ഇസ്ലാമാബാദ് : തിരുവനന്തപുരത്തിന്റെ സ്വകാര്യ അഹങ്കാരമാണ് തലസ്ഥാനത്തെ എം പിയായ ശശി തരൂര്‍. ഇംഗ്ലീഷ് ഭാഷയിലെ ആര്‍ക്കും പിടികൊടുക്കാത്ത വാക്കുകള്‍ വരെ നാവിലിട്ട് അമ്മാനമാടുന്ന അദ്ദേഹത്തിന്റെ കഴിവ് പലകുറി വൈറലായതാണ്. ‘സെസ്ക്വിപെഡാലിയന്‍’, ‘പെര്സ്പെസിസിറ്റി’ തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ചതിലൂടെ തരൂറിയന് ഇംഗ്ലീഷ് എന്ന വിശേഷണം തന്നെ ഭാഷാ വിദഗ്ദ്ധര്‍ക്കിടയില്‍ ഉണ്ടായി. ഇപ്പോഴിതാ തരൂറിയന് ഇംഗ്ലീഷ് വീണ്ടും അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. എന്നാല്‍ ഇക്കുറി തരൂരിനെ ചര്‍ച്ചാ വിഷയമാക്കിയത് പാകിസ്ഥാന് കാരനായ കൊമേഡിയനാണ്. പാകിസ്ഥാനിയായ അക്ബര്‍ ചൗധരിയെന്ന ഹാസ്യനടന് എങ്ങനെ തരൂരിനെ പോലെ ഇംഗ്ലീഷ് സംസാരിക്കാമെന്ന വീഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്. മൂന്ന് രീതികളാണ് വീഡിയോയില്‍ അദ്ദേഹം കാണിച്ചിരിക്കുന്നത്.
ഇംഗ്ലീഷ് ഡിക്ഷണറി മിക്സിയിലിട്ട് അടിച്ചെടുത്ത് ഷേക്കാക്കി കലക്കി കുടിക്കുകയാണ് ആദ്യത്തെ രീതി, ഇനി അതിലും വലിയ ഫലം വേണമെങ്കില്‍ ഡിക്ഷണറിയില്‍ നിന്നും ശരീരത്തിലേക്ക് ഡ്രിപ്പിട്ട് നോക്കാവുന്നതാണ്. മൂന്നാമത്തെ രീതി കുറച്ചുകൂടി കടുത്തതാണ്, ഇംഗ്ലീഷ് ഡിക്ഷണറി മിക്സിയിലിട്ട് പൊടിച്ചെടുത്ത് മൂക്കില്‍ വലിച്ചുകയറ്റുകയാണ്. എന്തായാലും ഇതെല്ലാം ചെയ്ത ശേഷം അക്ബര്‍ ചൗധരി തരൂരിനെയും കടത്തിവെട്ടി ഇംഗ്ലീഷ് പറയുന്നതും വീഡിയോയിലുണ്ട്. നര്‍മ്മം കലര്‍ത്തിയുള്ള ഈ വീഡിയോ തരൂര്‍ അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. മൂന്ന് ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ ഇതിനകം കണ്ടിട്ടുള്ളത്.