IndiaLatest

തക്കാളി വില സെഞ്ചുറിയിലേക്ക്

“Manju”

കാലംതെറ്റിയുള്ള മഴയില്‍ കനത്ത വിളനാശം സംഭവിച്ചതോടെ തക്കാളിയുടെ വില കുതിച്ചുയരുന്നു. മെട്രോ നഗരങ്ങളില്‍ ഒരു കിലോയ്ക്ക് 93 രൂപയാണ് വില. വിപണികളില്‍ തക്കാളി വരവ് കുറഞ്ഞതോടെയാണ് വില നൂറിലേക്ക് കുതിക്കുന്നത്. കൊല്‍ക്കത്തയില്‍ ഒരു കിലോ തക്കാളിക്ക് 93 രൂപയാണ് വില. കേരളത്തില്‍ ചില്ലറ വിപണിയില്‍ കിലോയ്ക്ക് 85 രൂപയാണ്. ചെന്നൈയില്‍ 60 രൂപയും ഡല്‍ഹിയില്‍ 59 രൂപയും മുംബൈയില്‍ 53 രൂപയുമാണ്.

കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്റെ നിരീക്ഷണത്തില്‍ 175 ഓളം നഗരങ്ങളില്‍ 50 ലധികം നഗരങ്ങളില്‍ തക്കാളിയുടെ ചില്ലറ വില്‍പ്പന വില കിലോയ്ക്ക് 50 രൂപയിലധികമാണ്. മൊത്ത വിപണികളിലും തക്കാളിക്ക് ഉയര്‍ന്ന വിലയാണ്. കൊല്‍ക്കത്തയില്‍ മൊത്ത വിപണിയില്‍ തക്കാളി കിലോയ്ക്ക് 84 രൂപയാണ്. ചെന്നൈയില്‍ 52 രൂപയും മുംബൈയില്‍ 30 രൂപയും ഡല്‍ഹിയില്‍ 29.50 രൂപയുമാണ്.
തക്കാളി ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളില്‍ പതിവിന് വിരുദ്ധമായി കനത്ത മഴ ലഭിച്ചതിനാല്‍ വലിയ തോതില്‍ വിളനാശം സംഭവിച്ചു. ഇതേ തുടര്‍ന്ന് വിപണിയിലെത്തുന്ന തക്കാളിയുടെ അളവിലും പതിന്മടങ്ങ് കുറവ് വന്നു. ഇതോടെയാണ് വില കുതിച്ചുയരുന്നത്. ഒരാഴ്ച മുമ്പ് മുംബൈയില്‍ എത്തിയിരുന്നത് 290 ടണ്‍ തക്കാളിയാണെങ്കില്‍ ഒക്ടോബര്‍ 16ന് എത്തിയതാകട്ടെ 241 ടണ്‍ മാത്രം. മറ്റ് നഗരങ്ങളിലും തക്കാളിയുടെ അളവില്‍ കുറവുണ്ടായി. ”മഴ കാരണം ഗുണനിലവാരമുള്ള തക്കാളി കിട്ടാനില്ല. വന്നിരിക്കുന്ന തക്കാളിയില്‍ നിന്നും നല്ലതുമാത്രമാണ് ഉപഭോക്താക്കള്‍ തെരഞ്ഞെടുക്കുന്നത്. ഇതു കാരണം ഒരുപാട് തക്കാളി പാഴായി പോകുന്നു. അതുകൊണ്ട് ഈ നഷ്ടം കൂടി ഞങ്ങള്‍ക്ക് നികത്തേണ്ടതുണ്ട്”- ഡല്‍ഹി കരോള്‍ ബാഗ് കോളനിയില്‍ പച്ചക്കറി വില്‍ക്കുന്ന ശിവ്ലാല്‍ യാദവ് പറയുന്നു.

സംസ്ഥാനങ്ങളില്‍ ഇത് തക്കാളിയുടെ വിളപ്പെടുപ്പ് കാലമാണ്. “മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ ഉത്പാദക സംസ്ഥാനങ്ങളിലെ കാലവര്‍ഷക്കെടുതിയില്‍ വിളനാശമുണ്ടായി, ഇത് ഡല്‍ഹി പോലുള്ള ഉപഭോഗ വിപണികളിലേക്കുള്ള വിതരണത്തെ ബാധിച്ചു. ഇത് മൊത്ത, ചില്ലറ വിപണികളില്‍ വില ഉയരാന്‍ കാരണമായി.”- ആസാദ്പൂര്‍ ടൊമാറ്റോ അസോസിയേഷന്‍ പ്രസിഡന്റ് അശോക് കൗശിക് കഴിഞ്ഞ ആഴ്ച പറഞ്ഞു.
നട്ട് ഏകദേശം 2-3 മാസത്തിനുള്ളില്‍ തക്കാളി വിളവെടുപ്പിന് പാകമാകും. വിപണിയുടെ ആവശ്യത്തിനനുസരിച്ചാണ് വിളവെടുപ്പ്. നാഷണല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ റിസര്‍ച്ച്‌ ആന്‍ഡ് ഡെവലപ്‌മെന്റ് ഫൗണ്ടേഷന്റെ കണക്കനുസരിച്ച്‌, ചൈനയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തക്കാളി ഉല്‍പ്പാദകരായ ഇന്ത്യ, 7.89 ലക്ഷം ഹെക്ടര്‍ പ്രദേശത്ത് നിന്ന് ഏകദേശം 19.75 ദശലക്ഷം ടണ്‍ തക്കാളിയാണ് ഉത്പാദിപ്പിക്കുന്നത്.

Related Articles

Back to top button