LatestThiruvananthapuram

സര്‍ക്കാര്‍ ഓഫീസുകളില്‍ ഇ-ഫയല്‍ മാത്രം

“Manju”

തിരുവനന്തപുരം: ഈ മാസത്തോടെ സെക്രട്ടേറിയറ്റിലെ മാതൃകയില്‍ സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലെയും ഫയല്‍നീക്കം പൂര്‍ണമായി ഇ-ഓഫീസ് വഴിയാക്കും. സര്‍ക്കാര്‍വകുപ്പുകള്‍ തമ്മിലുള്ള ആശയവിനിമയം ഇലക്ട്രോണിക്കാക്കി മാറ്റാനുള്ള സാങ്കേതിക ഒരുക്കങ്ങള്‍ ഉടനടി പൂര്‍ത്തിയാക്കാന്‍ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് പ്രത്യേകം നിര്‍ദേശം നല്‍കി. ഇത് നടപ്പാകുന്നതോടെ സര്‍ക്കാര്‍ ഓഫീസുകളില്‍ കടലാസുഫയലുകളുണ്ടാവില്ല.

സെക്രട്ടേറിയറ്റിലെ ഫയല്‍നീക്കം നേരത്തേതന്നെ ഓണ്‍ലൈനാക്കിയിരുന്നു. ഫയല്‍നീക്കം സുഗമമാക്കാനും ഫയല്‍ പരിശോധിക്കുന്ന ഉദ്യോഗസ്ഥതട്ടുകളുടെ എണ്ണംകുറയ്ക്കാനുമായി നവംബര്‍ 26-ന് കേരള സെക്രട്ടേറിയറ്റ് മാന്വലില്‍ ഭേദഗതി വരുത്തി. മറ്റു സര്‍ക്കാര്‍ ഓഫീസുകള്‍ക്കുള്ള ഓഫീസ് നടപടിച്ചട്ടം ഡിസംബര്‍ മൂന്നിന് ഭേദഗതിചെയ്തു.

ഇതിനുപുറമേ, കേന്ദ്ര ഐ.ടി. മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ (എന്‍.ഐ.സി) സജ്ജമാക്കിയ ഏറ്റവും പുതിയ ഇ-ഓഫീസ് സോഫ്റ്റ്‌വെയർ എല്ലാ ഓഫീസുകള്‍ക്കും ലഭ്യമാക്കി. ഇങ്ങനെ, സര്‍ക്കാരിന്റെ ഫയല്‍നീക്കം മുഴുവനായി ഈ മാസത്തോടെ ഇ-ഓഫീസിലേക്കു മാറ്റാനാണ് നിര്‍ദേശം. ഫയല്‍നീക്കമറിയാന്‍ പൗരന്മാര്‍ക്ക് കൂടുതല്‍ അവസരമൊരുക്കി പൊതുജനപ്രശ്‌നപരിഹാരവും പൂര്‍ണമായി ഓണ്‍ലൈനാവും.

ഒരു ഫയല്‍നീക്കത്തിനു ചുരുങ്ങിയത് രണ്ടാഴ്ചയാണ് സമയം. ഇ-ഓഫീസോടെ വലിയ നടപടിക്രമങ്ങള്‍ ഇല്ലാത്ത ഫയല്‍നീക്കം അഞ്ചുമിനിറ്റില്‍ സാധ്യമാവും. ഓഫീസുകള്‍ തമ്മിലുള്ള കത്തിടപാടുകള്‍, ഉത്തരവുകള്‍, സര്‍ക്കുലര്‍, രശീതി, ഫയല്‍ തുടങ്ങിയവയൊക്കെ ഇ-ഓഫീസിലൂടെ അയക്കും.


Related Articles

Back to top button