Latest

ഭരതനെ അഭിമുഖം ചെയ്യാൻ പോയി സിനിമാ നടനായ നെടുമുടി വേണു

“Manju”

നെടുമുടി വേണുവിന്റെ വിയോഗത്തിലൂടെ അഭിനയത്തിന്റെ അതുല്യ പ്രതിഭയെയാണ് സിനിമാ ലോകത്തിന് നഷ്ടമായത്. കല ജന്മസിദ്ധമായിരുന്നു നെടുമുടി വേണുവിന്. അഭിനയവും എഴുത്തും,പാട്ടും നൃത്തവും എല്ലാം വഴങ്ങുന്ന സകലകലാ വല്ലഭൻ. മലയാള സിനിമാ ചിത്രത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ നെടുമുടി വേണുവിന് സാധിച്ചിരുന്നു. സിനിമ ഒരിക്കലും അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നില്ല. എന്നാൽ അദ്ദേഹം അഭിനയിച്ച സിനിമകളിലെല്ലാം തനിക്കായി കാത്തുവെച്ച സിനിമയെന്ന തരത്തിലായിരുന്നു പകർന്നാടിയത്.

1978ൽ അരവിന്ദന്റെ തമ്പിലൂടെയായിരുന്നു സിനിമാ ജീവിതം തുടങ്ങിയത്. തുടർന്ന് ഭരതന്റെ ആരവം, തകര, ചാമരം. പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ, കള്ളൻ പവിത്രൻ തുടങ്ങിയ ചിത്രങ്ങൾ. മികച്ച സംവിധായകരുടെ കലാമൂല്യമുള്ള സിനിമകളിലൂടെ രംഗത്തുവന്ന വേണു പിന്നീട് ഒരടിപോലും പിന്നോട്ടു പോയില്ല. നെടുമുടി വേണു സിനിമയിലേക്ക് എത്തുന്നത് യാദൃശ്ചികമായിട്ടാണ്. ആലപ്പുഴയിലെ നെടുമുടിക്കാരനായ വേണു മാദ്ധ്യമപ്രവർത്തകനായാണ് ജീവിതം ആരംഭിക്കുന്നത്.

വിധുബാല, അടൂർ ഭാസി, സുകുമാരൻ, സോമൻ തുടങ്ങിയ പ്രശസ്ത താരങ്ങളുടെ അഭിമുഖമെടുത്തിട്ടുണ്ട് വേണു. അങ്ങനെ സംവിധായകൻ ഭരതന്റെ അഭിമുഖം എടുക്കാൻ പോയതാണ് വേണുവിന്റെ ജീവിതത്തിൽ നിർണായക വഴിത്തിരിവായത്. അഭിമുഖം ചെയ്യാനെത്തിയ ആളെ ഭരതന് ഒരുപാട് ഇഷ്ടപ്പെട്ടു. ഇരുവരും തമ്മിൽ നല്ല സൗഹൃദമായി. താനൊരു സിനിമ ചെയ്യുന്നുണ്ടെന്നും ‘ആരവം’ എന്നാണ് പേരെന്നും ഭരതൻ വേണുവിനോട് പറഞ്ഞു. നായകനായി താൻ കണ്ടിരിക്കുന്നത് കമൽഹാസനെയാണെന്നും ഭരതൻ പറഞ്ഞു.

എന്നാൽ താനിപ്പോൾ കമൽഹാസന് പകരം മറ്റൊരാളെയാണ് നായകനായി സങ്കൽപ്പിക്കുന്നതെന്നും ഭരതൻ വേണുവിനോട് പറഞ്ഞു. ഈ വേഷം വേണുവിന് ചെയ്തൂടേ എന്നായി ചോദ്യം. പിന്നെന്താ, എന്തും ചെയ്യാമെന്നായിരുന്നു വേണു നൽകിയ മറുപടി. പിന്നീടങ്ങോട്ട് നെടുമുടി വേണുവെന്ന അഭിനേതാവ് മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. ഭരതന്റെ തന്നെ തകര, ചാമരം തുടങ്ങിയ സിനിമകളിലും നെടുമുടി വേണു അഭിനയിച്ചു.

Related Articles

Back to top button