KeralaLatest

കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തം: പ്രതികള്‍ക്ക് ശിക്ഷാ ഇളവ്

“Manju”

തിരുവനന്തപുരം:കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയായിരുന്ന പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കി ജയിലില്‍ നിന്നും വിട്ടയച്ചു.പ്രതികളായ വിനോദ് കുമാറിനേയും മണികണ്ഠനേയുമാണ് ശിക്ഷാ ഇളവ് നല്‍കി വിട്ടയച്ചത്.
ജയില്‍ ഉപദേശക സമിതിയോട് ഇരുവരുടേയും ശിക്ഷ പരിശോധിച്ച്‌ വിടുതല്‍ ചെയ്യുന്നതിന് ആവശ്യമായ തീരുമാനമെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഇരുവരും ഇനി മദ്യവ്യാപാരത്തില്‍ ഏര്‍പ്പെടില്ലെന്ന ബോണ്ട് സമര്‍പ്പിക്കണമെന്ന വ്യവസ്ഥയിലാണ് ഇളവ് നല്‍കുന്നത്. തുറന്ന ജയിലില്‍ 20 വര്‍ഷമായി ശിക്ഷ അനുഭവിക്കുകയാണ് വിനോദും മണികണ്ഠനും. കേസിലെ മുഖ്യപ്രതി മണിച്ചന്റെ സഹോദരന്മാരാണ് ഇരുവരും.
2000 ഒക്ടോബര്‍ 21ന് ഉണ്ടായ ദുരന്തത്തില്‍ 31 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അഞ്ഞൂറില്‍ അധികം പേര്‍ ആശുപത്രികളില്‍ പ്രവേശിക്കപ്പെട്ടു. ജീവപര്യന്തം ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് വിനോദ് കുമാര്‍ ഒന്‍പത് തവണയും മണികണ്ഠന്‍ 12 തവണയും അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് തള്ളിയതിന് പിന്നാലെയാണ് ഇരുവരുടെയും ഭാര്യമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
മണിച്ചന്‍ നിലവില്‍ ജയിലിലാണ്. ജീവപര്യന്തം തടവിന് പുറമെ 43 വര്‍ഷം തടവും മണിച്ചന്‍ അനുഭവിക്കണം. കേസിലെ മുഖ്യപ്രതികളിലൊരാളായ ഹൈറുന്നീസ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിലില്‍ വെച്ച്‌ 2009ല്‍ മരിച്ചിരുന്നു. മണിച്ചന്റെ ഗോഡൗണില്‍ നിന്നും എത്തിച്ച്‌ ഹൈറുന്നീസയുടെ വീട്ടില്‍ വിതരണം ചെയ്ത മദ്യം കഴിച്ച്‌ കല്ലുവാതുക്കല്‍, പട്ടാഴി, പള്ളിപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെ ആളുകളാണ് മരിച്ചത്.

Related Articles

Back to top button