IndiaLatest

മാതാപിതാക്കള്‍ ചെലവിന് തരുന്നില്ല ; വിദ്യാസമ്പന്നനായ 41 കാരന്‍

“Manju”

മക്കളെ പഠിപ്പിച്ച്‌ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുക എന്നത് ഏതൊരു മാതാപിതാക്കളുടെയും ആഗ്രഹമാണ് കടമയാണ്.
ഫയസ് സിദ്ദിഖി എന്ന 41 കാരനേയാണ് മാതാപിതാക്കള്‍ പഠിപ്പിച്ച്‌ ബിരുദധാരിയാക്കിയത്. അതിനുശേഷം നഗരത്തിലെ ഒരു പ്രധാന നിയമസ്ഥാപനത്തില്‍ പരിശീലനം നേടുകയും ചെയ്തു. എന്നിട്ടും മാതാപിതാക്കള്‍ തനിക്ക് ചെലവിനു കാശുതരുന്നില്ലെന്ന് പറഞ്ഞാണ് ഇയാള്‍ കോടതിയെ സമീപിച്ചത്. വര്‍ഷങ്ങളായി മാതാപിതാക്കളാണ് ഇയാള്‍ക്ക് അടിച്ചുപോളിച്ചു ജീവിക്കാനു പണം നല്‍കിയിരുന്നത്. മാത്രമല്ല, ഹൈഡ് പാര്‍ക്കിനടുത്തുള്ള 1 മില്യണ്‍ പൗണ്ട് വിലവരുന്ന ഇവരുടെ സ്വന്തം ഫ്ളാറ്റില്‍ വാടക നല്‍കാതെ താമസിക്കാനും അവര്‍ മകനെ അനുവദിച്ചിരുന്നു.
എന്നാല്‍, ചില തര്‍ക്കങ്ങളെ തുടര്‍ന്ന് ഇപ്പോള്‍ ദുബായിലുള്ള മാതാപിതാക്കള്‍ അവര്‍ നല്‍കിയിരുന്ന സഹായം നിര്‍ത്തലാക്കുകയായിരുന്നു. ബ്രിട്ടനിലെ തന്നെ ഏറ്റവും മുതിര്‍ന്ന മനുഷ്യാവകാശ പ്രവര്‍ത്തകരായ ചില നിയമജ്ഞരുടെ സഹായത്തോടെയാന് സിദ്ദിഖി തന്റെ മാതാപിതാക്കള്‍ക്കെതിരെ കേസ് നല്‍കിയത്. എന്നാല്‍, കോടതി നിഷ്‌കരുണം ഇയാളുടെ പരാതി തള്ളിക്കളയുകയായിരുന്നു. പ്രായപൂര്‍ത്തിയായ മക്കള്‍ക്ക് ചെലവിനു കൊടുക്കാന്‍ മാതാപിതാക്കള്‍ക്ക് ബാദ്ധ്യതയില്ലെന്നാണ് കോടതി ചൂണ്ടിക്കാണിച്ചത്.
ഓക്സ്ഫോര്‍ഡിലെ ബ്രേസെനോസ് കോളേജില്‍ നിന്നും ചരിത്രത്തില്‍ ബിരുദം നേടിയ സിദ്ദിഖി പിന്നീട് ടാക്സേഷനില്‍ മാസ്റ്റര്‍ ബിരുദം എടുത്തു. മാത്രമല്ല, ഒരു സോളിസിറ്ററായി പ്രവര്‍ത്തിക്കുവാനുള്ള യോഗ്യതയും നേടിയിട്ടുണ്ട്. ഇതിനു മുന്‍പ് ഓക്സ്ഫോര്‍ഡ് യ്ഹൂണീവേഴ്സിറ്റിക്കെതിരെ തനിക്ക് ഫസ്റ്റ് ക്ലാസ്സ് ഡിഗ്രി നല്‍കിയില്ല എന്നു പറഞ്ഞ് ഇയാള്‍ കേസുകൊടുത്തിരുന്നെങ്കിലും അതും തള്ളിപ്പോവുകയായിരുന്നു.
ബിരുദമെടുത്ത ശേഷം ഇയാള്‍ ബര്‍ഗെസ്സ് സാല്‍മണ്‍, ഫീല്‍ഡ് ഫിഷര്‍ തുടങ്ങിയ പ്രമുഖ നിയമസ്ഥാപനങ്ങളില്‍ പരിശീലനം നേടിയിരുന്നു. ഏണസ്റ്റ് ആന്‍ഡ് യംഗില്‍ ഇയാള്‍ ടാക്സ് അഡ്വൈസറായി ജോലി നോക്കിയിട്ടുമുണ്ട്. എന്നാല്‍, 2011 മുതല്‍ ഇയാള്‍ തൊഴിലൊന്നുമില്ലാതെ ഇരിക്കുകയാണ്. കഴിഞ്ഞ 20 വര്‍ഷമായി മാതാപിതാക്കളുടെ ആഡംബര ഫ്ളാറ്റില്‍ വാടക നല്‍കാതെ താമസിക്കുന്ന ഇയാളുടെ ജീവിതചെലവുകള്‍ വഹിച്ചിരുന്നതും മാതാപിതാക്കളായിരുന്നു.
അടുത്തകാലത്തായി ഇയാള്‍ക്ക് കുടുംബവുമായി അത്രനല്ല ബന്ധമല്ലായിരുന്നു. അതിനനുസരിച്ച്‌ സിദ്ദിഖിക്ക് നല്‍കിയിരുന്ന സഹായങ്ങളും അവര്‍ വെട്ടിക്കുറച്ചു. കഴിഞ്ഞ 20 വര്‍ഷമായി തന്നെ സഹായിച്ച തന്റെ മാതാപിതാക്കള്‍ അവരെ ആശ്രയിക്കാതെ ജീവിക്കാനാവില്ല എന്ന നിലയില്‍ തന്നെ എത്തിച്ചു എന്നാണ് ഇയാള്‍ പറയുന്നത്. പിന്നീട് സഹായം വെട്ടിക്കുറച്ചതോടെ ജീവിക്കാന്‍ ബുദ്ധിമുട്ടായി എന്നു കാണിച്ച്‌ കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ മാതാപിതാക്കള്‍ക്കെതിരെ കേസ് നല്‍കിയത്.
എന്നാല്‍, ബ്രിട്ടനിലെ ഏറ്റവും മുതിര്‍ന്ന കുടുംബകോടതി ജഡ്ജിയായ സര്‍ ജെയിംസ് മണ്‍ബി ആ പരാതി തള്ളിക്കളയുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാള്‍ അപ്പീല്‍ കോടതിയെ സമീപിച്ചത്. ആരോഗ്യപരമായ കാരണങ്ങളാല്‍ സ്വാശ്രിത ജീവിതത്തിനു കഴിയാത്ത അവസ്ഥയില്‍ സിദ്ദിഖിക്ക് 1989 ലെ ചില്‍ഡ്രന്‍സ് ആക്‌ട് പ്രകാരം ധനസഹായം നല്‍കാന്‍ മാതാപിതാക്കള്‍ക്ക് ബാദ്ധ്യതയുണ്ടെന്നായിരുന്നു ഇയാളുടെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്.
എന്നാല്‍, മാതാപിതാക്കള്‍ ഇപ്പോഴും വിവാഹബന്ധത്തില്‍ തുടരുകയാണെങ്കില്‍ മക്കള്‍ക്ക് ചെലവിനു നല്‍കാന്‍ ആവശ്യപ്പെടാന്‍ ഈ നിയമം അനുവദിക്കുന്നില്ല. ഇത് സിദ്ദിഖിയേ പോലുള്ള നിരവധി മക്കളുടെ അവകാശ നിഷേധമാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നും അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. നിലവില്‍ പ്രതിവാരം നല്‍കുന്ന 400 പൗണ്ടില്‍ ഒരു ചില്ലിക്കാശുപോലും അധികം നല്‍കാനാവില്ലെന്ന് മാതാപിതാക്കളും കോടതിയെ അറിയിച്ചു.
എന്നാല്‍, ഇത്തരത്തിലൊരു പരാതി അനുവദിച്ചാല്‍ സമാനമായ നിരവധി പരാതികള്‍ ഒഴുകിയെത്തുമെന്നും മാതാപിതാക്കളെ ദുരുപയോഗം ചെയ്ത് ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇത് മുതലെടുക്കുമെന്നും ബാരിസ്റ്റര്‍ ജസ്റ്റിന്‍ വാര്‍ഷോ വാദിച്ചു. സാമ്ബത്തിക ആശ്രയത്വമുള്ള ഒരു ബന്ധമാണ് എന്നുകാണിച്ചുകൊണ്ടാണ് സിദ്ദിഖി പരാതി നല്‍കിയതെന്നും അത്തരമൊരു ബന്ധം തുടരാന്‍ മാതാപിതാക്കള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
ഈ വാദങ്ങള്‍ അപ്പാടെ അംഗീകരിച്ചുകൊണ്ടാണ് അപ്പീല്‍ കോടതി പരാതി തള്ളിയത്. മാതാപിതാക്കള്‍ അവരുടെ കടമകള്‍ യഥാസമയം നിര്‍വ്വഹിച്ചുവെന്നും സിദ്ദിഖിയെ പോലൊരാളെ സാമ്ബത്തിക ആശ്രയത്വമുള്ള കുട്ടിയായി കാണാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

Related Articles

Back to top button