ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം
ബുനാസ് ഐറിസ്: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഉറുഗ്വേയെ ഒരു ഗോളിന് തോല്‍പ്പിച്ച് അര്‍ജന്റീന. 7-ാം മിനിട്ടില്‍ ആഞ്ചല്‍ ഡി മരിയ നേടിയ ഗോളാണ് അര്‍ജന്റീനക്ക് ജയം സമ്മാനിച്ചത്. ജയത്തോടെ അര്‍ജന്റീന ലോകകപ്പ് യോഗ്യത നേടുമെന്ന് ഏറെക്കുറെ ഉറപ്പായി. നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് അര്‍ജന്റീന.
12 മത്സരങ്ങളില്‍ നിന്ന് 28 പോയിന്റാണ് അര്‍ജന്റീനക്കുള്ളത്. 12 മത്സരങ്ങളില്‍ നിന്ന് 34 പോയിന്റുള്ള ബ്രസീലാണ് പട്ടികയില്‍ ഒന്നാമത്. അടുത്ത അഞ്ച് മത്സരങ്ങളില്‍ ഒരു ജയം നേടുകയോ അല്ലെങ്കില്‍ കൊളംബിയ, ചിലെ, ഉറുഗ്വെ ടീമുകള്‍ ഒരു മത്സരം തോല്‍ക്കുകയോ ചെയ്താല്‍ തന്നെ അര്‍ജന്റീനയ്ക്ക് യോഗ്യത ഉറപ്പാക്കാം. 17ന് ബ്രസീലിനെതിരെയാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം.
പരിക്കില്‍ നിന്ന് മോചിതനായ ലയണല്‍ മെസിയെ ഉള്‍പ്പെടുത്താതെയാണ് കോച്ച് ലയണല്‍ സ്കലോണി ആദ്യ ഇലവനെ ഇറക്കിയത്. 76-ാം മിനുറ്റില്‍ പകരക്കാരനായി ഇറങ്ങിയെങ്കിലും മെസിക്ക് ഗോള്‍ നേടാനായില്ല. മെസിക്ക് പകരം പൗളോ ഡിബാലയാണ് ആദ്യ ഇലവനില്‍ ഇറങ്ങിയത്. പൂര്‍ണകായികക്ഷമത നേടിയാല്‍ മെസി ബ്രസീലിനെതിരെ മുഴുവന്‍ സമയവും കളിച്ചേക്കുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ കൊളംബിയയെ തോല്‍പ്പിച്ച് ബ്രസീല്‍ ലോകകപ്പ് യോഗ്യത നേടിയിരുന്നു. 13 മത്സരങ്ങള്‍ കളിച്ച ഉറുഗ്വേ 16 പോയിന്റുമായി പട്ടികയില്‍ 6-ാം സ്ഥാനത്താണ്. തോല്‍വിയോടെ ഉറുഗ്വേയുടെ ലോകകപ്പ് യോഗ്യത തുലാസിലായിരിക്കുകയാണ്.