India

രാജ്യവിരുദ്ധ പ്രസ്താവന ആവർത്തിച്ച് മെഹബൂബ മുഫ്തി

“Manju”

ന്യൂഡൽഹി: ഇന്ത്യാ വിരുദ്ധ പ്രസ്താവന ആവർത്തിച്ച് പിഡിപി നേതാവ് മെഹബൂബ മുഫ്തി. സാർക്കിന്റെ പോലും ഗുരുവാകാൻ സാധിക്കാത്ത ഇന്ത്യ, വിശ്വഗുരു എന്ന സ്വപ്നം മറക്കുന്നതാണ് നല്ലത് എന്നായിരുന്നു മെഹബൂബയുടെ വാക്കുകൾ. ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, ഭൂട്ടാൻ, മാലിദ്വീപ്, നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങൾ കൂടി ഉൾപ്പെടുന്ന കൂട്ടായ്മയാണ് സാർക്ക്.

ജമ്മു കശ്മീരിനെ സമാധാന മേഖലയായി പ്രഖ്യാപിച്ച് സൈന്യം പിന്മാറണം. ജമ്മു കശ്മീരിനെയും പാക് അധീന കശ്മീരിനെയും സാർക്ക് സഹകരണ മേഖലകളായി പ്രഖ്യാപിക്കണം. പാക് അധീന കശ്മീരിന് ലോകവുമായി ബന്ധപ്പെടാനുള്ള മാർഗമാണ് ചൈന- പാകിസ്താൻ സാമ്പത്തിക ഇടനാഴി. സമാനമായ പദ്ധതി ജമ്മു കശ്മീരിലും നടപ്പിലാക്കണമെന്നും മെഹബൂബ ആവശ്യപ്പെട്ടു.

ചൈന- പാകിസ്താൻ സാമ്പത്തിക ഇടനാഴിയിൽ മൂന്നാമതൊരു രാജ്യത്തെ കൂടി ഉൾപ്പെടുത്താനുള്ള നീക്കത്തെ നിശിതമായി വിമർശിച്ച് ഇന്ത്യ രംഗത്ത് വന്നതിന് പിന്നാലെയാണ് മെഹബൂബയുടെ പരാമർശങ്ങൾ എന്നത് ശ്രദ്ധേയമാണ്. ചൈന- പാകിസ്താൻ സാമ്പത്തിക ഇടനാഴി കടന്ന് പോകുന്ന പാക് അധീന കശ്മീർ ഇന്ത്യയുടെ നിയന്ത്രണത്തിൽ വരേണ്ട മേഖലയാണ് എന്ന ഇന്ത്യൻ വാദം നിലനിൽക്കെയാണ് മെഹബൂബ രാജ്യവിരുദ്ധ പരാമർശങ്ങൾ ആവർത്തിക്കുന്നത്.

ചൈന- പാകിസ്താൻ സാമ്പത്തിക ഇടനാഴിയിൽ കൂടുതൽ രാജ്യങ്ങളെ പങ്കാളികളാക്കാനുള്ള നീക്കത്തിനെതിരെ അതിരൂക്ഷ വിമർശനമാണ് വിദേശകാര്യ മന്ത്രാലയം ഉന്നയിച്ചത്. നടപടി നിയമവിരുദ്ധവും ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്തതുമാണ് എന്ന് വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button