Uncategorized

ഓട്ടോമാറ്റിക് സിഗ്‌നല്‍ സംവിധാനവുമായി റെയില്‍വേ

“Manju”

തൃശ്ശൂര്‍: സംസ്ഥാനത്തെ റെയില്‍ റൂട്ടുകളില്‍ ഏറ്റവും കൂടുതല്‍ ട്രാഫിക് ഉള്ള എറണാകുളം -ഷൊര്‍ണൂര്‍ പാതയില്‍ ഓട്ടോമാറ്റിക് സിഗ്‌നല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ തയ്യാറെടുത്ത് റെയില്‍വേ. ട്രാക്ക് അതിന്റെ 180 ശതമാനത്തോളം ശേഷി ഉപയോഗിക്കുന്ന റൂട്ടാണിത്. ഓട്ടോമാറ്റിക് സിഗ്‌നല്‍ വരുന്നതോടെ കൂടുതല്‍ തീവണ്ടികള്‍ സമയം പാലിച്ചു തന്നെ ഓടിക്കാനാവുമെന്നതാണ് പ്രത്യേകത.

തത്ത്വത്തില്‍ ഇതിന് അംഗീകാരം കിട്ടിയെങ്കിലും അടുത്ത ബജറ്റില്‍ പണം വകയിരുത്തേണ്ടതുണ്ട്. ചെന്നൈ, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ ഈ സിഗ്‌നലിങ് സംവിധാനം ഉള്ളതിനാലാണ് ഒരു തീവണ്ടി പോയി അധികം വൈകാതെ തന്നെ അതേ പാതയില്‍ അതേ റൂട്ടില്‍ അടുത്ത തീവണ്ടിക്ക് പോവാന്‍ കഴിയുന്നത്. ഇപ്പോഴത്തെ സിഗ്‌നലിങ് സംവിധാനം ‘അബ്‌സൊല്യൂട്ട് ബ്ലോക്ക് സിസ്റ്റം’ എന്നാണറിയപ്പെടുന്നത്. ഉദാഹരണത്തിന് തൃശ്ശൂരില്‍ നിന്ന് ഒരു തീവണ്ടി വിട്ടാല്‍ അത് അടുത്ത സ്റ്റേഷനായ പൂങ്കുന്നത്ത് എത്തിയാല്‍ മാത്രമേ തൃശ്ശൂരില്‍ നിന്ന് അടുത്ത വണ്ടി വിടാന്‍ കഴിയൂ. എന്നാല്‍, ഓട്ടോമാറ്റിക് സിഗ്‌നല്‍ സംവിധാനത്തില്‍ ഓരോ കിലോമീറ്റര്‍ ദൂരത്തിലും സിഗ്‌നലുണ്ടാവും. രണ്ടു സിഗ്‌നലുകള്‍ ഒരു വണ്ടി പിന്നിട്ടു കഴിഞ്ഞാല്‍ (അതായത് രണ്ട് കിലോമീറ്റര്‍) പിന്നാലെ അടുത്ത വണ്ടി വിടാന്‍ കഴിയും.

കോട്ടയം റൂട്ടിലെ ചിങ്ങവനം – ഏറ്റുമാനൂര്‍ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ണ്ണമായി കഴിഞ്ഞാല്‍ അതിന്റെ പ്രയോജനം പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തണമെങ്കില്‍ എറണാകുളം – ഷൊര്‍ണൂര്‍ റൂട്ടിലെ തിരക്ക് കുറച്ചേ മതിയാവൂ. ഈ റൂട്ടില്‍ നിലവിലെ പാതയ്ക്ക് സമാന്തരമായി മൂന്നാം പാതയാണ് ആദ്യ പരിഗണനയില്‍ ഉണ്ടായിരുന്നത്. അതിനും റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്. പ്രാഥമിക സര്‍വേയും നടത്തിയിട്ടുണ്ട്. എന്നാല്‍, മൂന്നാംപാത സാധ്യമാക്കുന്നതിന് ഏറെ താമസം ഉണ്ടായേക്കുമെന്ന കണക്കുകൂട്ടലാണ് ഓട്ടോമാറ്റിക് സിഗ്‌നല്‍ സജീവ പരിഗണനയിലേക്കു വന്നത്.

ഷൊര്‍ണൂര്‍-എറണാകുളം റൂട്ടില്‍ ശരാശരി 111 തീവണ്ടികളാണ് ഓടുന്നത്. രണ്ടു ട്രാക്കിലും കൂടി ഓടുന്ന പ്രതിദിന തീവണ്ടികള്‍ 76 ആണ്. ആഴ്ചയില്‍ ഓടുന്ന വണ്ടികളെ ദിവസ ശരാശരിക്കു പരിഗണിക്കുമ്പോള്‍ അവയുടെ എണ്ണം 20 ആണ്. അങ്ങനെ പ്രതിദിന യാത്രാവണ്ടികള്‍ 96 ആവും. ദിവസം ഈ റൂട്ടില്‍ ഓടുന്ന ശരാശരി ചരക്കുതീവണ്ടികളുടെ എണ്ണം 15-ഉം. എല്ലാംകൂടി ചേരുമ്പോഴാണ് പ്രതിദിനം 111 തീവണ്ടികള്‍ എന്ന കണക്കില്‍ എത്തുന്നത്.

Related Articles

Back to top button