AlappuzhaLatest

ആചാരപൂര്‍വ്വം ‘ഡാനി’ യ്ക്ക് വിട

“Manju”

ചേര്‍ത്തല :  ഡാനി അവരുടെ കുടുംബത്തിലെ ഒരംഗമായിരുന്നു. ഡാനിയെ അഴിയാത്ത സ്നേഹച്ചങ്ങലയില്‍ ആണ് അവര്‍ വളര്‍ത്തിയിരുന്നത്.  ആ സ്നേഹത്തില്‍ തന്നെ ബന്ധിച്ച്‌ അവര്‍ അവനെ യാത്രയാക്കി. ചിതയില്‍ അവന്‍ എരിഞ്ഞടങ്ങുമ്പോള്‍ രമ പൈയുടെ മാത്രമല്ല, കുടുംബാംഗങ്ങളുടെയാകെ ദുഖം അണപൊട്ടി. മാടയ്ക്കല്‍ വാടകവീടായ ചങ്ങടംകരിയില്‍ താമസിക്കുന്ന രമ പൈ–- വിനോദ് ദമ്പതികളെയും കുടുംബാംഗങ്ങളെയും വളര്‍ത്തുനായ ഡാനിയുടെ മരണം ഉറ്റവരുടെ വിയോഗം പോലെ ദുഖത്തിലാഴ്ത്തി. പുണെയില്‍ ഉദ്യോഗസ്ഥരായിരുന്ന ഇവര്‍ ഏഴ് മാസംമുമ്പാണ് ചേര്‍ത്തലയിലെത്തിയത്. ലാബ്രഡോര്‍ ഇനത്തില്‍പെട്ട ഡാനി 13 വര്‍ഷമായി ഒപ്പമുണ്ട്. വീട്ടകം തന്നെയായിരുന്നു അവന് കിടപ്പിടം.
ഒരാണ്ടോളമായി പ്രായാധിക്യത്തിന്റെ വിഷമതകള്‍ ഡാനിയെ തളര്‍ത്തി. മുഴുസമയം കിടക്കയില്‍ തന്നെ. മുറിക്കുള്ളില്‍ പ്രത്യേക കിടക്ക ഒരുക്കിയാണ് കിടത്തിയത്. കുടുംബാംഗത്തെ എന്നപോലെ അവര്‍ പരിചരിച്ചു. സസ്യഭുക്കായിരുന്ന ഡാനിക്ക് ചീരക്കറിയായിരുന്നു ഇഷ്ടവിഭവം. കഴിഞ്ഞദിവസം രാത്രിയാണ് ജീവനറ്റത്. അന്ത്യനിമിഷങ്ങളില്‍ കുടുംബാംഗങ്ങള്‍ ഭാഗവതം വായിച്ചു. വീട് നിര്‍മിക്കാന്‍ വാങ്ങിയ സ്ഥലത്താണ് ആചാരത്തോടെ ചിതയൊരുക്കിയത്. ചന്ദനവും നെയ്യും രാമച്ചവും കര്‍പ്പൂരവും പൂക്കളും ചിതയുടെ ഭാഗമായി. അയല്‍വാസികളായ സജീവനും വിനോദും ഉള്‍പ്പെടെ സഹായത്തിനെത്തി. രമയുടെയും വിനോദിന്റെയും മകന്‍ വരുണ്‍ ചിതയ്ക്ക് തീകൊളുത്തി. വ്യാഴാഴ്ച അസ്ഥി ആലുവ പുഴയില്‍ നിമഞ്ജനംചെയ്യും. 13–-ാം ദിനം തെരുവുനായകള്‍ക്ക് കുടുംബം ഭക്ഷണം വിതരണംചെയ്യുമെന്ന് രമ പൈ പറഞ്ഞു.

Related Articles

Back to top button