LatestMalappuram

എസ്‌ഐ മുഹമ്മദ് ഷഫീഖ് വിട പറഞ്ഞു

“Manju”

മലപ്പുറം: 24 വര്‍ഷം ശരീരം തളര്‍ന്ന് കിടപ്പിലായിരുന്നെങ്കിലും ടി.കെ. മുഹമ്മദ് ഷഫീഖ് പോലീസ് സേനയുടെ ഉള്‍കരുത്തിന്റെ പ്രതീകമായിരുന്നു.
ആ അപകടം അദ്ദേഹത്തിന്റെ ജീവിതത്തെ വഴി മാറ്റി. ജീവന്‍ തിരിച്ചു കിട്ടിയെങ്കിലും തുടര്‍ന്നുള്ള കാലം ദുരിതമായിരുന്നു. ശരീരം തളര്‍ന്നു പോയ അദ്ദേഹത്തെ പോലീസ് സേന കൈവിട്ടില്ല. പൊലീസ് വകുപ്പിന്റെ പൂര്‍ണ സഹകരണം ലഭിച്ചതോടെ സര്‍വീസില്‍ തുടര്‍ന്ന അദ്ദേഹം 5 വര്‍ ഷം മുന്‍പ് സിഐ ആയി വിരമിച്ചു. തിരൂര്‍ തെക്കുംമുറിയിലെ വീട്ടില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അന്ത്യം.

1987 ല്‍ എസ്‌ഐ ആയി ജോലിയില്‍ പ്രവേശിച്ച ഷഫീഖ് മണല്‍ മാഫിയയ്ക്കും ഗുണ്ടാസംഘങ്ങള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥന്‍ ആയിരുന്നു. 1997 ല്‍ കോഴിക്കോട് നടക്കാവില്‍ എസ്‌ഐ ആയിരിക്കെ, തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങി തെക്കുംമുറിയിലെ വീട്ടിലേക്ക് ബൈക്കില്‍ വരും വഴി പിന്നാലെയെത്തിയ മിനിലോറി ഇടിച്ചിടുകയായിരുന്നു. അരമണിക്കൂറിലേറെ റോഡില്‍ രക്തം വാര്‍ന്നു കിടന്ന എസ്‌ഐയെ പൊലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്.

പിന്നീട് ഏറെക്കാലം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും തലയ്ക്കും ശരീരഭാഗങ്ങള്‍ക്കും കനത്ത ക്ഷതമേറ്റതിനാല്‍ കഴുത്തിനു താഴെ ചലനശേഷി നഷ്ടപ്പെട്ടു. എസ്‌ഐയെ ഇടിച്ച വാഹനം സംബന്ധിച്ച അന്വേഷണങ്ങളും ഫലം കണ്ടില്ല. മണല്‍ മാഫിയ ഉള്‍പ്പെടെ നിരവധി നിയമലംഘകരില്‍ നിന്നും ഭീഷണി ഉണ്ടായിരുന്നു ഇദ്ദേഹത്തിന്. നീണ്ട ചികിത്സകള്‍ക്ക് ഒടുവില്‍ കുറച്ച്‌ കാലം അദ്ദേഹം സര്‍വീസില്‍ തിരിച്ചെത്തിയെങ്കിലും ശാരീരിക ബുദ്ധിമുട്ടുകള്‍ ഏറെ ഉണ്ടായിരുന്നു.

ഇടക്കിടെ ശരീരം തളരുന്ന അവസ്ഥ ഉണ്ടായിരുന്നു. ഒടുവില്‍ വിരമിക്കുന്ന സമയത്ത് അദ്ദേഹത്തിന് ഡിവൈഎസ്പി ആയി പ്രൊമോഷന്‍ നല്‍കിയിരുന്നു. പക്ഷേ അദ്ദേഹം അത് വേണ്ടെന്ന് എഴുതി നല്‍കി.

തൃശൂര്‍ കൊടുങ്ങല്ലൂര്‍ ആണ് ജന്മദേശം. ഭാര്യ സുഹ്‌റ കടുങ്ങാത്തുകുണ്ട് ഹൈ സ്കൂള്‍ ടീച്ചര്‍ ആണ്. ഒരു മകന്‍ ഡോക്ടര്‍ ഷൈസല്‍ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ജോലി ചെയ്യുന്നു.1987 ബാച്ച്‌ എസ്‌ഐ ആയി സര്‍വീസില്‍ പ്രവേശിച്ചതാണ്. കരുവാരക്കുണ്ട്, കല്‍പകഞ്ചേരി, തിരൂര്‍, കോഴിക്കോട് മാവൂര്‍ എന്നിവിടങ്ങളില്‍ എസ് ഐ ആയും കോഴിക്കോട് ക്രൈം ബ്രാഞ്ചില്‍ സി ഐ ആയും ജോലി ചെയ്തിട്ടുണ്ട്. സ്വദേശമായ കൊടുങ്ങല്ലൂര്‍ അത്താണി ജുമാ മസ്ജിദില്‍ ഇന്ന് കബറടക്കും.

Related Articles

Back to top button