KeralaKottayamLatest

വേറിട്ടൊരു പഞ്ചായത്തു മെമ്പര്‍

“Manju”

കോട്ടയം: നീതി നിര്‍വഹണത്തില്‍ പൊലീസിനും നാട്ടുകാര്‍ക്കും ഒരുപോലെ സഹായകരമാകുന്ന പൊതുപ്രവര്‍ത്തന രീതി നടപ്പാക്കി ഒരു പഞ്ചായത്ത് മെമ്ബര്‍. വാഴൂര്‍ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ വനിതാ മെമ്ബറായ ഷാനിദ അഷറഫാണ് തന്റെ പ്രവര്‍ത്തന പരിധിയില്‍ പെട്ട വാര്‍ഡിലെ പൊതുജനങ്ങള്‍ക്ക് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട ഇടപെടലുകള്‍ക്ക് സഹായവുമായി രംഗത്ത് എത്തിയത്.

പഞ്ചായത്ത് വാര്‍ഡിന്റെ പരിധിയില്‍ ഉള്‍പ്പെട്ട പ്രദേശത്തെ ആര്‍ക്കെങ്കിലുമെതിരെ പരാതിയോ നിയമ നടപടികളോ ഉണ്ടായാല്‍ അതാത് വ്യക്തികളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുന്നതിന് തന്റെ ഇമെയില്‍ വിലാസത്തിലോ, വാട്ട്‌സ് ആപ്പിലൂടെയോ നോട്ടീസ് നല്‍കിയാല്‍ വാര്‍ഡ് മെമ്ബര്‍ നേരിട്ട് വ്യക്തികള്‍ക്ക് വിവരം കൈമാറും.
പൊലീസിന്റെ ജോലി ഭാരം കുറയ്ക്കുന്നതിനും കള്ളക്കേസുകളില്‍ കുടുങ്ങാതെ നാട്ടുകാര്‍ക്ക് നീതി ലഭ്യമാക്കുന്നതിനും വേണ്ടിയാണ് തന്റെ സേവനം ലഭ്യമാക്കാന്‍ തീരുമാനിച്ചതെന്ന് ഷാനിദ അഷ്‌റഫ് പറയുന്നു.

പന്ത്രണ്ടാം വാര്‍ഡിന്റെ പരിധി ഉള്‍ക്കൊള്ളുന്ന കറുകച്ചാല്‍ പള്ളിക്കത്തോട് പൊലീസ് സ്‌റ്റേഷനുകളുമായി ബന്ധപ്പെട്ടാണ് നീതി നിര്‍വഹണത്തില്‍ തന്റെ സേവനം ലഭ്യമാക്കാന്‍ ഷാനിദ തീരുമാനിച്ചത്. പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് രജിസ്റ്റര്‍ഡ് തപാലില്‍ ഇത് സംബന്ധിച്ച അറിയിപ്പു നല്‍കിയിയിട്ടുണ്ട്. ഇപ്രകാരം ലഭിക്കുന്ന നോട്ടിസ് ഉടന്‍ തന്നെ എതിര്‍കക്ഷിക്കോ, കുറ്റാരോപിതനോ നല്‍കുന്നതാണെന്നും ഷാനിദയുടെ കത്തില്‍ ഉറപ്പുനല്‍കുന്നു.
യു.ഡി.എഫ് മുന്നണി സ്ഥാനാര്‍ത്ഥിയായി തുടര്‍ച്ചയായി മൂന്നു തവണയാണ് ഷാനിദ വാര്‍ഡില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്. സഹകരണ ബാങ്ക് ജീവനക്കാരനായ അഷറഫാണ് ഭര്‍ത്താവ്. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ ആഷിക്, ഡിഗ്രി വിദ്യാര്‍ത്ഥിനിയായ ആഷ്‌ന എന്നിവരാണ് മക്കള്‍.
സംസ്ഥാനത്തെ എല്ലാ വാര്‍ഡ്മെമ്ബര്‍മാരും, കൗണ്‍സിലര്‍മാരും ഈ മാതൃക സ്വീകരിച്ചാല്‍ കള്ളക്കേസുകള്‍ ഒഴിവാക്കുവാനും, പൊലീസിന് ജോലിഭാരം കുറക്കുവാനും വളരെ സഹായകമാകുമെന്ന് പൊതുപ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു.

Related Articles

Back to top button