IndiaLatest

ആര്യന്‍ ഖാന്‍ രണ്ട് ദിവസത്തിനുള്ളില്‍ ജയില്‍മോചിതനായേക്കും

“Manju”

മുംബൈ: ആഡംബര കപ്പലിലെ ലഹരിവേട്ടക്കേസില്‍ ജാമ്യം ലഭിച്ച ആര്യന്‍ ഖാന്‍ രണ്ട് ദിവസത്തിനുള്ളില്‍ ജയില്‍മോചിതനായേക്കും. ഇന്ന് വൈകിട്ടോ നാളെയോ ജയില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിഞ്ഞേക്കുമെന്നാണ് സൂചന.

ജാമ്യം ലഭിച്ചതിന് പിന്നാലെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ആര്യന്റെ അഭിഭാഷകര്‍ ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. ജാമ്യം അനുവദിച്ചതിന്റെ ഔദ്യോഗിക ഉത്തരവ് ബോംബെ ഹൈക്കോടതിയില്‍ നിന്ന് ലഭിച്ചതിന് ശേഷമേ ജയിലില്‍ നിന്ന് പുറത്തിറങ്ങാനാകൂ. ഉത്തരവ് ജയിലില്‍ ഹാജരാക്കേണ്ടതുണ്ട്.

ഇത്തരം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ രണ്ട് ദിവസങ്ങള്‍ കൂടി വേണ്ടി വന്നേക്കാമെന്നാണ് നിഗമനം. ജയില്‍ മോചിതനായെത്തുന്ന മകനെ സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍താരവും പിതാവുമായ ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും. വ്യാഴാഴ്ചയാണ് ആര്യന്‍ ഖാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ എട്ടാം തിയതി മുതല്‍ ആര്‍തര്‍ റോഡ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ആര്യന്‍. നിരവധി തവണ ജാമ്യഹര്‍ജി നല്‍കിയെങ്കിലും തള്ളിയിരുന്നു. ഒടുവില്‍ കീഴ്‌ക്കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് ജാമ്യം ലഭിച്ചത്. ലഹരി പാര്‍ട്ടിക്കിടെ ആര്യനൊപ്പം എന്‍സിബിയുടെ കസ്റ്റഡിയിലായ സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്റ്, മോഡല്‍ മുന്‍മുന്‍ ധമേച്ച എന്നിവര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

Related Articles

Back to top button