InternationalLatest

ഒമിക്രോണ്‍ ബി.എ.-2 വിനെ സൂക്ഷിക്കണമെന്ന് വിദഗ്ധര്‍

“Manju”

കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച ഒമിക്രോണ്‍ വകഭേദമാണ് ലോകമാകെ കോവിഡ് മൂന്നാം തരംഗത്തിലേക്ക് വഴിവെച്ചത്.

ബി.എ-1 വകഭേദമായി അറിയപ്പെടുന്ന ഒമിക്രോണിന്‍റെ അടുത്ത ബന്ധുവാണ് ബി.എ-2 വകഭേദം. യൂറോപ്പിലും ഏഷ്യയിലും ചിലയിടങ്ങളില്‍ ബി.എ-2 ബാധയാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
ആഗോളതലത്തില്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ 98.8 ശതമാനം കേസുകളും ഒമിക്രോണ്‍ ബി.എ-1 ആണെന്ന് വൈറസ് ട്രാക്കിങ് ഡാറ്റാബേസായ GISAID പറയുന്നു. എന്നാല്‍, ഏതാനും രാജ്യങ്ങളില്‍ ഒമിക്രോണിന്‍റെ ഉപവകഭേദമായ ബി.എ-2ഉം റിപ്പോര്‍ട്ട് ചെയ്യുന്നതായാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഇത് കൂടാതെ ഒമിക്രോണിന് മറ്റ് രണ്ട് ഉപവകഭേദങ്ങള്‍ കൂടി ലോകാരോഗ്യ സംഘടന പട്ടികപ്പെടുത്തിയിട്ടുണ്ട്. ബി.എ-1.1.529, ബി.എ-3 എന്നിവയാണ് അവ. വൈറസിന് ചെറിയ ജനിതക വകഭേദങ്ങള്‍ സംഭവിച്ചാണ് ഇവ രൂപാന്തരപ്പെട്ടത്.
വാഷിങ്ടണിലെ ഫ്രെഡ് ഹച്ചിസണ്‍ കാന്‍സര്‍ സെന്‍ററിലെ കംപ്യൂട്ടേഷണല്‍ വൈറോളജിസ്റ്റായ ട്രെവര്‍ ബെഡ്ഫോഡിന്‍റെ അഭിപ്രായത്തില്‍ ഡെന്മാര്‍ക്കിലെ കോവിഡ് കേസുകളില്‍ 82 ശതമാനവും, യു.കെയില്‍ ഒമ്ബത് ശതമാനവും, യു.എസില്‍ എട്ട് ശതമാനവും ബി.എ-2 വകഭേദമാണ്.
ഒമിക്രോണിനെക്കാള്‍ ഒന്നര ഇരട്ടിയിലേറെ വ്യാപനശേഷി കൂടുതലാണ് ബി.എ-2ന് എന്നാണ് ഡെന്മാര്‍ക്ക് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പ്രാഥമിക വിവരങ്ങള്‍ വെച്ച്‌ ഇത് സങ്കീര്‍ണമായ അസുഖാവസ്ഥക്ക് കാരണമാകുന്നില്ലെന്നും ഇവര്‍ പറയുന്നു. വാക്സിനുകളെ ഈ ഉപവകഭേദം മറികടക്കുമോയെന്നത് സംബന്ധിച്ച്‌ വിശദമായ വിവരം ലഭ്യമല്ല.
യു.കെയില്‍ വീടുകള്‍ക്കുള്ളില്‍ വെച്ചുള്ള വൈറസ് വ്യാപനത്തില്‍ ബി.എ-1നെക്കാള്‍ കൂടുതല്‍ ബി.എ-2 ആണെന്നാണ് നിഗമനം. ഒമിക്രോണ്‍ ബി.എ-1 10.3 ശതമാനം വ്യാപനശേഷി കാണിക്കുമ്ബോള്‍ ബി.എ-2ന് ഇത് 13.4 ശതമാനമാണ്.
ഒമിക്രോണ്‍ (ബി.എ-1) ബാധിച്ചവര്‍ക്ക് ബി.എ-2ല്‍ നിന്ന് രക്ഷയുണ്ടാകുമോയെന്നതാണ് നിര്‍ണായകമായ ചോദ്യമെന്ന് ഷികാഗോയിലെ നോര്‍ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിലെ പകര്‍ച്ചവ്യാധി പഠനവിദഗ്ധനായ ഡോ. ഇഗോണ്‍ ഓസര്‍ പറയുന്നു. അതേസമയം തന്നെ ഡെന്മാര്‍ക്കില്‍ ബി.എ-1 വ്യാപനം കൂടുതലുണ്ടായ മേഖലകളില്‍ തന്നെയാണ് ബി.എ-2 വകഭേദവും കൂടുതലായി കണ്ടെത്തിയതെന്ന് ആശങ്കക്കിടയാക്കുന്നുണ്ട്. എന്നാല്‍, വാക്സിനുകള്‍ക്കും ബൂസ്റ്റര്‍ ഡോസിനും ആളുകളെ മരണത്തില്‍ നിന്നും ആശുപത്രി വാസത്തില്‍ നിന്നും രക്ഷനല്‍കുന്നുണ്ടെന്നത് ആശ്വാസകരമാണെന്ന് ഇദ്ദേഹം പറയുന്നു.
നിലവില്‍ ഇന്ത്യയില്‍ ഈ ഉപവകഭേദം റിപ്പോര്‍ട്ട് ചെയ്യുകയോ ഇതിനെ കുറിച്ച്‌ മുന്നറിയിപ്പ് നല്‍കുകയോ ചെയ്തിട്ടില്ല.

Related Articles

Back to top button