IndiaLatest

ആധാറും തിരിച്ചറിയല്‍ കാര്‍ഡും ബന്ധിപ്പിക്കാന്‍ അനുമതി

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് ആധാര്‍ നമ്പറും തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാന്‍ അനുമതി നല്‍കുന്ന നിയമ ഭേദഗതി ബില്‍ പാസാക്കി ലോക്‌സഭ. ശബ്ദവോട്ടുകളോടെയാണ് ‘ദ ഇലക്ഷന്‍ ലോസ് (അമെന്‍ഡ്‌മെന്റ്) ബില്‍ 2021’ സഭയില്‍ പാസായത്. അതേസമയം, ആധാര്‍ നമ്പറുമായി തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ബന്ധിപ്പിക്കുന്നതിനെതിരെ കോണ്‍ഗ്രസ്, എ.ഐ.എം.ഐ.എം., ബി.എസ്.പി. തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.

കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പൗരന്മാരുടെ ഭരണഘടനാ അവകാശങ്ങളെ ലംഘിക്കുന്നതാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി . ആധാറും തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിലൂടെ പൗരന്മാരുടെ സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിക്കപ്പെടുമെന്നും പ്രതിപക്ഷം ആരോപിച്ചു. കൂടാതെ ബില്‍ പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. നിയമമന്ത്രി കിരണ്‍ റിജിജുവാണ് ബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ ബഹളവും പ്രതിഷേധവും കാറ്റില്‍ പറത്തിയാണ് ബില്‍ പാസായത്.

കള്ളവോട്ടു തടയുക എന്നതാണ് ഭേദഗതി ബില്‍ ലക്ഷ്യംവെക്കുന്നത്. ആധാറും തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതോടെ ഇരട്ടവോട്ട് ഇല്ലാതാകും. ഒരാള്‍ക്ക് ഒരിടത്തുമാത്രമേ വോട്ട് രേഖപ്പെടുത്താന്‍ കഴിയൂ. തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തിയ പൈലറ്റ് പ്രോജക്‌ട് വിജയമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭേദഗതി നിര്‍ദേശം സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കപ്പെട്ടത്. വോട്ടര്‍ കാര്‍ഡില്‍ പേര് ചേര്‍ക്കുന്നതിനൊപ്പം ആധാര്‍ നമ്പര്‍കൂടി രേഖപ്പെടുത്തണമെന്ന് ഭേദഗതി ബില്‍ നിര്‍ദേശിക്കുന്നുണ്ട്.

ഒരു വ്യക്തിയുടെ പേര് വിവിധ സ്ഥലത്തെ വോട്ടര്‍പ്പട്ടികയില്‍ ഉള്‍പ്പെടുന്ന പ്രശ്‌നം (ഇരട്ടവോട്ട്) ഒഴിവാക്കുന്നതിനാണ് വോട്ടര്‍പ്പട്ടിക ആധാറുമായി ബന്ധിപ്പിക്കുന്നതെന്ന് ബില്ലിന്റെ ലക്ഷ്യം സംബന്ധിച്ച പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു .

Related Articles

Back to top button