Kerala

സംസ്ഥാനത്ത് നാളെയും മറ്റന്നാളും കനത്ത മഴ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളുമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നാളെ ഏഴ് ജില്ലകളിലും മറ്റന്നാൾ അഞ്ച് ജില്ലകളിലുമാണ് യെല്ലോ അലർട്ട് ഉള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മറ്റന്നാളും മഴ മുന്നറിയിപ്പുണ്ട്.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തെക്കൻ ആൻഡമാൻ കടലിന് മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ ചക്രവാതച്ചുഴി തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. തെക്കേ ഇന്ത്യക്ക് മുകളിൽ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനത്തിൽ കേരളത്തിൽ ഇടി മിന്നലോടു കൂടിയ മഴ അടുത്ത 5 ദിവസം വരെ തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Related Articles

Back to top button