InternationalLatest

ഇന്ത്യയോട് സഹായം ആവശ്യപ്പെട്ട് ശ്രീലങ്ക

“Manju”

കൊളംമ്പോ: ഇന്ത്യയോട് സാമ്പത്തിക സഹായം ആവശ്യപ്പെട്ട് ശ്രീലങ്ക. 500 മില്യണ്‍ ഡോളര്‍ വേണമെന്നാണ് ആവശ്യം. അന്താരാഷ്‌ട്ര വിപണയില്‍ നിന്നും പെട്രോളിയം ഉത്പന്നങ്ങള്‍ വാങ്ങുന്നതിനാണ് സാമ്പത്തിക സഹായം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ശ്രീലങ്കയിലെ പ്രമുഖ പെട്രോളിയം കമ്പനിയായ സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടന്‍ തന്നെ ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്‌ക്കുമെന്നും സൂചനയുണ്ട്. തുക കടം നല്‍കുന്നതോടെ ഇന്ത്യയും ശ്രീലങ്കയുമായുള്ള സാമ്പത്തിക പങ്കാളിത്തം പുതിയ തലത്തിലേക്ക് ഉയരുമെന്നാണ് വിലയിരുത്തല്‍.

സിംഗപ്പൂര്‍, മിഡില്‍ ഈസ്റ്റ് എന്നീ രാജ്യങ്ങളില്‍ നിന്നാണ് ശ്രീലങ്ക പ്രധാനമായും പെട്രോളിയം ഉത്പന്നങ്ങള്‍ വാങ്ങാറുള്ളത്. പ്രധാന പൊതുമേഖലാ ബാങ്കുകളായ ബാങ്ക് ഓഫ് സിലോണ്‍, പീപ്പിള്‍സ് ബാങ്ക് എന്നിവിടങ്ങളില്‍ നിന്നുമാണ് ഇതിനായുള്ള സാമ്പത്തിക സഹായം സ്വീകരിക്കാറ്. എന്നാല്‍ ഇത് തിരിച്ചടയ്‌ക്കാനാകാതെ കടം പെരുകി. ഇതോടെയാണ് ഇന്ത്യയെ സമീപിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ 3.3 ബില്യണ്‍ ഡോളറാണ് തിരിച്ചടയ്‌ക്കാനുള്ളത്. കൊറോണ വ്യാപനം പ്രതിസന്ധിയിലാക്കിയ ശ്രീലങ്കന്‍ സമ്പദ്‌വ്യവസ്ഥയെ അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണ വില ഉയരുന്നത് കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ അടുത്ത ജൂലൈ വരെയുള്ള ക്രൂഡ് ഓയില്‍ ശേഖരം മാത്രമേ ശ്രീലങ്കയുടെ പക്കലുള്ളു എന്ന് ഊര്‍ജ്ജ മന്ത്രി ഉദയ ഗമ്മന്‍പില കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയില്‍ നിന്നും സഹായം ആവശ്യപ്പെട്ടിരിക്കുന്നത്.

Related Articles

Back to top button