India

പ്രധാനമന്ത്രി ഒക്ടോബർ 5ന് ലക്നൗവിൽ

“Manju”

ലക്‌നൗ: ഒക്ടോബർ 5ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്നൗവിൽ എത്തും. ഇന്ദിരാഗാന്ധി പ്രതിഷ്ഠാനിൽ ഇന്ത്യയുടെ നഗരവത്കരണത്തിന്റെ മുഖച്ഛായ മാറ്റുന്നത് സംബന്ധിച്ച സെമിനാറുകളും പ്രദർശനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. അയോദ്ധ്യാ നഗരവികസനത്തിന്റെ മാസ്റ്റർ പ്ലാനും പ്രധാനമന്ത്രി അവലോകനം ചെയ്യും.

സംസ്ഥാനത്തെ 75 ജില്ലകളിലെ 75,000 ഭവനരഹിതർക്ക് പ്രധാൻ മന്ത്രി ആവാസ് യോജനയിലൂടെ നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനവും നിർവഹിക്കും. ഡിജിറ്റലായാണ് താക്കോൽ ദാനം സംഘടിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം ആറ് ഗുണഭോക്താക്കളോട് പ്രധാനമന്ത്രി സംവദിക്കും.

4,737 കോടിയുടെ 75 പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും. യുപിയിലെ 10 സ്മാർട്ട് നഗരങ്ങളിൽ 75 ഇലക്ട്രിക് ബസുകൾ ഫ്‌ലാഗ് ഓഫ് ചെയ്യുകയും സർക്കാർ നടപ്പാക്കിയ 75 വിജയകരമായ പദ്ധതികളെക്കുറിച്ച് വിശദീകരിക്കുന്ന ബുക്കും പ്രധാനമന്ത്രി പ്രകാശനം ചെയ്യും.

പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിക്ക് മുൻപായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ദിരാഗാന്ധി പ്രതിഷ്ഠാനിൽ സ്ഥലപരിശോധന നടത്തി. എല്ലാ തയ്യാറെടുപ്പുകളും സമയബന്ധിതമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകി.

അടുത്ത വർഷം ഉത്തർപ്രദേശിൽ നിയസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സർക്കാരിന്റെ വികസന പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ യുപി സർക്കാർ തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമാണ് പ്രധാനമന്ത്രിയുടെ സന്ദർശനവും. ജൂലൈയിൽ വാരണാസിയും, സെപ്റ്റംബറിൽ അലിഗഡും പ്രധാനമന്ത്രി സന്ദർശിച്ചിരുന്നു.

Related Articles

Back to top button