ഇപ്പോള്‍ സന്ധിവേദനയുണ്ടെന്നു ആരെങ്കിലും പറഞ്ഞാല്‍ നാട്ടുകാരെല്ലാം പറയും യൂറിക് ആസിഡ് ഉണ്ടോയെന്ന് നോക്കാന്‍.
എന്താണ് യൂറിക് ആസിഡ് (Uric Acid)?
നമ്മള് കഴിക്കുന്ന ഭക്ഷണത്തിലും, ശരീര കോശങ്ങളിലും ഉള്ള പ്രോട്ടീന്‍ (Protein) വിഘടിച്ചുണ്ടാകുന്ന പ്യുറിന്‍ (purine) എന്ന ഘടകം, ശരീരത്തില്‍ രാസപ്രക്രിയയുടെ ഫലമായി ഉണ്ടാകുന്നതാണ് യൂറിക് ആസിഡ്.
എങ്ങിനെ യൂറിക് ആസിഡ് രക്തത്തില്‍ വര്‍ധിക്കുന്നു?
യൂറിക് ആസിഡിന്റെ തോത് ശരീരത്തില്‍ ക്രമീകരിക്കുന്നത് കിഡ്നി ആണ്. ശരീരത്തില്‍ ഉണ്ടാകുന്ന യൂറിക് ആസിഡിന്റെ മൂന്നില്‍ രണ്ടു ഭാഗം (2/3) മൂത്രത്തിലൂടെയും, മൂന്നില്‍ ഒരു ഭാഗം (1/3) മലത്തിലൂടെയും പുറന്തള്ളപ്പെടുന്നു. കിഡ്നിക്കുണ്ടാകുന്ന ഏതെങ്കിലും പ്രശ്നങ്ങള്‍ കൊണ്ടും, കഴിക്കുന്ന ഭക്ഷണത്തില്‍ പ്രോട്ടീനിന്റെ അളവ് കൂടുന്നതും യൂറിക് ആസിഡ് രക്തത്തില്‍ വര്‍ധിക്കാന്‍ കാരണമാകുന്നു.
മറ്റു കാരണങ്ങള്‍
ലുക്കീമിയ, അര്‍ബുദ ചികിത്സയുടെ പ്രതിപ്രവര്‍ത്തനം എന്നിവ മൂലം ഇതു സംഭവിക്കാം. തൈറോയ്ഡിന്റെ പ്രവര്‍ത്തനം മന്ദിക്കുക, പാരാതൈറോയ്ഡ് അമിതമായി പ്രവര്‍ത്തിക്കുക, പൊണ്ണത്തടി, ഡൈയൂറിറ്റിക്സിന്റെ അമിത ഉപയോഗം, ശരീരത്തില്‍ നിന്നും അമിതമായി ജലം പുറത്തുപോവുക. കൊഴുപ്പ് രക്തത്തില്‍ അമിതമായി കൂടുക എന്നിവ കാരണങ്ങളായി പറയപ്പെടുന്നു
എന്തെല്ലാം ബുദ്ധിമുട്ടുകളാണ് യൂറിക് ആസിഡ് ശരീരത്തില്‍ വര്‍ധിച്ചാല്‍ ഉണ്ടാകുന്നത് ?
രക്തത്തില്‍ യൂറിക് ആസിഡ് കൂടുന്ന അവസ്ഥയെ ഹൈപ്പര്‍ യൂറീസെമിയ (Hyperuricemia) എന്ന് പറയുന്നു. യൂറിക് ആസിഡിന്റെ അളവ് രക്തത്തില്‍ വര്‍ധിക്കുന്നത് യൂറിക് ആസിഡ് ക്രിസ്റ്റല്‍സ് (crystals) ഉണ്ടാകുന്നു. ഇങ്ങനെ രൂപപ്പെടുന്ന ക്രിസ്റ്റലുകള്‍ സന്ധികളിലും മറ്റും അടിഞ്ഞു കൂടുന്നു.ചില സന്ധികളില്‍ ചുവന്ന നിറത്തോട് കൂടിയ തടിപ്പ്, സൂചി കുത്തുന്നത് പോലുള്ള വേദന, മരവിപ്പ് തുടങ്ങിയവ ഉണ്ടാകുന്നു.