IndiaLatest

മലബാര്‍-21 സംയുക്ത നാവികാഭ്യാസം രണ്ടാം ഘട്ടത്തില്‍

“Manju”

ന്യൂഡല്‍ഹി : പസഫിക്കില്‍ വിശ്വോത്തര സഖ്യത്തിന്റെ നാവിക സേനാ സംയുക്ത അഭ്യാസ പ്രകടനത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നു. അമേരിക്കയും ഇന്ത്യയും ജപ്പാനും ഓസ്‌ട്രേലിയയും അണിനിരക്കുന്ന സംയുക്ത അഭ്യാസമാണ് മലബാര്‍-21ന്റെ രണ്ടാം ഘട്ടത്തില്‍ നടക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്നലെയാണ് ക്വാഡ് സഖ്യം മലബാര്‍-21ന്റെ ഭാഗമായി നാവിക-വ്യോമ വ്യൂഹങ്ങളെ അണിനിരത്തിയത്. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന തരത്തിലാണ് പരിശീലനം നടക്കുന്നത്. ആദ്യ ഘട്ട പരിശീലനം ആഗസ്റ്റ് മാസം 26 മുതല്‍ 29 വരെ ഫിലിപ്പീന്‍സ് സമുദ്രമേഖലയിലാണ് അരങ്ങേറിയത്.

സ്ഥിരമായി മലബാര്‍ നാവിക അഭ്യാസം 1992 മുതലാണ് ഇന്ത്യയും അമേരിക്കയും ചേര്‍ന്ന് തുടക്കംകുറിച്ചത്. പസഫിക്കിനോട് അനുബന്ധമായി കിടക്കുന്ന ബംഗാള്‍ ഉള്‍ക്കടലിനെ ഉള്‍പ്പെടുത്തി നടക്കുന്ന നാവിക അഭ്യാസം ചൈനയുടെ അധിനിവേശ ശ്രമങ്ങള്‍ക്കുള്ള ശക്തമായ മറുപടിയാണ്. മേഖലയിലെ നാവിക ശക്തിയായ ഓസ്‌ട്രേലിയയ്ക്കും ചൈനയുടെ നിരന്തര ഭീഷണി തലവേദനയായിരിക്കുന്ന ജപ്പാനും മലബാര്‍-21 ആശ്വാസമാണ്. ഇരു രാജ്യത്തിനും ഏത് നിമിഷവും ഇന്ത്യയുടെ നാവികസേനയുടെ സഹായം ലഭിക്കുന്ന തരത്തിലാണ് ക്വാഡ് സഖ്യത്തിന്റെ സേനാ വിന്യാസം.

ഇന്ത്യന്‍ നാവിക സേനയുടെ ഐ.എന്‍.എസ് രണ്‍വിജയ്, സാത്പുര എന്നിവയ്‌ക്കൊപ്പം പി 8 ഐ വിമാനങ്ങളും ഒരു അന്തര്‍വാഹിനിയുമാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. അമേരിക്കയുടെ വിമാന വാഹിനിയായ കാള്‍ വില്‍സണും രണ്ട് അനുബന്ധ യുദ്ധകപ്പലുകളായ ചാമ്പലെയിനും സ്റ്റോക്‌ഡെയിലും പങ്കുചേര്‍ന്നിട്ടുണ്ട്. ജപ്പാന്റെ യുദ്ധകപ്പലുകളായ ജെ.എസ്.കാഗ, ജെ.എസ്.മുറാസാമേ എന്നിവയ്‌ക്കൊപ്പം ഓസ്‌ട്രേലിയന്‍ റോയല്‍ നാവിക സേനയുടെ ബല്ലാരറ്റും സൈറിസും പരിശീലനത്തില്‍ പങ്കാളികളാണ്.

Related Articles

Back to top button