IndiaLatest

ഇന്ന് ദേശീയ വിദ്യാഭ്യാസ ദിനം

“Manju”

ഇന്ന് ദേശീയ വിദ്യാഭ്യാസ ദിനം. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാന അബുള്‍ കലാം ആസാദിന്റെ സ്മരണാര്‍ത്ഥമാണ് നവംബര്‍ 11ന് ദേശീയ വിദ്യാഭ്യാസ ദിനം ആചരിക്കുന്നത്. 1947 മുതല്‍ 1958 വരെ അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയായിരുന്നു. വിദ്യാഭ്യാസം, ദേശീയ വികസനം, സ്ഥാപന വികസനം എന്നീ മേഖലകളില്‍ അബുള്‍ കലാം ആസാദിന്റെ സംഭാവന വലുതായിരുന്നു. രാജ്യത്തെമ്പാടും ഈ ദിവസം വിവിധ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ജനങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുക എന്നതാണ് ഈ പരിപാടികളിലൂടെ ലക്ഷ്യമിടുന്നത്.

വിദ്യാഭ്യാസത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കാന്‍ ഇത് വഴിവെക്കും. സ്വാതന്ത്ര്യ സമര സേനാനി, പത്രപ്രവര്‍ത്തകന്‍, നവോത്ഥാന നായകന്‍, എന്നീ നിലകളില്‍ അബുള്‍ കലാം ആസാദ് ചരിത്രത്താളുകളില്‍ അറിയപ്പെടുന്നു. ഇന്ന് കാണുന്ന രാജ്യത്തെ ഐ.ഐ.ടികളുടേയും ഡല്‍ഹി സര്‍വകലാശാലയുടേയും പിന്നിലെ ബുദ്ധി കേന്ദ്രം അദ്ദേഹത്തിന്റേതായിരുന്നു. 1992ല്‍ രാജ്യം അദ്ദേഹത്തെ ഭാരത രത്‌നം നല്‍കി ആദരിച്ചു.

മൗലാന അബുള്‍ കലാം ആസാദ് 1947 മുതല്‍ അന്തരിക്കുന്ന 1958 ഫെബ്രുവരി 22 വരെ ഇന്ത്യയുടെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. 11 വര്‍ഷത്തെ ഭരണത്തില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ ചെറുതല്ല. സാഹിത്യത്തെയും ഫൈന്‍ ആര്‍ട്‌സിനെയും പ്രോത്സാഹിപ്പിച്ചു. യു.ജി.സി, എ.ഐ.സി.ടി.സി, ഖരക്പൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എജ്യൂക്കേഷന്‍, യൂണിവേഴ്‌സിറ്റി എജ്യൂക്കേഷന്‍ കമ്മീഷന്‍, സെക്കന്‍ഡറി എജ്യൂക്കേഷന്‍ കമ്മീഷന്‍ തുടങ്ങിയ ചില പ്രധാനപ്പെട്ട കമ്മീഷനുകള്‍ രൂപീകരിക്കപ്പെടുന്നത് മൗലാന അബുള്‍ കലാം ആസാദിന്റെ കാലഘട്ടത്തിലാണ്. സംഗീത നാടക അക്കാദമി, സാഹിത്യ അക്കാദമി, ലളിത കലാ അക്കാദമി തുടങ്ങിയവയും സ്ഥാപിതമായി.

2008 സെപ്റ്റംബര്‍ 11ന് മാനവ വിഭവശേഷി വികസന മന്ത്രാലയം മൗലാന അബുള്‍ കലാം ആസാദിന്റെ ജന്മദിനം ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അന്നു മുതല്‍ എല്ലാ വര്‍ഷവും ഈ ദിനം ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിച്ചു വരികയാണ്.

Related Articles

Check Also
Close
Back to top button