IndiaLatest

റാവത്തിന്റെ മരണം ആശുപത്രിയിലേക്കുളള മധ്യേ; സംസ്‌കാരം ഡല്‍ഹിയില്‍

“Manju”

ഡല്‍ഹി : കൂനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മൃതദേഹം നാളെ ഡല്‍ഹിയില്‍ സംസ്‌കരിക്കും.
ഡല്‍ഹി കന്റോണ്‍മെന്റ് ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തിലാണ് സംസ്‌കാരം. കൂനൂര്‍ മദ്രാസ് റെജിമെന്റല്‍ സെന്ററില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹത്തില്‍ സഹപ്രവര്‍ത്തകര്‍ ആദരാഞ്ജലി അര്‍പ്പിക്കും. ഇന്ന് എട്ടുമണിക്ക് വെല്ലിങ്ടണ്‍ സൈനിക ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വെക്കും. ബിപിന്‍ റാവത്തിന്റെ ഭൗതിക ശരീരം ഇന്ന് വൈകീട്ട് സലൂര്‍ വ്യോമതാവളത്തില്‍ എത്തിച്ച്‌ ഡല്‍ഹിയിലേക്ക് കൊണ്ടുപോകും.
അതേസമയം, ബിപിന്‍ റാവത്തിനെ അപകടസ്ഥലത്തുനിന്ന് കണ്ടെത്തുമ്ബോള്‍ ജീവനുണ്ടായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ആശുപത്രിയിലേക്കുളള വഴിമധ്യേയാണ് ബിപിന്‍ റാവത്ത് മരിച്ചത്. അപകടസ്ഥലത്തുനിന്ന് എടുത്തപ്പോള്‍ റാവത്ത് പേരു പറഞ്ഞ് സംസാരിച്ചെന്നും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. അപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ തൃശൂര്‍ മരത്തക്കര സ്വദേശിയായ ജൂനിയര്‍ വാറന്റ് ഓഫിസര്‍ എ പ്രദീപിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും.
കോയമ്ബത്തൂരില്‍ നിന്ന് ഊട്ടിയിലേക്ക് പോകുന്ന വഴിക്ക് കുനൂരില്‍ വെച്ചാണ് അപകടമുണ്ടായത്. തകര്‍ന്നു വീണയുടന്‍ പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതാണ് നാല് പേരെ ദ്രുതഗതിയില്‍ പുറത്തെത്തിക്കാന്‍ സഹായിച്ചതെന്നാണ് വിവരം. വ്യോമസേനയുടെ എം.ഐ സീരീസ് ഹെലികോപ്റ്ററാണ് തകര്‍ന്നു വീണത്.
കൂനൂരില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരെയുള്ള കട്ടേരി പാര്‍ക്കില്‍ ഉച്ചയ്ക്ക് 12.30നായിരുന്നു അപകടം നടന്നത്. വ്യോമസേനയുടെ എംഐ 17 വി 5 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. കോയമ്ബത്തൂരിലെ സുലൂര്‍ വ്യോമസേനത്താവളത്തില്‍ നിന്ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലെ ഡിഫന്‍സ് സര്‍വീസസ് കോളേജിലേക്ക് പോവുകയായിരുന്നു സംഘം. കോളജില്‍ സംഘടിപ്പിച്ച കേഡറ്റ് ഇന്ററാക്ഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കാനായിരുന്നു യാത്ര.ഡല്‍ഹിയില്‍ നിന്ന് രാവിലെയാണ് ബിപിന്‍ റാവത്തും സംഘവും പ്രത്യേക വിമാനത്തില്‍ സുലൂര്‍ വ്യോമകേന്ദ്രത്തില്‍ എത്തിയത്. പക്ഷെ കനത്തമഞ്ഞ് കാരണം ഹെലികോപ്ടര്‍ ഇറക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് സുലൂരിലേക്ക് മടങ്ങി. ഏകദേശം 12.20ന് ശേഷം കുനൂരിലെ കട്ടേരി ഫാമിന് സമീപത്തേക്കായി ഹെലികോപ്ടര്‍ തകര്‍ന്നു വീഴുകയായിരുന്നു.
ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത് എന്നിവര്‍ക്ക് പുറമെ ബ്രിഗേഡിയര്‍ എല്‍.എസ് ലിഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിംഗ്, എന്‍.കെ ഗുര്‍സേവക് സിംഗ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് ഹെലികോപ്ടറിലെ യാത്രക്കാരുടെ പട്ടികയിലുണ്ടായിരുന്നത്.
ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് രക്ഷപ്പെട്ടതായി വ്യോമസേന അറിയിച്ചു. അപകടകാരണത്തെ കുറിച്ച്‌ വ്യോമസേന അന്വേഷണം തുടരുകയാണ്. അപകടത്തെക്കുറിച്ച്‌ അന്വേഷിക്കുന്ന വ്യോമസേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

Related Articles

Back to top button