Latest

അച്ചാര്‍ ദിവസവും കഴിക്കുന്ന ശീലം ഒഴിവാക്കാം

“Manju”

കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഒരുപോലെ ഇഷ്ടപ്പെടുന്ന ഭക്ഷ്യ വിഭവമാണ് അച്ചാറുകള്‍. മാങ്ങ, നാരങ്ങ, നെല്ലിക്ക, വെളുത്തുള്ളി എന്നിവയില്‍ തുടങ്ങി മീനും ഇറച്ചിയും വരെ നാം അച്ചാറാക്കുന്നു. ഇവ മാസങ്ങളോളം കേടുവരാതെ നില്‍ക്കുകയും ചെയ്യും. ബാക്ടീരിയയുടെ വളര്‍ച്ച തടയുന്നതിനും രുചി കൂട്ടുന്നതിനുമായി ഉപ്പ്, വിനാഗിരി, കടുക്, മുളക് തുടങ്ങിയവയും അച്ചാറുകളില്‍ ഉപയോഗിക്കുന്നു. പഴകും തോറും രുചി കൂടി വരുന്ന ഇവ കേരളീയര്‍ക്ക് ഇന്നും അവിഭാജ്യഘടകം തന്നെയാണ്.
എന്നാല്‍ അച്ചാറിന്റെ അമിതമായ ഉപയോഗം ആരോഗ്യത്തിന് അപകടകരമാണ്. ചില ആന്റിഓക്സിഡന്റുകള്‍ അച്ചാറുകളില്‍ ഉണ്ടെങ്കിലും ആഴ്ചയില്‍ നാലോ അഞ്ചോ തവണ ചെറിയതോതില്‍ അച്ചാര്‍ ഭക്ഷണങ്ങള്‍ക്കൊപ്പം കഴിക്കുന്നത് ശരീരത്തില്‍ ചില ഗുണങ്ങള്‍ കിട്ടാനും ഉപകരിക്കും. എന്നാല്‍ അതൊരിക്കലും അമിതമാകരുത്. അമിത ഉപയോഗത്തിലൂടെ പല രോഗങ്ങള്‍ക്കും കാരണമായേക്കാം.
അള്‍സറിന് പ്രധാനകാരണം അച്ചാറിന്റെ അമിത ഉപയോഗമാണെന്ന് എല്ലാവര്‍ക്കും അറിയുന്നതാണ്. രാത്രികാലങ്ങളില്‍ പുളിയുള്ള ഭക്ഷണം കൂടുതലായി കഴിക്കുകയാണെങ്കില്‍ ദഹനം നടക്കുമ്ബോള്‍ അമിതമായ അസിഡിറ്റി ഉല്‍പാദിപ്പിക്കപ്പെടുകയും അത് വയറിന് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
വയറുവേദന, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്കും അച്ചാറിന്റെ അമിത ഉപയോഗമൂലം ഉണ്ടാകുന്നു. ഗ്യാസിന്റെ പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ പലരും അച്ചാറുകള്‍ ഉപയോഗിക്കാറുണ്ടെങ്കിലും പല അച്ചാറുകളും ഗ്യാസ് സംബന്ധമായ പ്രശ്നങ്ങള്‍ കൂട്ടുകയുള്ളൂ. എരിവും അസിഡിറ്റിയും വയറില്‍ ആസിഡിന്റെ ഉല്‍പാദനം കൂട്ടുന്നു. അതുകൊണ്ടുതന്നെ ഗ്യാസ്ട്രൈറ്റിസ് ഉള്ളവര്‍ അച്ചാറുകള്‍ മിതമായി മാത്രമേ ഉപയോഗിക്കാവൂ.

അമിതമായ അളവില്‍ അച്ചാര്‍ കഴിക്കുന്നത് വൃക്കയുടെ അധ്വാനഭാരം കൂട്ടുന്നു. അച്ചാറുകള്‍ കേടായി പോകാതിരിക്കാന്‍ ആവശ്യത്തിലധികം ഉപ്പ് ചേര്‍ക്കും. ഉപ്പിന്റെ അമിതമായ ഉപയോഗം കാരണം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ കിഡ്നി പ്രവര്‍ത്തിക്കുകയും കിഡ്നിയുടെ അധ്വാനഭാരം കൂട്ടുകയും ചെയ്യുന്നു. അതിനാല്‍ കിഡ്നി രോഗമുള്ളവരും അച്ചാറു ഉപയോഗിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതുണ്ട്. എണ്ണയുടെ ഉപയോഗവും അച്ചാറില്‍ അമിതമായുണ്ട്. അച്ചാര്‍ കേടുകൂടാതെ സംരക്ഷിക്കാനും രുചി വര്‍ദ്ധിപ്പിക്കാനും ഫംഗസ് ഉണ്ടാകുന്നത് തടയാനുമാണ് എണ്ണ സഹായിക്കുന്നത്. അച്ചാറില്‍ എണ്ണ അമിതമായി ഉപയോഗിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കൂട്ടാനും ഹൃദയത്തെ ദോഷകരമായി ബാധിക്കാനും കാരണമാകും.

Related Articles

Back to top button