LatestThiruvananthapuram

ക്ഷയരോഗ നിര്‍മാര്‍ജ്ജനപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തും കളക്ടര്‍

“Manju”

തിരുവനന്തപുരം: 2025 ഓടെ ജില്ലയില്‍ നിന്ന് ക്ഷയരോഗം പൂര്‍ണമായും നിര്‍മാര്‍ജ്ജനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസ. ആരോഗ്യവകുപ്പ്, തദ്ദേശഭരണസ്ഥാപനങ്ങള്‍, തൊഴില്‍ വകുപ്പ് , ഫിഷറീസ്, ആശ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അംഗനവാടി പ്രവര്‍ത്തകര്‍, എന്നിവരുമായി സഹകരിച്ച്‌ ലക്ഷ്യം പൂര്‍ത്തിയാക്കും. ദേശീയ ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന പരിപാടിയുമായി ബന്ധപ്പെട്ട് കളക്റ്ററേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

പഞ്ചായത്ത് തലത്തില്‍ ടി.ബി ട്രീറ്റ്മെന്റ്റ് സപ്പോര്‍ട്ടീവ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ യോഗങ്ങള്‍ ചേരും. ജില്ലാ ക്ഷയരോഗനിര്‍മാര്‍ജ്ജന ബോര്‍ഡിന്റെ നേതൃത്വത്തില്‍ പരിശീലനപരിപാടികള്‍ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. തീരപ്രദേശങ്ങളില്‍ ക്ഷയരോഗ നിര്‍ണയ പരിശോധനകള്‍ വര്‍ധിപ്പിക്കും.

ആയുര്‍വേദ, ഹോമിയോ ഡോക്ടര്‍മാര്‍ക്കും ഇതിനായി പ്രത്യേക പരിശീലനം നല്‍കാന്‍ നടപടികള്‍ സ്വീകരിക്കും. ആദിവാസി മേഖലകള്‍, കോളനികള്‍, അതിഥിത്തൊഴിലാളി ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍ രോഗനിര്‍ണ്ണയ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ക്ഷയരോഗനിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ടി.ബി ഡെത്ത് ഓഡിറ്റ് കമ്മിറ്റി രൂപീകരിക്കാനും യോഗം തീരുമാനിച്ചു.

ഐ.എം.എ എക്സിക്യൂട്ടീവ് മെമ്പര്‍ ഡോ.വിവേക് കെ.ബി, ജില്ലാ ടി.ബി ഓഫീസര്‍ ഡോ. ഹരി.എസ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ആശ വിജയന്‍, ആര്‍.സി.എച്ച്‌ ഓഫീസര്‍ ഡോ. ദിവ്യ സദാശിവന്‍, ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.കെ പ്രിയദര്‍ശിനി, ആരോഗ്യ പ്രവര്‍ത്തകര്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

Related Articles

Back to top button