IndiaKeralaLatest

ആ അമ്മ മരുന്നിനായി ഇനി ആരുടേയും കാലില്‍ വീഴില്ല; മകന്‍ മരിച്ചു

“Manju”

നോയിഡ: കോവിഡ് ബാധിച്ച്‌ അത്യാസന്ന നിലയിലായ മകന് മരുന്നിനായി ഡോക്ടര്‍മാരുടെ കാലില്‍വീണ് യാചിക്കുന്ന അമ്മയുടെ വിഡിയോ കഴിഞ്ഞദിവസം കണ്ണീരോടെയാണ് രാജ്യം കണ്ടത്. യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്നുള്ള ആ ദൃശ്യം രാജ്യം അഭിമുഖീകരിക്കുന്ന വിപത്തിന്റെ നേര്‍ചിത്രമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ആ മകന്‍ എന്നന്നേക്കുമായി വിടപറഞ്ഞുവെന്ന കരളലിയിക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. നോയിഡ ഖോറ സ്വദേശിയായ വികാസ് (24) ആണ് മരുന്ന് കിട്ടാത്തതിനെ തുടര്‍ന്ന് മരിച്ചത്. കോവിഡ് ബാധിച്ച്‌ അത്യാസന്ന നിലയില്‍ സെക്ടര്‍ 51 ലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വികാസ്. മകന്റെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തിരമായി റെംഡെസിവര്‍ മരുന്ന് വേണമെന്നും ആശുപത്രിയില്‍ സ്‌റ്റോക്ക് ഇല്ലാത്തതിനാല്‍ പുറത്ത് നിന്ന് വാങ്ങിക്കൊണ്ടുവരണമെന്നും ഡോക്ടര്‍മാര്‍ വികാസിന്റെ അമ്മ റിങ്കി ദേവിയോട് പറഞ്ഞു. ചീഫ് മെഡിക്കല്‍ ഓഫിസറുടെ (സി.എം.ഒ) നോയിഡയിലെ ഓഫിസില്‍ മരുന്ന് ലഭ്യമാണെന്നറിഞ്ഞ റിങ്കി ദേവി ഉടന്‍ അങ്ങോട്ട് തിരിച്ചു. എന്നാല്‍, മണിക്കൂറുകളോളം മരുന്ന് ലഭിച്ചില്ല. ഒടുവില്‍ സിഎംഒ ദീപക് ഓഹ്‌രിയെ നേരില്‍ കണ്ടപ്പോള്‍ കാലില്‍ വീണ് മരുന്നിന് വേണ്ടി യാചിക്കുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് അവിടെയുണ്ടായിരുന്ന ആരോ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

സിഎംഒ റിങ്കി ദേവിയോട് കുറിപ്പടി വാങ്ങിയെങ്കിലും മരുന്നില്ലെന്ന് പറഞ്ഞ് കൈയൊഴിയുകയായിരുന്നു. എന്നിട്ടും ഏറെ നേരം കാത്തിരുന്ന ആ അമ്മ വൈകുന്നേരം നാലു മണിയോടെ നിരാശയോടെ ആശുപത്രിയിലിലേക്ക് മടങ്ങി. 4.30 ഓടെ മകനെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ വെറുംകൈയോടെ ആ അമ്മ തിരിച്ചെത്തി. അല്‍പസമയം കഴിഞ്ഞ് ‘മകന്‍ വികാസ് എന്നന്നേക്കുമായി യാത്രയായിരിക്കുന്നു’ എന്ന ഹൃദയം തകര്‍ക്കുന്ന വാര്‍ത്ത റിങ്കിയെ ഡോക്ടര്‍മാര്‍ അറിയിക്കുകയും ചെയ്തു.

‘ഡോക്ടര്‍മാരെ ദൈവത്തെപ്പോലെയാണ് കണ്ടിരുന്നത്. എന്നാല്‍ ആരോഗ്യ സംവിധാനത്തിന്റെ മറ്റൊരു മുഖമാണ് കണ്ടത്. എല്ലാ വിശ്വാസവും നഷ്ടമായി.’ -വികാസിന്റെ കുടുംബം പറയുന്നു

Related Articles

Back to top button