KeralaLatest

പത്താം ക്ലാസ്, പ്ലസ്ടു സാക്ഷരത തുല്യതാ കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം

“Manju”

കോട്ടയം: സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താം ക്ലാസ്, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് പാസായതും 17 വയസ് പൂര്‍ത്തിയായതുമായ വ്യക്തികള്‍ക്ക് പത്താം ക്ലാസ് തുല്യതാ കോഴ്സിലേക്കും പത്താം ക്ലാസ് പാസായതും 22 വയസ് പൂര്‍ത്തിയായതുമായ വ്യക്തികള്‍ക്ക് ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സിലേക്കും അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

പത്താംക്ലാസിലേക്ക് 100 രൂപ രജിസ്ട്രേഷന്‍ ഫീസും 1750 രൂപ കോഴ്സ് ഫീസും ഹയര്‍ സെക്കന്‍ഡറിയിലേക്ക് 300 രൂപ രജിസ്ട്രേഷന്‍ ഫീസും 2200 രൂപ കോഴ്സ്ഫീസും അടയ്ക്കണം. പട്ടികജാതി, പട്ടിക വര്‍ഗ, ഭിന്നശേഷി, ട്രാന്‍സ്ജന്‍ഡര്‍ പഠിതാക്കള്‍ക്ക് കോഴ്സ് ഫീസ് സൗജന്യമാണ്. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിലെ പഠിതാക്കള്‍ക്ക് പ്രതിമാസ സ്റ്റൈഫന്റായി പത്താം ക്ലാസ് തുല്യത കോഴ്സിന് 1000 രൂപ വീതവും ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്സിന് 1250 രൂപ വീതവും ലഭിക്കും.

പട്ടികവര്‍ഗ പഠിതാക്കള്‍ പത്താം ക്ലാസ് തുല്യതാ കോഴ്സ് വിജയിച്ചാല്‍ 3000 രൂപയും ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സ് വിജയിച്ചാല്‍ 5000 രൂപയും സര്‍ക്കാര്‍ പ്രോത്സാഹനമായി നല്‍കുന്നുണ്ട്. പാഠപുസ്തക വിതരണം, പഠനക്ലാസ് എന്നിവ സാക്ഷരതാ മിഷനും പരീക്ഷ, ഫലപ്രഖ്യാപനം, സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തുന്നത് പൊതുവിദ്യാഭ്യാസ വകുപ്പുമാണ്. വിശദ വിവരത്തിന് നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന തുടര്‍വിദ്യാകേന്ദ്രങ്ങളിലോ കോട്ടയത്ത് വയസ്‌ക്കരക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷന്‍ ഓഫിസുമായോ ബന്ധപ്പെടണമെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. വി.വി. മാത്യു അറിയിച്ചു.

Related Articles

Back to top button