International

വിദേശരാജ്യങ്ങളുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു; അഫ്ഗാനിസ്താൻ വിദേശകാര്യമന്ത്രി 

“Manju”

ദോഹ: വിദേശരാജ്യങ്ങളുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് അഫ്ഗാനിസ്താൻ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്തഖി. അതേസമയം പെൺകുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതുൾപ്പെടെ മറ്റ് രാജ്യങ്ങൾ മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ സംബന്ധിച്ച് താലിബാൻ നിലപാട് വ്യക്തമാക്കിയിട്ടില്ല. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കര കയറ്റുന്നതിനും മറ്റും വിദേശരാജ്യങ്ങളുടെ സഹായം അഫ്ഗാന് ആവശ്യമാണ്. ‘ അന്താരാഷ്‌ട്ര സമൂഹം അഫ്ഗാനുമായി സഹകരിക്കാൻ തയ്യാറായിരിക്കുകയാണ്. എല്ലാ രാജ്യങ്ങളോടും നല്ല സഹകരണം മാത്രമാണ് ആഗ്രഹിക്കുന്നത്. ഞങ്ങളെ സമ്മർദ്ദത്തിലാക്കുന്നതിന് പകരം എല്ലാവരും പിന്തുണയ്‌ക്കുമെന്നാണ് കരുതുന്നതെന്നും’ അമീർ ഖാൻ മുത്തഖി പറയുന്നു.

സഹകരണം തുടരണമെങ്കിൽ രാജ്യത്തെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കണമെന്നതായിരുന്നു അന്താരാഷ്‌ട്ര സമൂഹം അഫ്ഗാന് മുന്നിൽ വച്ച നിർദ്ദേശം. എന്നാൽ ഇതിനോട് അനുകൂലമായി പ്രതികരിക്കാനോ തീരുമാനമെടുക്കാനോ താലിബാനിലെ തൂക്കു സർക്കാർ തയ്യാറായിട്ടില്ല. സിക്‌സ്ത് ഗ്രേഡിന് മുകളിലോട്ട് ആൺകുട്ടികൾ മാത്രം സ്‌കൂളിൽ പോയാൽ മതിയെന്നാണ് ഇപ്പോഴും ഇവരുടെ നിലപാട്. മുൻപത്തെ സർക്കാരിന് എല്ലാം ഉണ്ടായിരുന്നുവെന്നും അതെല്ലാം രണ്ട് മാസത്തിനുള്ളിൽ തങ്ങൾ നടത്തണമെന്നും പറയുന്നത് ശരിയല്ലെന്നും അമിർ പറയുന്നുണ്ട്. ‘ മുൻപ് ഭരിച്ചിരുന്നവർക്ക് ധനസമാഹരണത്തിന് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നില്ല. മാത്രമല്ല അന്താരാഷ്‌ട്ര സമൂഹത്തിന്റെ വലിയ പിന്തുണ അവർക്കുണ്ടായിരുന്നു. ഇതൊന്നുമില്ലാതെ രണ്ട് മാസത്തിനുള്ളിൽ അഫ്ഗാനിൽ മാറ്റങ്ങൾ വരുത്തണമെന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകും. വളരെ ശ്രദ്ധയോടെ മാത്രമാണ് ഈ സർക്കാർ മുന്നോട്ട് പോകുന്നതെന്നും’ അമിർ ചോദിക്കുന്നു.

സ്ത്രീകളുടേയും പെൺകുട്ടികളുടേയും കാര്യത്തിൽ താലിബാൻ നൽകിയിരുന്ന വാഗ്ദാനങ്ങൾ ഒന്ന് പോലും പാലിച്ചില്ലെന്നും, സ്ത്രീകളെ ജോലിക്ക് പോകുന്നതിൽ തടഞ്ഞുകൊണ്ട് രാജ്യത്തെ സമ്പദ്‌വ്യവസ്ഥ നേരെയാക്കാമെന്ന പ്രതീക്ഷ വേണ്ടെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് വ്യക്തമാക്കിയിട്ടുണ്ട്. അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതോടെ ഇവർക്ക് ധനസഹായം നൽകുന്നത് അന്താരാഷ്‌ട്ര സമൂഹം നിർത്തലാക്കിയിരുന്നു.

Related Articles

Back to top button