IndiaLatest

റഫാലിനെ സ്വീകരിച്ചവര്‍

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് ആദ്യത്തെ റഫാല്‍ യുദ്ധവിമാനം ലഭിച്ചപ്പോള്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് മെറിഗ്നാക് എയര്‍ ബേസില്‍ പൂജ നടത്തി സ്വീകരിച്ചത് ഏറെ ചര്‍ച്ച ചെയ്തിരുന്നു.
അടുത്തിടെ റഫാലുകള്‍ സ്വന്തമാക്കിയ ഗ്രീസും പൂജാവിധികളോടെയും മതപരമായ ചടങ്ങുകളോടെയുമാണ് വിമാനങ്ങളെ തങ്ങളുടെ രാജ്യത്തേക്ക് ആനയിച്ചത്. ആറ് റഫാലുകളാണ് ഗ്രീസ് ഫ്രാന്‍സില്‍ നിന്ന് വാങ്ങിയത്. വിശ്വാസത്തിന്റെ ഭാഗമായി അക്രോപോളിസ് കുന്നിന്‍ മുകളിലുള്ള പാര്‍ഥെനോണ്‍ ക്ഷേത്രത്തിന് മുകളിലൂടെ പറന്നുകൊണ്ടാണ് രാജ്യത്തേക്ക് എത്തിയത്. തനാഗ്ര എയര്‍ബേസിനു സമീപമെത്തിയപ്പോള്‍ കണ്‍ട്രോള്‍ ടവറില്‍ നിന്ന് “വീട്ടിലേക്ക് സ്വാഗതം” എന്ന സന്ദേശം മുഴങ്ങുകയും ചെയ്തു.
വിമാന കൈമാറ്റത്തിന്റെ ഭാഗമായി എയര്‍ബേസില്‍ കത്തോലിക്കാ ആചാര പ്രകാരമുള്ള ചടങ്ങുകളും നടത്തിയിരുന്നു. വിമാനങ്ങള്‍ക്ക് മുന്നില്‍ പ്രാര്‍ത്ഥന നടത്തിയ പുരോഹിതര്‍ വിശുദ്ധജലം തളിച്ച്‌ അനുഗ്രഹിക്കുകയും ചെയ്തു. വിമാനങ്ങള്‍ ഏറ്റെടുക്കുന്നതിനിടെ പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥരെയും പുരോഹിതര്‍ അനുഗ്രഹിച്ചു. ഇതിനെതിരെ രാജ്യത്തുനിന്ന് ഒരു വിമര്‍ശനവും ഉയര്‍ന്നില്ല. മാത്രമല്ല രാജ്യത്തെ ടെലിവിഷന്‍ ചാനലുകള്‍ വമ്പിച്ച പ്രാധാന്യത്താേടെ ചടങ്ങുകള്‍ കാണിക്കുകയും ചെയ്തു.

ഇന്ത്യയ്ക്ക് റഫാലുകളെ വില്‍ക്കാന്‍ സാധിച്ചതോടെ ഫ്രാന്‍സിന് നല്ല നാളുകളാണ് ഉണ്ടായിരിക്കുന്നത്. അവരുടെ ആയുധ ശേഖരത്തില്‍ ഒരു കാലത്ത് മങ്ങലേറ്റ് കിടന്നിരുന്ന റഫാലുകളെ കൊതിച്ച്‌ നിരവധി രാജ്യങ്ങളാണ് ഇപ്പോള്‍ കാത്തുകിടക്കുന്നത്. ഫ്രഞ്ച് സേന ഉപയോഗിച്ച റഫാലുകള്‍ പോലും വാങ്ങാന്‍ രാജ്യങ്ങള്‍ തയ്യാറാവുകയാണ്.
ഇന്ത്യ റഫാലുകളെ സ്വന്തമാക്കിയതിന് പിന്നാലെ ഫ്രാന്‍സിന് മികച്ച ഓര്‍ഡറുകളാണ് ലഭിക്കുന്നത്. 19 ബില്യണ്‍ ഡോളറിന്റെ ആയുധ കരാറിലാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സും ഫ്രാന്‍സും അടുത്തിടെ ഒപ്പു വച്ചത്. ഇതിലൂടെ എണ്‍പത് പുത്തന്‍ റഫാലുകളെയാണ് യു എ ഇ ഫ്രാന്‍സിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
റഫാലുകളെ യു എ ഇ വാങ്ങിയത് ഇന്ത്യയുടെ പാത പിന്തുടര്‍ന്നാണ്. റഫാലുകളുടെ സ്ഥിരതയും, കരുത്തുമാണ് ഇവിടെ യു എ ഇയെ ഇടപാടിലേക്ക് നയിച്ചത്. ദസ്സാള്‍ട്ട് ഏവിയേഷന്‍ മുന്‍പ് നിര്‍മ്മിച്ച മിറാഷ് 2000 യുദ്ധവിമാനങ്ങള്‍ യു എ ഇയുടെ ആയുധ ശേഖരത്തിലുണ്ട്. ഇന്ത്യയിലും ഈ അവസ്ഥ സമാനമായിരുന്നു. ഇന്ത്യയിലേക്കുള്ള റഫാലുകളുടെ നോണ്‍ സ്‌റ്റോപ് പറക്കലില്‍ ആകാശത്ത് വച്ച്‌ എണ്ണ നിറയ്ക്കുന്നതിനും മറ്റുമായി സഹായം നല്‍കിയതും യു എ ഇയുടെ സൈനിക വിമാന ടാങ്കറുകളായിരുന്നു. 2011 മുതല്‍ റഫാലുകളെ സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട് യു എ ഇ ഫ്രാന്‍സ് ചര്‍ച്ചകള്‍ നടക്കുകയാണ്. മറ്റൊരു ഗള്‍ഫ് രാഷ്ട്രമായ ഖത്തറും 36 റഫാലുകളെ ഫ്രാന്‍സില്‍ നിന്നും സ്വന്തമാക്കിയിരുന്നു.
യു എ ഇയുടെ ഭീമന്‍ കരാര്‍ ലഭിച്ചതോടെ ഫ്രഞ്ച് ആയുധ നിര്‍മ്മാണ കമ്ബനിക്ക് 2031 അവസാനം വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊര്‍ജം ലഭിച്ചിരിക്കുന്നത്. ഈ കരാര്‍ ഫ്രാന്‍സിലെ 7,000 തൊഴിലവസരങ്ങളെ നേരിട്ട് പിന്തുണയ്ക്കുകയും ചെയ്യും. ഇന്ത്യയുമായുള്ള ഇടപാട് അന്തിമ ഘട്ടത്തില്‍ എത്തി നില്‍ക്കേ നിലവില്‍ ഗ്രീസ്, ഈജിപ്ത്, ക്രൊയേഷ്യ എന്നീ രാജ്യങ്ങളുമായിട്ടാണ് ഫ്രാന്‍സ് റഫാലിനായി കരാര്‍ ഏര്‍പ്പെട്ടിട്ടുള്ളത്.
വിവിധ രാജ്യങ്ങള്‍ക്ക് നല്‍കിയിട്ടുള്ള വാഗ്ദ്ധാനം പാലിക്കണമെങ്കില്‍ റഫാല്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കേണ്ട അവസ്ഥയിലാണ് കമ്പനി. യു എ ഇയുടെ ഓര്‍ഡര്‍ വന്നതോടെ വിമാനകമ്പനിയുടെ ഓഹരികള്‍ 9 ശതമാനത്തിലധികം ഉയര്‍ന്നിരുന്നു.

Related Articles

Back to top button