ArticleLatest

ടാറ്റ ഗ്രാവിറ്റാസ് അടുത്ത വർഷം ആദ്യം

“Manju”

ടാറ്റ മോട്ടോഴ്സിന്റെ പുത്തൻ എസ് യു വിയായ ‘ഗ്രാവിറ്റാസ്’ അടുത്ത വർഷം വിപണിയിലിറങ്ങും. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച, ഏഴു സീറ്റുള്ള സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ഗ്രാവിറ്റാസി’ന് 15 ലക്ഷം രൂപയാണു വില പ്രതീക്ഷിക്കുന്നത്. ഇക്കൊല്ലത്തെ ഉത്സവകാലത്ത് ‘ഗ്രാവിറ്റാസ്’ അവതരിപ്പിക്കാനായിരുന്നു ടാറ്റ മോട്ടോഴ്സിന്റെ പദ്ധതി; എന്നാൽ ‘കോവിഡ് 19’ സൃഷ്ടിച്ച വെല്ലുവിളികൾ പരിഗണിച്ച് അരങ്ങേറ്റം അടുത്ത വർഷത്തേക്കു നീട്ടുകയായിരുന്നു.

അടുത്ത വർഷം ‘ഗ്രാവിറ്റാസ്’ അടക്കം അഞ്ചു മോഡൽ അവതരണങ്ങൾക്കാണു ടാറ്റ മോട്ടോഴ്സ് തയാറെടുക്കുന്നത്. വിപണിയുടെ ശ്രദ്ധ കവർന്ന ‘ഹാരിയറി’ന്റെ നീളമേറിയ പതിപ്പാണു ‘ഗ്രാവിറ്റാസ്’. ’ ടാറ്റയുടെ പുതിയ രൂപകൽപ്പനാ ശൈലിയായ ‘ഇംപാക്ട് 2.0’ പിന്തുടരുന്ന ‘ഗ്രാവിറ്റാസി’ന് അടിത്തറയാവുക ‘ഹാരിയറി’ലെ ഒമേഗ പ്ലാറ്റ്ഫോം തന്നെയാണ്; എങ്കിലും ‘ഗ്രാവിറ്റാസി’ന് 63 എം എം അധിക നീളവും 80 എം എം അധിക ഉയരവും പ്രതീക്ഷിക്കാം.

കാറിനു കരുത്തേകുക ‘ഹാരിയറി’ലൂടെ മികവു തെളിയിച്ച രണ്ടു ലീറ്റർ, ക്രയോടെക് ടർബോ ഡീസൽ എൻജിനാവും. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള ഈ എൻജിന് 170 പി എസ് വരെ കരുത്തും 350 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) എന്നിവയാകും ഗീയർബോക്സ് സാധ്യതകൾ. ഇന്ത്യൻ വിപണിയിൽ എം ജി ‘ഹെക്ടർ പ്ലസ്’, വൈകാതെ പുറത്തിറങ്ങുമെന്നു കരുതുന്ന, പുതുതലമുറ മഹീന്ദ്ര ‘എക്സ് യു വി 500’, ഹ്യുണ്ടേയ് ‘ക്രേറ്റ’യുടെ ഏഴു സീറ്റ് വകഭേദം തുടങ്ങിയവയാകും ‘ഗ്രാവിറ്റാസി’ന് എതിരാളികൾ.

‘ഗ്രാവിറ്റാസി’നു പുറമെ പ്രീമിയം ഹാച്ച്ബാക്കായ ‘ആൾട്രോസി’ന്റെ വൈദ്യുത പതിപ്പും ടർബോ വകഭേദവും 2021ൽ വിൽപ്പനയ്ക്കെത്തും. 30 കിലോവാട്ട് അവർ ശേഷിയുള്ള ബാറ്ററിയ പായ്ക്കിന്റെ പിൻബലത്തിൽ ‘ആൾട്രോസി’ന്റെ വൈദ്യുത പതിപ്പിന് ഒറ്റ ചാർജിൽ 350 കിലോമീറ്റർ സഞ്ചാര പരിധി(റേഞ്ച്) ഉറപ്പാക്കാനാവുമെന്നാണു ടാറ്റ മോട്ടോഴ്സിന്റെ പ്രതീക്ഷ. കൂടാതെ സബ് കോംപാക്ട് സെഡാനായ ‘ടിഗൊറി’ന്റെ വൈദ്യുത മോഡലിന്റെ പരിഷ്കരിച്ച പതിപ്പും അണിയറയിൽ ഒരുങ്ങുന്നുണ്ട്. 21.5 കിലോവാട്ട് അവർ ശേഷിയുള്ള ബാറ്ററി പായ്ക്കിന് 40 ബി എച്ച് പിയോളം കരുത്തും 105 എൻ എം ടോർക്കും സൃഷ്ടിക്കാനാവുമെന്നാണു കണക്കാക്കുന്നത്. ഒറ്റ ചാർജിൽ 213 കിലോമീറ്റർ സഞ്ചാര പരിധിയും ‘ടിഗൊർ ഇ വി’ കൈവരിച്ചേക്കും.

ഇതിന പുറമെ ‘ടിയാഗൊ’യുടെ വൈദ്യുത വകഭേദത്തിന്റെ നവീകരിച്ച പതിപ്പിന്റെ പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്. ‘ടിഗൊറി’നായി പരിഗണിക്കുന്ന അതേ ബാറ്ററി പായ്ക്കാവും ‘ടിയാഗൊ’യിലും ഇടംപിടിക്കുക; പ്രകടനക്ഷമതയും ഏറെക്കുറെ സമാനമാവും.

Related Articles

Back to top button