KeralaLatest

പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം

“Manju”

കോഴിക്കോട്: പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതില്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് വനം വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന നന്മണ്ട – അകലാപ്പുഴ തോട് നവീകരണത്തിന്റെ ഭാഗമായുള്ള ഡ്രോണ്‍ സര്‍വ്വേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോള്‍ ജനസംഖ്യയുടെ മൂന്നിലൊന്ന് വാഹനങ്ങളാണ് സംസ്ഥാനത്തുള്ളത്. ദിവസവും വാഹനങ്ങള്‍ പെരുകുന്നു. ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ച്‌ വാഹനമോടിക്കുമ്പോഴുണ്ടാകുന്ന കാര്‍ബണ്‍ ബഹിര്‍ഗമനം പരമാവധി കുറക്കാന്‍ ബദല്‍ ഗതാഗത സംവിധാനങ്ങള്‍ ഒരുക്കണം. സോളാര്‍, കാറ്റാടി, ജലവൈദ്യുത പദ്ധതികള്‍ വഴിയുള്ള ഊര്‍ജ്ജം പ്രയോജനപ്പെടുത്താവുന്ന വിധത്തില്‍ വാഹനങ്ങള്‍ രൂപകല്‍പന ചെയ്യണമെന്നും അന്തരീക്ഷ മലിനീകരണം ഫലപ്രദമായി തടയുന്നതിന് വനവല്‍കരണം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

നന്മണ്ട, കാക്കൂര്‍, ചേളന്നൂര്‍, തലക്കുളത്തൂര്‍ പഞ്ചായത്തുകളിലൂടെ ഒഴുകി അകലാപുഴയില്‍ പതിക്കുന്ന തോട് ഭിത്തികെട്ടി സംരക്ഷിക്കുന്നതിനും കൃഷി ആവശ്യത്തിന് വെള്ളമെത്തിക്കുന്നതിനുമായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രാരംഭ പ്രവര്‍ത്തനമായി ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിശദ പഠനത്തിനായി ഡ്രോണ്‍ സര്‍വ്വേ നടക്കുന്നത്. നന്മണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പരിസരത്ത് നടന്ന ഉദ്ഘാടന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി.സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിഹാന രാരപ്പന്‍ കണ്ടി, കാക്കൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷ മണങ്ങാട് , ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹരിദാസന്‍ ഈച്ചരോത്ത്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുജ അശോകന്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. സര്‍ജാസ്, നന്മണ്ട ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജു, കുണ്ടൂര്‍, ബ്ലോക്ക് മെമ്പര്‍മാരായ കെ.മോഹനന്‍ , ടി.എം. രാമചന്ദ്രന്‍ , കവിത വടക്കേടത്ത്, ഐ.പി. ഗീത ആയിഷ ബീവി ഷീന ചെറുവോത്ത്, എന്‍. ഫാസില്‍ , ജ്യോത്സന എസ്.വി നന്മണ്ട ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഇ.കെ.രാജീവന്‍ ഹൗസിംഗ് ഓഫീസര്‍ കെ.കെ ആനന്ദ് എന്നിവര്‍ സംസാരിച്ചു. ബിഡിഒ കെ.രജിത സ്വാഗതവും ജോയിന്റ് ബി.ഡി.ഒ പ്രദീപ് കുമാര്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button