IndiaLatest

ഉത്തരേന്ത്യയില്‍ വിവാഹത്തിരക്ക്

വരനെ ആവശ്യമുണ്ടെന്ന് പള്ളികളില്‍ അനൗണ്‍സ്‌മെന്റുകള്‍

“Manju”

ചണ്ഡിഗഡ്: പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്ന് ഇരുപത്തിയൊന്നായി ഉയര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനിടെ ഉത്തരേന്ത്യയില്‍ വന്‍ വിവാഹത്തിരക്ക്.
രാജ്യത്തെ പിന്നാക്ക ജില്ലകളില്‍ ഒന്നായ നുഹില്‍ ചെറുപ്രായത്തില്‍ തന്നെ പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കുന്ന പതിവുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ നൂറില്‍പ്പരം വിവാഹങ്ങളാണ് ഈ പ്രദേശത്ത് നടന്നത്. ഇവരില്‍ എല്ലാവരും പതിനെട്ടിനും ഇരുപതിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളാണ്. തങ്ങളുടെ പെണ്‍മക്കള്‍ക്ക് അനുയോജ്യനായ വരനെ കണ്ടെത്തി നല്‍കണമെന്നുള്ള നിരവധി അപേക്ഷകള്‍ ദിവസേന ലഭിക്കാറുണ്ടെന്ന് പ്രദേശത്തെ മുസ്ളിം സാമുദായിക നേതാക്കളായ ഇമാമുകള്‍ പറയുന്നു. ഇത്തരം അപേക്ഷകള്‍ ‘ആസാനി’നിടെ വിളിച്ചുപറയാറുണ്ടെന്നും ഇവര്‍ പറഞ്ഞു.
സര്‍ക്കാരിന്റെ തീരുമാനം പുറത്തുവന്നതോടെ കോടതി വിവാഹങ്ങളും വര്‍ദ്ധിച്ചുവെന്ന് കണക്കുകള്‍ രേഖപ്പെടുത്തുന്നു. ഹരിയാനയിലെ ഗുരുഗ്രാമില്‍ ജുഡീഷ്യല്‍ മാര്യേജിലൂടെ മിശ്ര വിവാഹത്തിനായുള്ള അപേക്ഷകളിലും വന്‍ വര്‍ദ്ധനവാണുണ്ടായത്.
അതേസമയം നുഹ് ജില്ലയിലെ നിരവധി പെണ്‍കുട്ടികള്‍ വിവാഹപ്രായം ഉയര്‍ത്തണമെന്ന ആവശ്യവുമായി ക്യാമ്ബെയിന്‍ നടത്തിവരികയാണ്. ഇരുപത്തിയൊന്ന് വയസിന് താഴെയുള്ളവരുടെ വിവാഹത്തിന്റെ രജിസ്ട്രേഷന്‍ നിയമം പ്രാബല്യത്തില്‍ വരുന്നതുവരെ നിര്‍ത്തിവയ്ക്കണമെന്നാണ് ഹരിയാനയിലെ പെണ്‍കുട്ടികള്‍ ആഗ്രഹിക്കുന്നതെന്ന് പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന സുനില്‍ ജഗ്ളാന്‍ പറഞ്ഞു.
സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം പുരുഷന്മാരുടേതിന് സമാനമായി പതിനെട്ടില്‍ നിന്ന് ഇരുപത്തിയൊന്നായി ഉയര്‍ത്താനുള്ള നിര്‍ദ്ദേശത്തിന് ഡിസംബര്‍ പതിനഞ്ചിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. വനിതാ ശിശു വികസന മന്ത്രാലയം രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സിന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലായിരുന്നു നിര്‍ദ്ദേശം രൂപീകരിച്ചത്. 2020 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി പ്രഖ്യാപിച്ച്‌ ഒരു വര്‍ഷത്തിന് ശേഷമാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം പുറത്തുവന്നിരിക്കുന്നത്.

Related Articles

Back to top button