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. അവിടങ്ങളില്‍ സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സബര്‍ബന്‍ റൂട്ടുകളില്‍ സര്‍വീസ് പുനരാരംഭിച്ചത്. പാസഞ്ചര്‍ ട്രെയിനുകളെ ആശ്രയിക്കുന്ന ആയിരക്കണക്കിന് പേരുള്ള സംസ്ഥാനത്തിന് പ്രതീക്ഷ നല്‍കുന്നതാണ് റെയില്‍വേയുടെ നീക്കവും സര്‍ക്കാരുമായുള്ള കൂടിക്കാഴ്ചയും.

Related Articles

Back to top button