India

ആഡംബര കപ്പലിലെ യാത്രക്കാർക്ക് കൊറോണ; പുറത്തിറങ്ങുന്നത് തടഞ്ഞ് ഗോവ

“Manju”

പനാജി: ആഡംബര കപ്പലായ കോർഡലിയയിലെ 66 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 2000 ത്തോളം സാമ്പിളുകളാണ് പരിശോധിച്ചത്. ഗോവ ആരോഗ്യമന്ത്രി വിശ്വജീത് റാണെ ആണ് ഇക്കാര്യം അറിയിച്ചത്. യാത്രക്കാരെ പുറത്തിറക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും അധികൃതർ സ്ഥിതി വിലയിരുത്തി ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

ഗോവയിൽ നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. പൂനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ ജനിതക പരിശോധനയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾ ഗോവയിൽ തന്നെ താമസിച്ചിരുന്ന ആളാണ്. ഇയാൾ അടുത്തിടെ ഗോവ വിട്ടു പോയിട്ടില്ലെന്നും എങ്ങനെ രോഗബാധയുണ്ടായി എന്ന് പരിശോധിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

1471 യാത്രക്കാരും 595 ക്രൂ അംഗങ്ങളുമായിരുന്നു കപ്പലിൽ ഉളളത്. പുതുവർഷം ആഘോഷിക്കാനുൾപ്പെടെ എത്തിയവരായിരുന്നു ഇവരിൽ അധികവും. മോർമുഗോ തുറമുഖത്തിന് സമീപമാണ് കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്. പിപിഇ കിറ്റ് ധരിച്ച് പ്രത്യേക മെഡിക്കൽ സംഘം കപ്പലിനുളളിൽ കയറിയാണ് പരിശോധനയ്‌ക്കായി യാത്രക്കാരുടെയും ജീവനക്കാരുടെയും സ്രവം ശേഖരിച്ചത്.

ഒമിക്രോൺ ഭീതിയുടെ പശ്ചാത്തലത്തിൽ ഇവരുടെ കൊറോണ പരിശോധന ഫലം കൂടുതൽ ആശങ്ക ഉയർത്തുന്നതാണ്. നിലവിൽ നാനൂറോളമാണ് ഗോവയിലെ പ്രതിദിന കൊറോണ ബാധിതരുടെ എണ്ണം.

Related Articles

Back to top button