KeralaLatest

പോലീസ് സേനയിൽ നിന്നും സന്ന്യാസസംഘത്തിലേക്ക്; സി.പി.മനോജ്കുമാറിന് ഇത് ധന്യനിമിഷം

“Manju”

പോത്തൻകോട്: സംസ്ഥാനപോലീസ് സേനയിൽ നിന്നും ഒരാൾ ശാന്തിഗിരി ആശ്രമത്തിന്റെ സന്ന്യാസസംഘത്തിലേക്ക് എത്തുന്നു. തലശ്ശേരി – പാനൂർ സ്വദേശി സി.പി. മനോജ്കുമാറിന് ഇത് ജീവിതത്തിലെ ധന്യനിമിഷം. കുട്ടിക്കാലത്ത് ആശ്രമം പോലുള്ള സ്ഥാപനങ്ങളോട് അധികം താൽപ്പര്യമുണ്ടായിരുന്നില്ല. ഏകലവ്യൻ എന്ന സിനിമയിലെ ആശ്രമ സങ്കൽപ്പമായിരുന്നു മനസ്സിൽ. 1997 കാലഘട്ടത്തിലാണ് അടുത്ത ബന്ധുവിന്റെ ക്ഷണപ്രകാരം ആദ്യമായി ആശ്രമം സന്ദർശിക്കുന്നത്. ആശ്രമങ്ങളെക്കുറിച്ച് മനസ്സിലുണ്ടായിരുന്ന ചിത്രമായിരുന്നില്ല ശാന്തിഗിരി ആശ്രമത്തിലേത്. ആദ്യം കണ്ടത് അച്ഛനും അമ്മയും മക്കളുമായി സന്തോഷത്തോടെ ആശ്രമത്തിൽ നിൽക്കുന്ന മുഖങ്ങളെയാണ്. ആശ്രമത്തിന്റെ ചുവരുകളിൽ ആലേഖനം ചെയ്തിരുന്ന ഗുരുവാണികൾ മനസ്സിൽ പതിഞ്ഞു. ഇതൊരു നല്ല ആശയമാണെന്ന് തോന്നുകയും നവജ്യോതിശ്രീകരുണാകരഗുരുവിനെ കണ്ടപ്പോൾ ചിരപരിചിതനായ ഒരാളോട് തോന്നുന്ന തരത്തിലുള്ള വല്ലാത്ത ആത്മബന്ധം അനുഭവപ്പെടുകയും ചെയ്തുവെന്ന് മനോജ്കുമാർ.സി.പി ശാന്തിഗിരി ന്യൂസിനോട് പറഞ്ഞു. പിന്നീട് ഒരിക്കൽ ഒരു ഗുരു ജയന്തി ദിനത്തിൽ കുടുംബത്തോടൊപ്പം ഗുരുവിനെക്കാണാൻ വന്നു. ഇടയ്ക്കിടയ്ക്ക് എല്ലാവരും ആശ്രമത്തിൽ വന്നുപോകാൻ തുടങ്ങി. കുടുംബ പ്രാരാബ്ദങ്ങൾ മൂലം ബുദ്ധിമുട്ടിയിരുന്ന അച്ഛനോട് ഒരിക്കൽ ഗുരു പറഞ്ഞത് കടമുണ്ടെന്ന് കരുതി ആരും നിന്റെ കഴുത്തിന് പിടിക്കാൻ വരില്ലെന്നാണ്. ആ വാക്കുകൾ അച്ഛന് വലിയ ആശ്വാസമായി. ജീവിതത്തിൽ ഓരോ പ്രതിസന്ധി ഘട്ടത്തിലും ഗുരു തണലായി.

ആശ്രമത്തിന്റെ യൂണിറ്റായ ഫാർമകെയറിൽ സേവനത്തിന് കയറിയെങ്കിലും മനോജിന് 1999 ജൂലൈയിൽ പോലീസ് സേനയിൽ ജോലി ലഭിച്ചു. കെ.എ.പി. നാലാം ബറ്റാലിയൻ, സ്റ്റേറ്റ് റാപ്പിഡ് ആക്ഷൻ ഫോഴ്സ്, കണ്ണൂർ ആംഡ് റിസർവ് എന്നിവിടങ്ങളിൽ സേവനം. 2008ൽ ബ്രഹ്മചര്യം സ്വീകരിച്ചു. പോലീസിൽ തുടരുന്നതിനുള്ള ബുദ്ധിമുട്ട് കൊണ്ട് ജോലിയിൽ നിന്ന് രാജിവയ്ക്കാൻ ആഗ്രഹമുണ്ടായെങ്കിലും ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിത അനുവദിച്ചില്ല. ‘ഇപ്പോൾ വേണ്ട, സമയമാകട്ടെ’ എന്നായിരുന്നു നിർദേശം. 2012 മുതൽ 2018 വരെ സംസ്ഥാന ക്രൈം റിക്കോർഡ്സ് ബ്യൂറോയിൽ സേവനമനുഷ്ഠിച്ചു. 2018 മുതൽ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് വിഭാഗത്തിൽ അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ ആയി സേവനമനുഷ്ഠിച്ചു വരുന്നു. ഡ്യൂട്ടിസമയത്തിനു ശേഷം ആശ്രമത്തിന്റെ വിവിധ കർമ്മരംഗങ്ങളിൽ സജീവമാകുകയായിരുന്നു പതിവ്. സന്ന്യാസം ലഭിക്കുന്നതോടെ പോലീസ് സേനയിൽ നിന്നും സ്വമേധയാവിരമിക്കലിന് ഒരുങ്ങുകയാണ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായ ഇദ്ദേഹം . 2022 ഒക്ടോബർ 5 ന് ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിത 20 പേർക്കൊപ്പം സി.പി.മനോജ്കുമാറിനും സന്ന്യാസ ദീക്ഷ നൽകും. വാസു- വാസന്തി ദമ്പതികളുടെ മകനാണ്. മൂന്ന് സഹോദരങ്ങളുണ്ട്. സന്ന്യാസദീക്ഷ ലഭിക്കുന്ന ചടങ്ങിൽ കുടുംബാംഗങ്ങളെല്ലാം പങ്കെടുക്കുമെന്നും അദ്ദേഹം ശാന്തിഗിരി ന്യൂസിനോട് പറഞ്ഞു.

Related Articles

Back to top button