KeralaLatestThiruvananthapuram

നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലക്കയറ്റം‍ രൂക്ഷം

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് അരിക്കും പച്ചക്കറിക്കും പിന്നാലെ പലചരക്ക് സാധനങ്ങളുടെ വിലയും കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ പത്ത് മുതല്‍ ഇരുപത് ശതമാനം വരെയാണ് വില വര്‍ദ്ധനവ്. വില ഇനിയും കൂടുമെന്ന് വ്യാപാരികള്‍ പറയുന്നു. മഴക്കെടുതിയും ഇന്ധനവില വര്‍ദ്ധനവുമാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. പാക്കറ്റിലെത്തുന്ന ഭക്ഷ്യ സാധനങ്ങള്‍ക്കും വില കൂടിയിട്ടുണ്ട്.

പച്ചക്കറി വില അടുക്കളയുടെ താളം തെറ്റി സാധാരണക്കാരന്റെ ജീവിതം വഴിമുട്ടി നില്‍ക്കുമ്പോഴാണ് നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം. ഒരാഴ്ചയ്ക്കിടെ ആറ് രൂപയുടെ വര്‍ദ്ധനവാണ് ഒരു കിലോ അരിയില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ സംസ്ഥാനത്ത് വലിയ വിലക്കയറ്റം ഉണ്ടായിരുന്നില്ല. എന്നാല്‍ പെട്ടെന്നാണ് വില വര്‍ദ്ധിച്ചത്. പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ ഉണ്ടായ നെല്‍കൃഷി നാശവും കേരളത്തിലെ അരി വില ഉയരാന്‍ കാരണമാണെന്ന് വ്യാപാരികള്‍ പറയുന്നു. കര്‍ണാടകയില്‍ നിന്നുള്ള മുട്ട അരിക്ക് ഒരാഴ്ചക്കിടെ എട്ടു രൂപയാണ് കൂടിയത്.
പച്ചക്കറികളുടെ വില വര്‍ദ്ധനവ് ഹോട്ടല്‍ വ്യവസായത്തെയും സാരമായി ബാധിച്ചു. തിരുവനന്തപുരത്ത് വെണ്ടയ്ക്കയ്ക്കും ബീന്‍സിനും കിലോയ്ക്ക് നൂറ് രൂപയ്ക്ക് അടുത്തെതിയതായണ് റിപ്പോര്‍ട്ട്. ഒരു മാസത്തിനിടെയാണ് പച്ചക്കറികള്‍ക്ക് വില വര്‍ധിച്ചത്. പച്ചക്കറികള്‍ എത്തുന്ന തമിഴ്‌നാട്, കര്‍ണ്ണാടക സംസഥാനങ്ങളില്‍ കനത്ത മഴയായതിനാല്‍ കൃഷി നശിച്ചിരിക്കുകയാണ്. പച്ചക്കറിയുടെ വരവും അതിനാല്‍ നിലച്ചു. ഇതാണ് പച്ചക്കറി വിപണിക്ക് തിരിച്ചടിയായത്. തമിഴ്‌നാട്ടില്‍ നിന്നുള്ള എല്ലാ പച്ചക്കറികള്‍ക്കും വില കൂടി.

ഉളളിയുടെ വിലയും കൂടിയതിനാല്‍ ഇറച്ചി വിഭവങ്ങള്‍ക്കും ചെലവ് കൂടും. മണ്ഡലകാലമായതിനാല്‍ പല വീടുകളിലും സസ്യാഹാരം ആണ് കൂടുതലും. പക്ഷെ പുറത്തു നിന്ന് പച്ചക്കറി വാങ്ങി പാചകം ചെയ്യാന്‍ വില സമ്മതിക്കില്ല എന്ന സാഹചര്യമാണ്. പലരും ഇപ്പോള്‍ വീട്ടില്‍ തന്നെ പച്ചക്കറികള്‍ നട്ടുനനച്ച്‌ വളര്‍ത്തുകയാണ്. ഇനി അതുമാത്രമാണ് സസ്യാഹാരികള്‍ക്ക് ആശ്രയം. കല്യാണമാസം കൂടിയായതിനാല്‍ പച്ചക്കറിക്ക് ആവശ്യക്കാര്‍ വളരെ കൂടുതലാണ്. വരവ് നിലച്ചത്തോടെ ലഭിക്കുന്നവക്ക് കനത്ത വില നല്‍കണം.
വിലക്കയറ്റത്തെ പിടിച്ചുകെട്ടാന്‍ സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്യുന്നില്ലെന്ന് വ്യാപരികള്‍ പറയുന്നു. പച്ചക്കറികള്‍ ലഭിച്ചാല്‍ തന്നെ പൊളളുന്ന വിലയില്‍ ആരും വാങ്ങുന്നില്ല. എടുത്തുവെക്കുന്നവ ചീത്തയാകുന്നു. പെട്രോളിനും ഡീസലിനുമുള്ള വാറ്റ് കുറയ്ക്കാത്തത് കേരളമടക്കം പത്തു സംസ്ഥാനങ്ങളാണ്. കേന്ദ്ര എക്‌സൈസ് തീരുവ കുറച്ചതിനു പിന്നാലെ, രാജ്യത്തെ 25 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും വാറ്റ് കുറച്ചിട്ടുണ്ടായിരുന്നു.

ഇന്ധനവിലകള്‍ക്ക് എന്തെങ്കിലും മാറ്റം വരുത്തിയാല്‍ മാത്രമേ സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ വഴിയുളളു. പച്ചകറികള്‍ക്ക് ഏകദേശം എല്ലാത്തിനും നൂറ് രൂപ കൂടുതല്‍ ആയിക്കഴിഞ്ഞു. ഒരു കിലോ പയര്‍ പോലും വാങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് കേരളത്തിലെ ജനങ്ങള്‍ക്ക്.

Related Articles

Back to top button