KeralaLatest

അഞ്ജുവിന്റെ മരണത്തിൽ കോളജിന് വീഴ്ച പറ്റി: എംജി വിസി

“Manju”

 

കോട്ടയം • ബികോം വിദ്യാർഥിനി അഞ്ജു പി.ഷാജിയുടെ മരണത്തിൽ ചേർപ്പുങ്കൽ ബിവിഎം ഹോളിക്രോസ് കോളജിനു വീഴ്ച സംഭവിച്ചെന്ന് എംജി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ്. കോപ്പിയടിച്ചെന്നു കണ്ടെത്തിയിരുന്നെങ്കിൽ കുട്ടിയെ ഓഫിസിലേക്ക് കൊണ്ടുപോകണമായിരുന്നു. അഞ്ജുവിന് പരീക്ഷഹാളിൽ 32 മിനിറ്റ് നേരം അധികമായി ഇരിക്കേണ്ടി വന്നു. ഇത് മാനസിക സമ്മർദ്ദമുണ്ടാക്കി.

കോളജ് പ്രിൻസിപ്പലിനെ പരീക്ഷ ചുമതലകളിൽ നിന്നു നീക്കും. കോളജ് പരീക്ഷാ ഹാളിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വിട്ടത് തെറ്റാണ്. സർവകലാശാലയുടെ അനുമതിയില്ലാതെയാണ് സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടത്. പരീക്ഷാനടത്തിപ്പില്‍ എംജി സര്‍വകലാശാല മാറ്റം വരുത്തുമെന്നും വിസി പറഞ്ഞു. പരീക്ഷാ കേന്ദ്രമുള്ള എല്ലാ കോളജുകളിലും കൗണ്‍സലിങ് സെന്ററുകള്‍ വേണം. ഹാള്‍ ടിക്കറ്റില്‍ പൂര്‍ണമേല്‍വിലാസം രേഖപ്പെടുത്താന്‍ നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അഞ്ജുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ എംജി സർവകലാശാല നിയോഗിച്ച മൂന്നംഗ സിൻഡിക്കറ്റ് സമിതി വിസിക്ക് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. മരണത്തിൽ കോളജിനു ജാഗ്രതക്കുറവുണ്ടായെന്നായിരുന്നു റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നത്. കോപ്പിയടി കണ്ടെത്തിയെങ്കിലും വിശദീകരണം എഴുതിവാങ്ങിയില്ല. ഒരു മണിക്കൂർ ക്ലാസ് മുറിയിൽ‌ ഇരുത്തി മാനസികമായി തളർത്തി. ഡോ. എം.എസ്. മുരളി, അജി. സി. പണിക്കർ, പ്രഫ. വി.എസ്. പ്രവീൺകുമാർ എന്നിവരടങ്ങുന്ന സമിതിയുടേതാണ് റിപ്പോർട്ട്.
തങ്ങളുടെ പ്രതീക്ഷയായിരുന്നു മകളെന്നും കോളജുകാർ തകർത്തത് തങ്ങളുടെ സ്വപ്നങ്ങളെന്നും അഞ്ജുവിന്റെ പിതാവ് ഷാജി. ആരോപണങ്ങൾ ശരിവയ്ക്കുന്ന രീതിയിലാണ് സർവകലാശാലയുടെ കണ്ടെത്തൽ. പ്രിൻസിപ്പളിനെ അറസ്റ്റ് ചെയ്യണം. മകളെ അപ്പോൾ തന്നെ പ്രിൻസിപ്പളിന്റെ ഓഫിസിലേക്ക് മാറ്റിയിരുന്നങ്കിൽ ഇങ്ങനെ ഒരു നഷ്ടം സംഭവിക്കില്ലായിരുന്നു. വിളിച്ചിരുന്നങ്കിൽ, തങ്ങളെത്തി കൊണ്ടു പോകുമായിരുന്നു. കുട്ടിയെ ഹാളിലിരുത്തി മാനസികമായി തകർത്തു. നീതി കിട്ടണമെന്നും അന്വേഷണത്തിൽ തൃപ്തിയുണ്ടന്നും ഷാജി പറഞ്ഞു.

Related Articles

Back to top button