IndiaLatest

കർണാടകയിൽ ഗുരുദേവന്റെ 108 അടി ഉയരമുള്ള പ്രതിമ

“Manju”

കോഴിക്കോട്: ശ്രീനാരായണ ഗുരുദേവ ദർശനം രാജ്യവ്യാപകമായി പ്രചരിപ്പിക്കുന്നതിനും ഗുരുദേവനെ കുല ഗുരുവായി അംഗീകരിച്ച ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഉള്ള 35 സമുദായംഗങ്ങളിലും ശ്രീനാരായണ ധർമം അനുസരിച്ച് ആചാര അനുഷ്ഠാനങ്ങളിൽ ഏകീകരണം കൊണ്ടുവരണമെന്നുമുള്ള ഉദ്ദേശ്യ ലക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കുന്നതിന് വേണ്ടി കർണാടകയിൽ ഗുരുദേവന്റെ പേരിൽ ഒരു വിശ്വവിദ്യാലയവും അവിടെ 108 അടി ഉയരമുള്ള പൂർണകായ പ്രതിമയും സ്ഥാപിക്കുമെന്നു കർണാടക കേന്ദ്രമായി പ്രവർത്തിക്കുന്ന ആര്യ ഇഡിഗ രാഷ്ട്രീയ മഹാമണ്ഡലി ദേശീയ പ്രസിഡന്റ് ഡോ. പ്രണവാനന്ദ സ്വാമി അറിയിച്ചു.
ഗുരുദേവൻ അരുൾ ചെയ്ത പൂജാവിധികളും ആചാരനുഷ്ഠാനങ്ങളും ഗുരുവിനെ കുല ഗുരുവായി അംഗീകരിച്ച മുഴുവൻ സമുദായംഗങ്ങളിലും എത്തിക്കുന്നതിനും ഏകീകരിക്കുന്നതിനും വേണ്ടിയുള്ള ഒരു പഠന ഗവേഷണ കേന്ദ്രവും വിശ്വവിദ്യാലയത്തിൽ ഉണ്ടാകുമെന്നും സ്വാമിജി അറിയിച്ചു. ഇത് സംബന്ധിച്ച ദേശീയ പ്രചരണത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം നവംബർ മാസം 17 – ന് ഗോവയിൽ വെച്ച് നടക്കുo .
പൻജിം ഡോണാ പോളയിലുള്ള ഇന്റർനാഷണൽ സെന്ററിൽ ദ രാവിലെ 9 -30 ന് നടക്കുന്ന പ്രതിനിധി സമ്മേളനം കേന്ദ്ര ടൂറിസം – തുറമുഖ വകുപ്പുമന്ത്രി ശ്രീപാദ് നായിക്ക് ഉദ്ഘാടനം ചെയ്യും. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് മുഖ്യാതിഥിയായിരിക്കും. ശിവഗിരി മഠത്തിലെ സുകൃതാനന്ദ സ്വാമികൾ കർണാടക സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി, മുൻ മന്ത്രി മാലിക്കയ്യ ഗുട്ടേദാർ, മുൻ എം.എൽ.എ.എച്ച്.ആർ. ശ്രീനാഥ് ദണിഗലു , തണ്ടർഫോഴ്സ് മാനേജിംഗ് ഡയറക്ടർ അനിൽകുമാർ നായർ തുടങ്ങിയവർ വിശിഷ്ടാതിഥികളായിരിക്കും.
ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നൂറ്റമ്പത് പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ അധിവസിക്കുന്ന ശ്രീ നാരായണീയർ നേരിടുന്ന സാമൂഹികമായ അസമത്വങ്ങളെക്കുറിച്ചും സർക്കാർ നിയമനങ്ങളുൾപ്പെടെ സമുദായത്തിന് അർഹതപ്പെട്ട പരിഗണനയില്ലായ്മയെക്കുറിച്ചും വിശദമായി ചർച്ച ചെയ്യും.
സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരികയാണെന്നും ആദ്യമായിട്ടാണ് ശ്രീ നാരായണ ഗുരുദേവനെ കുല ഗുരുവായി അംഗീകരിച്ച മുഴുവൻ സമുദായങ്ങളുടെയും ദേശീയ സമ്മേളനം നടക്കുന്നതെന്നും സ്വാമി അറിയിച്ചു. സ്വാമിയോടൊപ്പം രാഷ്ട്രീയ മഹാ മണ്ഡലി ദേശീയ സമ്മേളനം പ്രോഗ്രാം കൺവീനർ സജീവ് നാണു ഗോവാ കൺവീനർ കെ.ആർ ശശീധരൻ എന്നിവർ സംബന്ധിച്ചു.

Related Articles

Back to top button