IndiaKeralaLatest

ലോട്ടറി ടിക്കറ്റിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി നല്‍കി തട്ടിപ്പ്

“Manju”

സിന്ധുമോൾ. ആർ

ഹരിപ്പാട്; സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി നല്‍കി ലോട്ടറി കച്ചവടക്കാരെ കബളിപ്പിച്ചു പണവും ലോട്ടറി ടിക്കറ്റുകളും തട്ടിയെടുത്തതായി പരാതി നല്‍കിയിരിക്കുന്നു. സൈക്കിളില്‍ ലോട്ടറി ടിക്കറ്റ് വില്‍ക്കുന്ന നങ്ങ്യാര്‍കുളങ്ങര അകംകുടി തുണ്ടില്‍തെക്കതില്‍ ഡി.ദേവകുമാര്‍, ഹരിപ്പാട് വെട്ടുവേനി സ്വാമി മന്ദിരത്തില്‍ രാജന്‍ എന്നിവരെയാണ് പറ്റിച്ചിരിക്കുന്നത്. കാറില്‍ എത്തിയ ഒരാളാണിതു ചെയ്തതെന്നാണു പരാതിയില്‍ പറയുന്നത്.

ഇന്നലെ രണ്ടരയോടെ മുട്ടം ചൂണ്ടുപലക മുക്കിനു സമീപമാണ് സംഭവം നടക്കുന്നത്. കാറില്‍ എത്തിയ ആള്‍ അക്ഷയയുടെ 40 രൂപ വിലയുള്ള 20 ലോട്ടറി ടിക്കറ്റ് വാങ്ങുകയുണ്ടായി. വിലയായി നല്‍കിയത് വിന്‍ വിന്‍ ലോട്ടറിയുടെ 2000 രൂപ സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റിന്റെ കോപ്പിയാണ്. കച്ചവടക്കാരന്‍ ലിസ്റ്റ് പരിശോധിച്ചപ്പോള്‍ ഈ ടിക്കറ്റ് സമ്മാനാര്‍ഹമാണെന്നു ബോധ്യപ്പെട്ടതിനാല്‍ ലോട്ടറി ടിക്കറ്റുകളും ബാക്കി തുകയായ 1200 രൂപയും നല്‍കുകയുണ്ടായി.

തുടര്‍ന്ന് അദ്ദേഹം ടിക്കറ്റുകള്‍ വാങ്ങാറുള്ള ഹരിപ്പാട്ടുള്ള ഏജന്‍സിയിലെത്തി ടിക്കറ്റുകള്‍ വാങ്ങാന്‍ തീരുമാനിക്കുകയുണ്ടായി. അവിടെ നടത്തിയ പരിശോധനയിലാണ് ടിക്കറ്റ് വ്യാജമാണെന്നു അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ ഇതേ സംഭവം കരുവാറ്റ തിരുവിലഞ്ഞാല്‍ ക്ഷേത്രത്തിനു സമീപത്തും ആവര്‍ത്തിക്കുകയുണ്ടായി. ഒന്നരയോടെയാണു സംഭവം ഉണ്ടായത്. കാറില്‍ വന്നയാള്‍ അക്ഷയയുടെ 40 രൂപ വിലയുള്ള 10 ടിക്കറ്റുകളാണ് വെട്ടുവേനി സ്വാമി മന്ദിരത്തില്‍ രാജനില്‍ നിന്നു വാങ്ങിയത്.

വിന്‍ വിന്‍ ലോട്ടറിയുടെ സമ്മാനാര്‍ഹമായ 2000 രൂപയുടെ ടിക്കറ്റിന്റെ കോപ്പിയാണു നല്‍കിയതും. ടിക്കറ്റുകള്‍ക്ക് പുറമേ ബാക്കി 1600 രൂപ തിരികെ നല്‍കുകയുണ്ടായി. പുതിയ ലോട്ടറി ടിക്കറ്റുകള്‍ വാങ്ങുന്നതിനായി ദേവകുമാര്‍ എത്തിയ അതേ ഏജന്‍സിയില്‍ തന്നെ എത്തിയപ്പോഴാണ് തട്ടിപ്പു അറിയാന്‍ കഴിഞ്ഞത്. രണ്ട് ലോട്ടറി കച്ചവടക്കാര്‍ക്കും ലഭിച്ചത് കഴിഞ്ഞ 26 നു നറുക്കെടുപ്പു നടന്ന വിന്‍ വിന്‍ ലോട്ടറി ടിക്കറ്റിന്റെ കോപ്പിയാണ്. ഇവയുടെ നമ്പരുകള്‍ ഒന്നാണ്. ഇന്നലെ നറുക്കെടുപ്പ് നടന്ന അക്ഷയയുടെ ലോട്ടറി ടിക്കറ്റുകളാണ് രണ്ടിടങ്ങളിലും കച്ചവടക്കാരില്‍ നിന്നു വാങ്ങിയത്. പൊലീസില്‍ പരാതി നല്‍കി.

Related Articles

Back to top button